പൊങ്കല്‍ ആഘോഷമാക്കാന്‍ ജെല്ലിക്കെട്ട് തിരിച്ചെത്തുന്നു.

തമിഴകത്തിന്റെ ആവേശമായ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടിന് അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.
പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജെല്ലിക്കെട്ട് ആഘോഷിക്കുന്നത്. ജെല്ലിക്കെട്ടിലൂടെ കാളകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ആരോപിച്ച് 2014 ല്‍ സുപ്രീംകോടതി ഈ ആഘോഷം നിരോധിച്ചിരുന്നു. 2015 ലെ പൊങ്കല്‍ ജെല്ലിക്കെട്ടില്ലാതെയാണ് തമിഴ്നാട് കൊണ്ടാടിയത്. വീണ്ടും ജെല്ലിക്കെട്ട് നടത്താമെന്നറിഞ്ഞതോടെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രേമികള്‍ ആവേശത്തിലാണ്.
നിരോധനത്തെതുടര്‍ന്ന് ജെല്ലിക്കെട്ട് ആരാധകരുടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആഘോഷം തിരികെ കൊണ്ടുവരുന്നതിന് 1960 ലെ മൃഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് ആവര്‍ത്തിച്ച് ജയലളിത പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
പൊങ്കല്‍ അടുത്തിട്ടും നിയഭേദഗതി വരികയോ ജെല്ലിക്കെട്ടിന് അനുമതി നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ തമിഴ്നാട്ടിലെ വിവിധ കക്ഷി നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് കേന്ദ പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തമിഴ്നാട് നല്കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here