ഈഡന്‍ഗാര്‍ഡന്‍ ആരെ തുണയ്ക്കും ?

എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാണ് ഇന്ത്യപാക് മത്സരം. അതിരില്ലാത്ത ആവേശവും പ്രവചനാതീതവുമാകുന്ന മത്സരം ക്രിക്കറ്റില്‍ കാണണമെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തന്നെ ഏറ്റുമുട്ടണം. ഓരോ നാടും നഗരവും ഏറ്റെടുക്കുകയും ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന നിമിഷങ്ങളായിരുക്കും അവസാന പന്തും എറിയും വരെ ഇരു രാജ്യങ്ങളിലും. എന്നാല്‍ തോല്‍വി അല്‍പ്പം കൈപ്പേറിയതായതുകൊണ്ട് ഒരു രാജ്യം ഉറങ്ങുകയും മറു രാജ്യം ആഘോഷിക്കുകയും ചെയ്യുന്നത് സ്വാഭാവികം.

ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡനില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോളും സംഭവിക്കാന്‍ പോകുന്നതും മറിച്ചല്ല. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ഇന്ത്യയ്ക്ക് ഇത് വെറും ആവേശം മാത്രമല്ല. ലോകകപ്പിലെ സെമി പ്രതീക്ഷ നില നിര്‍ത്തണമെങ്കില്‍ ഈ കളി ജയിച്ചേ തീരൂ…
ആദ്യകളിയില്‍ ന്യൂസിലാന്റിനോട് തോറ്റ ഇന്ത്യ തോല്‍വി ആവര്‍ത്തിച്ചാല്‍, ലോക ടി-20 ഒന്നാം റാങ്കുകാര്‍ക്ക് സെമി കാണാതെ പുറത്താകേണ്ടി വരും. എന്നാല്‍ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിങ്ങ് ഇന്ത്യന്‍ ടീമിന് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. കഴിഞ്ഞ ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്കുണ്ട്.

അതേ സമയം, ബംഗ്ലാദേശിനോട് ജയിച്ച ആത്മവിശ്വാസത്തിലെത്തുന്ന പാക് ടീമിന് പ്രതീക്ഷകളേറെയാണ്. ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ഫോം വീണ്ടെടുത്ത അഫ്രീദി ഇന്ത്യയ്ക്ക് വെല്ലുവിളി ആകുമെന്നതില്‍ സംശയമില്ല. മുമ്പ് 4 തവണ ഈഡന്‍ഗാര്‍ഡനില്‍ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസവും അവര്‍ക്ക് തുണയാകും. 1987, 1989, 2004, 2013 വര്‍ഷങ്ങളിലായിരുന്നു ഇരു ടീമുകളും ഇതേ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE