വനിതാ നേതാക്കളെ വെട്ടി കോൺഗ്രസ്.

ബിന്ദുകൃഷ്ണയ്ക്കും ഷാനിമോൾ ഉസ്മാനും തെരഞ്ഞെടുപ്പിൽ സീറ്റില്ല. അമ്പലപ്പുഴയിൽ ഷാനിയും കൊല്ലത്ത് ബിന്ദുവും മത്സരിക്കുമെന്നായിരുന്നു ഹൈക്കമാന്റ് അംഗീകരിച്ച ലിസ്റ്റ് വരുന്നതുവരെ കേട്ടിരുന്നത്. കേരളത്തിൽനിന്ന് നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ ഇരുവരുടേയും പേരുകൾ ഉണ്ടായിരുന്നു. എന്നാൽ നിരവധി പേരുകൾ വെട്ടിയ കൂട്ടത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കളും തഴയപ്പെടുകയായിരുന്നു.

ഇപ്പോൾ കൊല്ലത്ത് മുകേഷിനെതിരെ മത്സരിക്കുന്നത് സൂരജ് രവിയാണ്. എഴാം നിയമസഭാംഗവും കൊല്ലം ഡിസിസി അധ്യക്ഷനുമായിരുന്ന തോപ്പിൽ രവിയുടെ മകനാണ് സൂരജ്. സൂരജിന് വേണ്ടി കെ.പി.സി.സി. അധ്യക്ഷൻ വി.എം.സുധീരൻ നിലകൊണ്ടതോടെ ബിന്ദു കൃഷ്ണ പുറത്ത്. അമ്പലപ്പുഴയാകട്ടെ ജെ.ഡി.യു.വിന് വിട്ട് കൊടുക്കുകയും ചെയ്തു. എന്നാൽ കെ. കരുണാകരന്റെ മകൾ പത്മജ തൃശ്ശൂരിൽ നിന്ന് മത്സരിക്കും.

വനിതാ നേതാക്കളെ വെട്ടിയതിൽ മഹിളാ കോൺഗ്രസ് അതൃപ്തിയിലാണ്. ഇടതുപക്ഷത്തെ സ്ത്രീ പ്രാതിനിധ്യത്തിന്റെ പകുതിപോലും കോൺഗ്രസ് നൽകിയില്ലെന്നും ഇവർ പറയുന്നു. കേരള മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്ക് രക്ഷയില്ലാത്ത കോൺഗ്രസിൽ മറ്റ് വനിതാനേതാക്കളുടെ കാര്യം എന്തായിരിക്കും.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ, ആകെ വനിതാ സ്ഥാനാർത്ഥികൾ 7 പേർ.

  • മാനന്തവാടി – പി.കെ.ജയലക്ഷ്മി
  • ഷോറണൂർ – സി.സംഗീത
  • ഒറ്റപ്പാലം – ശാന്ത ജയറാം
  • ചേലക്കര – കെ.എ.തുളസി
  • തൃശ്ശൂർ – പത്മജ വേണുഗോപാൽ
  • ആലപ്പുഴ – ലാലി വിൻസന്റ്
  • റാന്നി – മറിയാമ്മ ചെറിയാൻ

തെരഞ്ഞെടുപ്പിലെ വനിതാ ‘ചാവേറു’കൾ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE