ലാവ്‌ലിന്‍ കേസ്: വിധിയുടെ നിലനില്‍പ് സംശയകരമെന്ന് ഹൈക്കോടതി.

  pinarayi-lavlin

  ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ. കോടതിയുടെ വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജി പരിഗണിച്ച ജസ്റ്റിസ് ഉബൈദാണ് നിര്‍ണ്ണായകമായ നിരീക്ഷണം നടത്തിയത്.

  കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയിരുന്നു. പിണറായിയെ അടക്കമുള്ളവരെ വെറുതെ വിട്ട സി.ബി.ഐ കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ ഉപഹരജി നല്‍കിയത്.

  പ്രതികളെ വിചാരണ കൂടാതെ വെറുതെ വിട്ടെന്ന ആരോപണം ശരിയെങ്കില്‍ അതു പ്രസക്തമാണെന്നും പൊതുഖജനാവിന് നഷ്ടമുണ്ടായ കേസാണിത് എന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. കേസ് ഇനി ഫെബ്രുവരി അവസാനവാരം പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഉപഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് പെട്ടന്ന് പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സി.ബിഐയുടെ വാദം.

  ലാവ്‌ലിന്‍ സര്‍ക്കാറിനും വൈദ്യുതി ബോര്‍ഡിനും വന്‍ തുക നഷ്ടം വന്ന കേസാണെന്നും വാദം വൈകുന്നത് സര്‍ക്കാറിനെ ബാധിക്കുമെന്നുമാണ് ഹര്‍ജി നേരത്തെ കേള്‍ക്കണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

  സര്‍ക്കാറിന് ഉപഹരജി നല്‍കാന്‍ നിയമമില്ലെന്ന് പിണറായിയുടെ അഭിഭാഷകനും വാദിച്ചു.       കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാറിന് ലാവ്‌ലിന്‍ ഇടപാട് വഴി നഷ്ടമുണ്ടായിട്ടില്ലെന്നും പിണറായിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എം. കെ. ദാമോദരന്‍ വാദിച്ചു.

  പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാറിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

  ⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
  Click here to download Firstnews
  SHARE