അവസാനിപ്പിക്കണം ഈ അസംബന്ധ നാടകങ്ങള്‍.

കേരളത്തിന്റെ പൊതു സമൂഹം രാഷ്ട്രീയ ചര്‍ച്ചകളുടെ ദുര്‍ഗന്ധം കൊണ്ട് മലീമസമായി നില്‍ക്കുന്നു .വൈകൃതമായ ഒരാകാംഷകൊണ്ട് മാധ്യമങ്ങളും പൊതു ജനങ്ങളും ഈ മാലിന്യ പെരുമഴയില്‍ കുളിച്ചു നില്‍ക്കുന്നതില്‍ അനല്‍പമായ സന്തോഷം കണ്ടെത്തുന്നു. കേരളം ഇന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് സോളാര്‍ ബാര്‍ കോഴ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ ഭരണ സംവിധാനമാകെ സ്വന്തം നിലനില്പിനായുള്ള അവസാനവട്ട പോരാട്ടത്തിലാണ് .

സാംസ്‌കാരിക പ്രബുദ്ധതയുടെയും ,വികസന ചിന്തകളുടെയും വിളനിലം എന്നറിയപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ ഇതാണോ അര്‍ഹിക്കുന്നത്?
സരിതയ്ക്കും, ബിജു രമേഷിനും പിന്നാലെ കുതിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വന്തം ജനതയുടെ അടിസ്ഥാന അവകാശങ്ങളെ ചവിട്ടി മെതിക്കുന്നത് ആരും ഗൗനിക്കാതെ പോകുന്നത് എന്ത് കൊണ്ടാണ് .

ഇക്കഴിഞ്ഞ റിപ്പബ്ലിക് നാളില്‍ സംസ്ഥാന സെക്രട്ടറിയെറ്റിന് മുന്‍പില്‍ സമരം നടത്താന്‍ വടക്കേ അറ്റത്തെ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കുടുംബത്തോടെ എത്തി .സര്‍ക്കാര്‍ ഉറപ്പു നല്‍കിയ ധനസഹായം നല്‍കാതെ വാഗ്ദാന ലംഘനം നടത്തിയതിന് എതിരെ ആണ് ഈ സാധു കുടുംബങ്ങള്‍ പട്ടിണി സമരം നടത്തുന്നത്. സമര നായകനായെത്തിയ വി.എസ് .അച്യുതാനന്ദന്‍ ഇന്ന് മുഖ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം അറിയിച്ചത് ചര്‍ച്ച പരാജയപ്പെട്ടു എന്നും വീണ്ടും അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും എന്നുമാണ്. ദുരിത ബാധിതരുമായി ബന്ധപ്പെട്ട ഒരു രേഖകളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്ന് സമരസമിതി നേതാക്കള്‍ ഖേദത്തോടെ പറയുന്നത് കണ്ടു.

സമര പന്തലില്‍ കാരുണ്യം കാത്തു ഇനിയും അഞ്ചു നാള്‍ കഴിയേണ്ടി വരും കേരളത്തിലെ ഏറ്റവും ദയ അര്‍ഹിക്കുന്ന ഈ മനുഷ്യ സമൂഹം. സര്‍ക്കാരിന്റെ അനാസ്ഥയും, കീടനാശിനി ലോബികളുടെ അധിനിവേശവും മൂലം ജീവിതം നഷ്ടമായ ഈ സമൂഹത്തോട് മിണ്ടാന്‍ നേരമില്ലാതെ എന്ത് ചെയ്യുകയാണ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ നാളുകളില്‍ ?

മദ്യ മുതലാളിമാരില്‍ നിന്ന് കോഴ വാങ്ങി എന്ന് എല്ലാവരും വിശ്വസിക്കുന്ന തന്റെ വിശ്വസ്തന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ പെടാപ്പാട് പെടുന്നു. താനും, തന്റെ ബന്ധുക്കളും, ഉറ്റവരും ചേര്‍ന്നുണ്ടാക്കിയ സോളാര്‍ കുരുക്കില്‍ നിന്ന് തടിയൂരാന്‍ അക്ഷീണനായി പ്രവര്‍ത്തിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നു .

സ്വന്തം കുഞ്ഞുങ്ങളുടെ ദുര്‍ഗതിയെ ഒരായുസ്സുകൊണ്ട് അനുഭവിച്ചു തീര്‍ക്കുന്നവരുടെ
വേദന, സ്വന്തം മകനെ ഒരു അഭിസാരികയുടെ അരഞ്ഞാണ ചരടില്‍ നിന്ന് അധികാര സ്ഥാനം കൊണ്ട് മോചിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഒരു പിതാവിന് മനസ്സിലാകണം എന്നില്ല. എന്നാല്‍ കേരളത്തിന്റെ നല്ല മനസാക്ഷിക്ക് ഇത് താങ്ങാവുന്നതിന് അപ്പുറമാണ് .

NO COMMENTS

LEAVE A REPLY