ജിമെയിൽ നീണാൾ വാഴട്ടെ !!

ബിന്ദിയ മുഹമ്മദ്‌

സന്ദേശങ്ങൾ കൈമാറാൻ കത്തുകൾ ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവ മൊബൈൽ ഫോണുകൾക്കും ഇൻസ്റ്റന്റ് മെസ്സേജിംഗ് സർവീസുകൾക്കും വഴി മാറി. ഈ രണ്ടു കാലഘട്ടത്തിന്റെയും ഇടയിലാണ് ഗൂഗിളിന്റെ ഇമെയിൽ സേവനമായ ജിമെയിലിന്റെ പ്രസക്തി. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇ-മെയിൽ സേവനങ്ങളിലൊന്നാണ് ജിമെയിൽ. 2004 ഏപ്രില്‍ 1 ന് തുടങ്ങിയ ജിമെയിൽ ഇന്ന് 12 ആം ജന്മദിനം ആഘോഷിക്കുകയാണ്.

അന്യ ദേശത്തുള്ള സുഹൃത്തുക്കളും ബന്ധുക്കൾക്കുമായി ആണ്ടിലൊരിക്കൽ മാത്രം സംസാരിച്ചു കൊണ്ടിരുന്നവർ ജിമെയിലിന്റെ ആഗമനത്തോടെ നിരന്തരം ബന്ധപ്പെട്ടു തുടങ്ങി. ഇമെയിലും ഒരു തരത്തിൽ കത്ത് പോലെയാണെന്നതിനാൽ കത്തുകളിലൂടെ കൈമാറിയിരുന്ന സ്നേഹവും ഊഷ്മളതയും ഒട്ടും തന്നെ ചോർന്നുപോവാതെ മനുഷ്യർ തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ജിമെയിലിനും സാധിച്ചു. ഇപ്പോഴുള്ള ഇൻസ്റ്റന്റ് മെസ്സെൻജറുകളിലൂടെ ഷോര്ട്ട് ഫോമുകൾ കുത്തി നിറച്ച് അയക്കുന്ന സന്ദേശങ്ങളേകാളും ഹൃദയ സ്പർശി ആയിരുന്നു ജിമെയിൽ സന്ദേശങ്ങൾ. നിലവിലുള്ള ഉപയോക്താക്കളുടെ ക്ഷണം മുഖേന മാത്രമേ ആദ്യകാലത്ത് ജിമെയിലിൽ പുതിയ അക്കൌണ്ട് തുറക്കാൻ പറ്റുമായിരുന്നുള്ളൂ. 2007 ഫെബ്രുവരി 7-ന്‌ ഇത് മാറ്റി ആർക്കും അക്കൌണ്ട് തുറക്കാം എന്ന രീതിയിലാക്കി.

ആദ്യകാലത്ത് ടെക്സ്റ്റ്‌ മെസ്സേജുകൾക്ക് മാത്രം സ്ഥാനമുണ്ടായിരുന്ന ജിമെയിലിൽ ഇപ്പോൾ വോയ്സ് ചാറ്റ് വീഡിയോ ചാറ്റ്, തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ട്. മലയാളം ഉൾപെടെ ഏകദേശം 74 ഓളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നു ഈ തകർപ്പൻ ഇമെയിൽ. കൂടാതെ ഡിസംബർ 16, 2005 മുതൽ മൊബൈൽ ഉപകരണങ്ങളിൽ നിന്നും ജിമെയിൽ സേവനം ഉപയോഗിക്കാൻ ‘ജിമെയിൽ മൊബൈൽ’ എന്ന സേവനം രൂപംകൊണ്ടു. കൂടാതെ 2011 ൽ ഗൂഗിൾ പ്ലസ് എന്ന സേവനവും ഗൂഗിള്‍ അവതരിപ്പിച്ചു. ജിമെയിൽ അക്കൗണ്ട്‌ ഉള്ള ആർക്കും ഗൂഗിൾ പ്ലസ്സിൽ കയറാം. ഒരു സോഷ്യൽ നെറ്റ്വർകിംഗ് സൈറ്റിലേത് പോലെ ഫോട്ടോകളും മറ്റും പോസ്റ്റ്‌ ചെയ്യാം, ചാറ്റ് ചെയ്യാം. ഒരേ സമയം പത്തുപേര്‍ക്ക് ഓണ്‍ലൈനില്‍ ഒരേസമയം വീഡിയോ ചാറ്റിങ് സാധ്യമാക്കുന്ന ഫീച്ചറായ ഹാങൗട്ട്‌സും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. എന്നിരുന്നാലും ഫെയിസ്ബുക്കുമായി തട്ടിച്ച് നോക്കിയാൽ ഗൂഗിൾ പ്ലസ്സിനു പിടിച്ചു നിൽകാൻ കഴിയില്ല. കാലം എത്രയൊക്കെ കഴിഞ്ഞാലും ഔദ്യോഗിക കാര്യങ്ങൾക്ക് ഇപ്പോഴും ജിമെയിൽ തന്നെയാണ് ഉപയോഗിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE