മാധ്യമ പ്രവര്‍ത്തക റുഖിയ ഹസ്സനെ വധിച്ചെന്ന് ഇസ്ലാമിക് സ്റ്റേറ്റ്.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാധ്യമ പ്രവര്‍ത്തകയെ വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത റാഖയിലെ ജനജീവിതത്തെ കുറിച്ച് എഴുതിവരികയായിരുന്ന റുഖിയ ഹസ്സന്‍ ആണ് കൊല്ലപ്പെട്ടത്.ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ചാരപ്രവര്‍ത്തി നടത്തിയെന്നാരോപിചിച്ചാണ് വധം.

സിറിയന്‍ തലസ്ഥാനമായ റാഖയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടപ്പിലാക്കുന്ന ഭരണത്തിന്റെ യഥാര്‍ത്ഥ രൂപം സമൂഹത്തിന് മുന്നില്‍ എത്തിച്ചത് റുഖിയ ഹസ്സന്‍ എന്ന സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. ഒപ്പം റാഖയില്‍ റഷ്യയും അമേരിക്കയുമടക്കമുള്ള രാഷ്ട്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടത്തുന്ന വ്യോമാക്രമണത്തിന്റ യഥാര്‍ത്ഥ ചിത്രം ലോകമറിഞ്ഞത് നിസ്സാന്‍ ഇബ്രാഹിം എന്ന പേരിലുള്ള റുഖിയ ഹസ്സന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്. റാഖയില്‍ ഇന്റര്‍നെറ്റ് വൈഫൈ കണക്ഷന്‍ നിരോധിക്കാനുള്ള ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നടപടിയെ റുഖിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായി എതിര്‍ത്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് വധിക്കുന്ന ആദ്യ വനിത സിറ്റിസണ്‍ ജേര്‍ണലിസ്റ്റാണ് റുഖിയ. റുഖിയ ഹസ്സന്‍ അടക്കം 5 മാധ്യമ പ്രവര്‍ത്തകരെ ഇസ്ലാമിക് സ്റ്റേറ്റ് 2015 ഒക്ടോബര്‍ മുതല്‍ ഇതുവരെ വധിച്ചതായി സിറിയന്‍ ജേര്‍ണലിസം ഓര്‍ഗനൈലേഷന്‍ ‘സിറിയന്‍ ഡിറക്ട്’ പറയുന്നു.

2015 ജൂലൈ 21 മുതല്‍ റുഖിയയുടെ പോസ്റ്റുകള്‍ ലോകത്തിന് ലഭിച്ചില്ല. റാഖയില്‍വെച്ച് അജ്ഞാതന്‍ റുഖിയയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ചാരപ്രവര്‍ത്തി നടത്തിയ മകളെ കൊല്ലുന്നതായി മൂന്നു ദിവസം മുമ്പ് റുഖിയയുടെ കുടുംബത്തെ ഇസ്സാമിക് സ്റ്റേറ്റ് തന്നെയാണ് വിവരം അറിയിച്ചതെന്ന് അറബ് വാര്‍ത്താമാധ്യമം അല്‍-ആന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

NO COMMENTS

LEAVE A REPLY