ഇനിയില്ല ഈ കണ്ണാടി..

ടി.എന്‍.ജി. എന്ന ടി.എന്‍. ഗോപകുമാര്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത് മലയാളത്തിലെ ആദ്യ സാറ്റ്‌ലൈറ്റ് ചാനല്‍ ഏഷ്യാനെറ്റിലെ കണ്ണാടിയിലൂടെയാണ്. ആയിരത്തോളം എപ്പിസോഡുകള്‍, രണ്ട്‌ ദശകമായി മലയാളികള്‍ കണ്ടുകൊണ്ടേ യിരിക്കുന്ന കണ്ണാടിയിലെ അവതരണവും പ്രമേയവും അദ്ദേഹത്തെ കേരളക്കരയില്‍ സുപരിചിതനാക്കി.

ടി.എന്‍.ജി. ഒരു അവതാരകന്‍ മാത്രമായിരുന്നില്ല. ഇന്ത്യന്‍ മാധ്യമ ലോകത്തിലെ തന്നെ വേറിട്ട ശബ്ദമായിരുന്നു. മാതൃഭൂമി, ന്യൂസ് ടൈം, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, സ്റ്റേറ്റ്‌സ്മാന്‍, ഇന്ത്യ ടുഡെ ഇങ്ങനെ നീളുന്നു ആ പ്രതിഭയെ ഉപയോഗപ്പെടുത്തിയ പത്രങ്ങള്‍.

20 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയവുമായി ആദ്യ മലയാള സാറ്റ്‌ലൈറ്റ് ചാനലിലേക്കെത്തിയ അദ്ദേഹം തുടര്‍ന്ന് 20 വര്‍ത്തെ ഏഷ്യാനെറ്റിന്റെ ജൈത്രയാത്രയ്‌ക്കൊപ്പം സഞ്ചരിച്ചു. അപ്പോഴേക്കും ഏഷ്യാനെറ്റ് ന്യൂസ് എന്നാല്‍ ടി.എന്‍.ജി. എന്ന് എഴുതിക്കഴിഞ്ഞിരുന്നു. ഇതുവരെ മലയാളം ന്യൂസിന്റെ ബ്രാന്‍ഡ് ടി.എന്‍.ജി. എന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബഹുമാനത്തോടെ വിളിക്കുന്ന ടി.എന്‍.ഗോപകുമാര്‍ ആയിരുന്നു.

ടി.എന്‍.ജി. ഒരു മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ല. നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും തന്റേതായ മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ കൂടിയാണ്. ശൂദ്രന്‍ എന്ന നോവല്‍, കണ്ണകി എന്ന ലേഖന സമാഹാരം, ദില്ലി, ശുചീന്ദ്രം രേഖകള്‍, വോള്‍ഗ തരംഗങ്ങള്‍ തുടങ്ങിയ ഓര്‍മ്മക്കുറിപ്പുകള്‍ എല്ലാം അദ്ദേഹത്തിന്റെ സംഭാവനയാണ്. താരാശങ്കര്‍ ബാനര്‍ജിയുടെ നോവല്‍ ജീവന്‍ മശായി എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ തിരക്കഥ രചിച്ചതും ടി.എന്‍.ജി. ആയിരുന്നു.

മലയാള മാധ്യമ ലോകത്തിന്റെ കണ്ണാടിയായിരുന്ന ടി.എന്‍.ജി വിട പറയുമ്പോള്‍ വിതുമ്പുന്നത് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമല്ല, കണ്ണാടിയിലൂടെ അദ്ദേഹം സ്വന്തമാക്കിയ കേരളക്കരയിലെ ഓരോ മനുഷ്യരുമാണ്. ആദരാഞ്ജലികളോടെ…

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE