വിജയത്തിന്റെ കൂട്ടമണിയടിയുമായി ക്രിസ്മസ് ചിത്രങ്ങള്‍.

മലയാള സിനിമയുടെ ക്രിസ്മസ് സമ്മാനം ഗംഭീരമായി.ആഘോഷങ്ങള്‍ക്ക് നക്ഷത്രശോഭ നല്‍കാനെത്തിയ ചിത്രങ്ങളൊന്നും മോശമായില്ല. നടന്‍ ദിലീപിന്റെ അഭിനയ ജീവിതത്തില്‍ ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റിന്റെ ആരവങ്ങള്‍ സമ്മാനിക്കുകയാണ് ഷാഫി സംവിധാനം ചെയ്ത ‘ടൂ കണ്‍ട്രീസ്’. ക്രിസ്മസ് ചിത്രങ്ങളുടെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍ നിരയിലാണ് റിലീസിങ്ങിന്റെ ആദ്യ വാരം തന്നെ ‘ടൂ കണ്‍ട്രീസ്’. റാഫിയുടെ തിരക്കഥയിലൊരുങ്ങിയ ഈ ചിരിച്ചിത്രം പുതുവര്‍ഷത്തുടക്കത്തില്‍ തന്നെ പ്രൊഡ്യൂസര്‍ക്ക് ലാഭമുണ്ടാക്കുമെന്നാണ് തിയ്യറ്റര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ നല്‍കുന്ന സൂചന. കേരളത്തിലും കാനഡയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ടൂ കണ്‍ട്രീസിന് 10 കോടി രൂപയോളം ചിത്രീകരണ ചെലവുള്ളതായി സിനിമാവൃത്തങ്ങള്‍ പറയുന്നു.
ദുല്‍ക്കര്‍ സല്‍മാന്‍- പാര്‍വ്വതി താരജോഡിയുമായെത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ‘ചാര്‍ളി’യും കളക്ഷനിലും പ്രേക്ഷക പിന്തുണയിലും മുന്നിലാണ്. പുതുമയുള്ള കഥയും അവതരണ ശൈലിയും മറക്കാനാവാത്ത ക്യാമറക്കാഴ്ചകളുമാണ് താരങ്ങളുടെ അഭിനയ മികവിനൊപ്പം ‘ചാര്‍ളി’യെ മികച്ച ചിത്രങ്ങളുടെ നിരയിലെത്തിക്കുന്നത്.
മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപും പ്രധാന കഥാപാത്രങ്ങളായെത്തിയ ക്രിസ്മസ് ചിത്രം ജോ ആന്റ് ദ ബോയ്ക്കും കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടേയും പിന്തുണയുണ്ട്. കുടുംബസദസ്സുകളുടെ പിന്‍ബലത്തോടെ മികച്ച കളക്ഷനും സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഈ ഫാമിലി ട്രെന്‍ഡ് ചിത്രമൊരുക്കിയ അണിയറ ശില്‍പികളുടെ പ്രതീക്ഷ.
ഓണം റിലീസുകളില്‍ ‘കുഞ്ഞിരാമായണം’ സൃഷ്ടിച്ച വിജയതരംഗത്തിന്റെ തനിയാവര്‍ത്തനമാണ് ന്യൂജെനറേഷന്‍ താരങ്ങളുടെയും കഥയുടെയും കൗതുകങ്ങളായി ഇത്തവണ മലയാള സിനിമയുടെ ക്രിസ്മസ് വിപണിയില്‍ സൃഷ്ടിച്ചത്. വമ്പന്‍ മുതല്‍മുടക്കില്ലാതെ തന്നെ ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു ‘അടികപ്യാരെ കൂട്ടമണി’യിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും.
ക്രിസ്മസ് ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളെല്ലാം നല്ലതാണെന്ന പ്രേക്ഷകരുടെ അഭിപ്രായം മലയാള സിനിമയുടെ പുതുവര്‍ഷ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നക്ഷത്രത്തിളക്കം നല്‍കുകയാണ്. ഇനി ഈ പുതുവര്‍ഷത്തില്‍, സൂപ്പര്‍ താരങ്ങളുടെയും സൂപ്പര്‍ താര പദവിയ്ക്ക അര്‍ഹരായ യുവകതാരങ്ങളുടെയും ചിത്രങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here