ഡി.ജി.പി.ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്.

jacob thomas

ഡി.ജി.പി.ജേക്കബ് തോമസിനെതിരായ കേസില്‍ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. പൊതു പ്രവര്‍ത്തകന്‍ ബെബി ഫെര്‍ണാണ്ടസ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത കെ.പി.ബാലചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയില്‍ ഭൂമി കയ്യേറി എന്നതാണ് പ്രധാന ആരോപണം. ഇരുവരും കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍വാങ്ങിയ 151 ഏക്കര്‍ ഭൂമിയില്‍ ഏറിയ പങ്കും വനം ഭൂമിയായിരുന്നു എന്ന് ഹരജിയില്‍ ആരോപിക്കുന്നു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ മുങ്ങല്‍ ഉപകരണങ്ങള്‍ കരാറില്ലാതെ വാങ്ങിയത് വഴി മുപ്പത്തിയാറായിരത്തോളം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. തുറമുഖ വകുപ്പിന്റെ വലിയ തുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചതിലും അഴിമതി ആരോപണമുണ്ട്.

മുന്‍പരിചയമില്ലാത്ത സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയെ കരാര്‍ ഏല്‍പ്പിക്കുകയും ചെയ്ത പവര്‍ത്തിയ്ക്ക് അനെര്‍ട്ട് അംഗീകാരം നല്‍കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ തുകയും കൈമാറിയെന്നും ഹരജിയില്‍ പറയുന്നു.

കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടറായിരിക്കെ ഗവേഷണപഠനത്തിനായി അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഈ കാലയളവില്‍ കൊല്ലം ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി നോക്കുകയും വേതനം കൈപ്പറ്റുകയും ചെയ്തതായും ആരോപിക്കുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE