നടന്‍ ജിഷ്ണു രാഘവ് അന്തരിച്ചു.

ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവ് (35) അന്തരിച്ചു. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ആദ്യകാല നടന്‍ രാഘവന്റെ മകനാണ്. 1987 ല്‍ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ബാലനടനായി എത്തിയ ജിഷ്ണു പിന്നീട് കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നായകനടനായി അഭിനയം ആരംഭിച്ചത്.

സിനിമയില്‍ സജീവമായിരിക്കെയാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. ആദ്യം തൊണ്ടയില്‍ ബാധിച്ച അര്‍ബുദം പിന്നീട് ശ്വാസകോശത്തിലേക്കുകൂടി വ്യാപിക്കുകയായിരുന്നു. ഇതോടെ ജിഷ്ണുവിന്റെ ആരോഗ്യ നില വഷളായി. എന്നാല്‍ താന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പൂര്‍ണ്ണ വിശ്വാസത്തോടെയാണ് അദ്ദേഹം ചികിത്സയുടെ ഓരോ ഘട്ടത്തെയും നേരിട്ടത്.

മാര്‍ച്ച് 5 ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 22 ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസാമായി മോശമായ നില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 8 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തിലെ അവസാന ചിത്രം. ഇരുപത്തഞ്ചോളം ചിത്രങ്ങളിലഭിനയിച്ച ജിഷ്ണു ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളീവുഡിലുമെത്തി. ഈ ചിത്രത്തിലാണ് ജിഷ്ണു അവസാനമായി ക്യാമറയ്ക്ക മുന്നിലെത്തിയത്.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE