നെഹ്‌റുവിനും സോണിയയ്ക്കും കോണ്‍ഗ്രസ് ദര്‍ശന്‍ മാസികയിലൂടെ വിമര്‍ശനം.

ജവഹര്‍ലാല്‍ നെഹ്‌റുവിനും സോണിയ ഗാന്ധിയ്ക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖമാസിക ‘കോണ്‍ഗ്രസ് ദര്‍ശന്‍’.
കോണ്‍ഗ്രസിന്റെ 131 മത് സ്ഥാപിത ദിനം ആചരിക്കുന്ന ദിവസം തന്നെയാണ് പാര്‍ടി മാസിക മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയും സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ പുകഴ്ത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ് ദര്‍ശന്‍ പട്ടേലിന്റെ ചരമ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ഡിസംബര്‍ 15 ന് ആയിരുന്നു പട്ടേലിന്റെ ചരമ ദിനം. വിദേശകാര്യങ്ങളില്‍ നെഹ്‌റു പട്ടേലിന്റെ വാക്കുകള്‍ കേള്‍ക്കണമായിരുന്നു എന്നാണ് മാസികയിലെ ലേഖനത്തില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍നിന്ന് പുറത്തിറങ്ങുന്ന ഹിന്ദി പതിപ്പിലാണ് എഴുതിയതാരെന്ന് വെളിപ്പെടുത്താത്ത ലേഖനം നല്‍കിയിരിക്കുന്നത്.

പട്ടേലിന്റെ ദീര്‍ഘ ദൃഷ്ടിയെ നെഹ്‌റു അംഗീകരിച്ചിരുന്നെങ്കില്‍ മിക്ക വിദേശകാര്യ പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നെന്നും ലേഖനത്തില്‍ പറയുന്നു. ജമ്മു കാശ്മീര്‍, ചൈന, ടിബറ്റ് വിഷയങ്ങളില്‍ നെഹ്‌റുവിന്റെ തീരുമാനം ശരിയായിരുന്നില്ല. ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വാക്കുകള്‍ നെഹ്‌റു കേട്ടിരുന്നില്ല. കാശ്മീര്‍ വിഷയം രൂക്ഷമാക്കിയത് നെഹ്‌റുവാണ്. പട്ടേലിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ ഇന്ന് കാശ്മീര്‍, ചൈന, ടിബറ്റ്, നേപ്പാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. സോണിയയുടെ പിതാവ് ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും മാസികയില്‍ പറയുന്നു.

മാസികയുടെ ഉള്ളടക്കത്തില്‍ ഗേദം പ്രകടിപ്പിച്ച് മാസികയുടെ പത്രാധിപരും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് നിരുപം രംഗത്തെത്തി. മാസികയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും ലേഖനത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY