ക്രിസ്മസ് നക്ഷത്രങ്ങളായി 4 ചിത്രങ്ങള്‍

മലയാള സിനിമയുടെ ക്രിസ്മസ് വിപണിയില്‍ ഇത്തവണ സൂപ്പര്‍ താരങ്ങളുടെ ചലച്ചിത്ര തിളക്കമില്ല. ദുല്‍ക്കര്‍, ദിലീപ്, മഞ്ജു വാര്യര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ പ്രതീക്ഷയുണര്‍ത്തുന്ന നാല് ക്രിസ്മസ് ചിത്രങ്ങളാണ് തിയ്യറ്ററുകളില്‍ എത്തുന്നത്.

ദുല്‍ക്കര്‍ സല്‍മാന്‍ – പാര്‍വ്വതി താരജോഡികളുമായി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’ പുതുമ നിറഞ്ഞ ടൈറ്റില്‍ ഡിസൈനിലൂടെതന്നെ റിലീസിംഗിന് മുമ്പേ പ്രേക്ഷക ഹൃദയങ്ങളിലിടം നേടി. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം വീണ്ടും നായികാ നായകന്‍മാരായി ഒന്നിക്കുന്ന ദുല്‍ക്കറിന്റെയും പാര്‍വ്വതിയുടെയും താരസാന്നിദ്ധ്യം തന്നെയാണ് ചാര്‍ലിയെ ശ്രദ്ധേയമാക്കുന്നത്. യുവ തലമുറയുടെ മനസ്സറിഞ്ഞ് ഒരുക്കിയ പ്രണയ ചിത്രമെന്ന നിലയിലും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാന സംരംഭം എന്ന നിലയിലും പുതുതലമുറയുടെ പ്രതീക്ഷകള്‍ സഫലമാക്കുന്നു.

കുടുംബ പ്രേക്ഷകരുടെ പിന്തുണയിലാണ് മഞ്ജു വാര്യരും, മാസ്റ്റര്‍ സനൂപും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്ന ‘ജോ ആന്റ് ദ ബോയ്’ പ്രതീക്ഷയര്‍പ്പിക്കുന്നത്. ‘ഫിലിപ്‌സ് ആന്റ് ദ മങ്കി പെന്‍’ എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധാന കൂട്ടായ്മയിലെ റോജിന്‍ തോമസ്സാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ക്രിസ്മസ് സമ്മാനമായെത്തുന്ന മഞ്ജുവാര്യര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഭാസ്‌കര്‍ ദ റാസ്‌കലി’ല്‍ മമ്മൂക്കയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബാലതാരം സനൂപിന് അഭിനയ ജീവിതത്തില്‍ ഓര്‍മ്മിച്ചുവയ്ക്കാനുള്ള മറ്റൊരു കഥാപാത്രം കൂടിയാണ് ‘ജോ ആന്റ് ദ ബോയി’ലെ ക്രിസ് എന്ന കൊച്ചു മിടുക്കന്‍. മഞ്ജുവിന്റെയും സനൂപിന്റെയും അഭിനയ ഭാവങ്ങളിലെ കരുത്തും കൗതുകവും ഗാനരംഗങ്ങളിലെ ദൃശ്യചാരുതയും ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

മൈ ബോസിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദിലീപ്-മംമ്ത കൂട്ടുകെട്ട് ഇത്തവണ ക്രിസ്മസ് ചിരിക്കാഴ്ചയൊരുക്കാനെത്തുകയാണ് ‘ടൂ കണ്‍ട്രീസ്’ എന്ന ചിത്രത്തിലൂടെ. ഷാഫി സംവിധാനം ചെയ്ത ഈ ഹ്യൂമര്‍ ചിത്രത്തില്‍ ദിലീപിന്റെയും മംമ്തയുടെയും കിടിലന്‍ കോമഡി കോമ്പിനേഷനാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പ്രധാന സവിശേഷത. ഷാഫിയുടെ സഹോദരന്‍ റാഫി തിരക്കഥയൊരുക്കിയ ഈ ചിത്രത്തില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം കാനഡയുടെ ദൃശ്യ സൗന്ദര്യവും നിറഞ്ഞ് നില്‍ക്കുന്നു. ദിലീപി ചിത്രങ്ങള്‍ക്ക് ചിരിയുടെ പിന്‍ബലമേകുന്ന മികച്ച താരനിരയും ടൂ കണ്‍ട്രീസിലുണ്ട്.
‘അടി കപ്യാരെ കൂട്ടമണി’, പേരില്‍ തന്നെ ന്യൂജെനറേഷന്‍ യുവത്വത്തിന്റെ ആഘോഷവും ആഹ്ലാദവുമായി ഈ ചിത്രവുമുണ്ട് ഇത്തവണ മലയാള സിനിമയുടെ പ്രതീക്ഷകളില്‍. അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, ധ്യാന്‍ ശ്രീനിവാസന്‍ പുതുതലമുറ താരസംഗമത്തിനൊപ്പം മുകേഷും പ്രധാന കഥാപാത്രമായെത്തുകയാണ് ഈ ചിത്രത്തില്‍. നമിതാ പ്രമോദാണ് നര്‍മ്മ നിമിഷങ്ങള്‍ ചിരിയുണര്‍ത്തുന്ന അടി കപ്യാരെ കൂട്ടമണിയിലെ നായിക. ജോണ്‍ വര്‍ഗ്ഗീസാണ് ഈ ആഘോഷ ചിത്രത്തിന്റെ സംവിധായകന്‍. ഓണം റിലീസുകളില്‍ ഹിറ്റ് ചാര്‍ട്ടിലിടം നേടിയ പുതുതലമുറ താരങ്ങളുടെ കുഞ്ഞിരാമായണത്തിന്റെ ചുവടുപിടിച്ചാണ് അജു-നീരജ്-ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍മാരെ അണിനിരത്തി ഈ ക്രിസ്മസ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിന്തിച്ച് തലപുകയ്ക്കാതെ പൊട്ടിച്ചിരിക്കാനുള്ള കൂട്ടമണിയും കൂട്ടുകാരും വെള്ളിത്തിരയിലെത്തുമ്പോള്‍ പ്രദര്‍ശന വിജയത്തിന്റെ മണിമുഴങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

NO COMMENTS

LEAVE A REPLY