ജീൻ പോൾ സാർത്ര് , അസ്തിത്വവാദത്തിന്റെ മാസ്റ്റർമൈന്റ്.

- ജിതി രാജ്

 

ദൈവമില്ലെന്ന് പറയുന്നിടത്ത് അവസാനിക്കുന്ന നിരീശ്വരവാദമല്ല അസ്തിത്വവാദം. ദൈവം നിലനിൽക്കുന്നില്ലെന്ന് തെളിയിക്കുക മാത്രമല്ല, നിലനിൽക്കുന്നെങ്കിൽ തന്നെ അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് അസ്തിത്വവാദം ചെയ്യുന്നത്.   – ജീൻ പോൾ സാർത്ര്

അസ്തിത്വവാദം ജീവിതത്തിലുടനീളം പ്രാവർത്തികമാക്കുക, ഫ്രഞ്ച് തത്വചിന്തകനായ ജീൻ പോൾ സാർത്രിനല്ലാതെ മറ്റാർക്കും ഈ ആശയത്തെ അത്രമേൽ ആഴത്തിൽ ഏറ്റെടുക്കാനാകുമെന്ന് കരുതുന്നില്ല.

നിരീശ്വരവാദത്തിനപ്പുറം അസ്തിത്വത്തെ തന്നെ ചോദ്യമാക്കി മാറ്റി സാർത്ര്. താൻ ജീവിച്ചിരിക്കുന്നു എന്നത് മാത്രമാണ് തന്റെ നിലനിൽപ്പിന്റെ തെളിവ് അല്ലെങ്കിൽ അസ്തിത്വം. ജീവിച്ചിരിപ്പില്ലാത്ത ഒന്നും നിലനിൽക്കുന്നില്ല. ആത്മാവ്, ദൈവം, പരലോകം എല്ലാത്തിനേയും സാർത്ര് തന്റെ ചിന്തകളിലൂടെയും ജീവിതത്തിലൂടെയും എതിർത്തു.

ദൈവത്തെ കുറിച്ച് സാർത്ര് പറയുന്നു ; ” ദൈവം മരിച്ചു. അവൻ നിലനിൽക്കുന്നില്ലെന്നോ നിലനിന്നിട്ടില്ലെന്നോ കരുതേണ്ടതില്ല. അവൻ മരിച്ചു അത്രതന്നെ…’

മനുഷ്യന്റെ അസ്തിത്വം അംഗീകരിക്കുന്ന അസ്തിത്വവാദികൾ ഭാവിയെക്കുറിച്ച് മുൻകൂട്ടി അറിയാനാകും എന്ന വാദത്തെ നിരാകരിക്കുന്നു. ഇവർ അസ്തിത്വത്തിന്റെ നിസ്സാരതയെപ്പറ്റി ഊന്നിപ്പറയുകയും പ്രപഞ്ചം അർത്ഥ ശൂന്യമാണെന്ന് വാദിക്കുകയും ചെയ്യുന്നു. യുക്തിയെ ചോദ്യം ചെയ്യുന്ന ഇവർ സാന്മാർഗിക മൂല്യങ്ങളെ നിഷേധിക്കുന്നവരാണ്.

നാസ്തിക അസ്തിത്വവാദം കൈസ്തവ അസ്തിത്വവാദം എന്നിങ്ങനെ രണ്ട് തരം ചിന്തകൾ നിലനിൽക്കുന്നു. ഇതിൽ നാസ്തിക അസ്തിത്വവാദിയായിരുന്നു സാർത്ര്.
പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതിനും മനുഷ്യ സംരക്ഷണത്തിനുമായി ദൈവം എന്നൊരു ശക്തി ഇല്ലെന്ന് ഉറപ്പിച്ച് പറയുന്നു സാർത്ര്. മനുഷ്യ ജീവിതത്തിന് മുമ്പും ശേഷവും എന്തെങ്കിലും ഉണ്ടെന്ന് ഇവർ വിശ്വസിക്കുന്നില്ല. മനുഷ്യൻ ആദ്യം ജീവിക്കുന്നു പിന്നീട് എന്തെങ്കിലും ആയിത്തീരുന്നു. സ്വയം നിർവ്വചിക്കുന്നു. ഇതാണ് സാർത്ര് അടക്കമുള്ളവരുടെ കാഴ്ചപ്പാട്.

സാർത്രിന്റെ ചിന്തകളുടെ വ്യത്യസ്ഥത അദ്ദേഹത്തിന്റെ രചനകളിൽ മാത്രമല്ല. ജീവിതത്തിലുടനീളം നിഴലിക്കുന്നു. നൊബേൽ സമ്മാനം തിരസ്‌കരിച്ച ആദ്യ വ്യക്തിയാണ് സാർത്ര്. പുരസ്‌കാരങ്ങൾ തന്റെ സ്വാതന്ത്രത്തിന് വിഘാതമാകുമെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. 1945 ൽ ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ ലീജിയൺ ഓഫ് ഓണറും സാർത്ര് നിരസിച്ചു. സാർത്രിന്റെ രാഷ്ട്രീയക്കാഴ്ചപ്പാടിന്റെ ഭാഗം തന്നെയായിരുന്നു പുരസ്‌കാരങ്ങൾ നിരസിക്കുക എന്ന നിലപാട്.

sarthre-simone-de-beauvoir

ചിന്തകയും എഴുത്തുകാരിയും സ്ത്രീവാദിയുമായ സിമോൺ ദ ബൊവ്വേയുമായുള്ള ബന്ധവും സാർത്രിനെ ചിന്തകളിലെന്നപോലെ ഉന്നതിയിലെത്തിച്ചു. 1929 ൽ നോർമൽ സുപീരിയർ സ്‌കൂളിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ആ ബന്ധം മരണം വരെ തുടരുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിൽ വൈവാഹിക ബന്ധത്തിൽ ഏർപ്പെട്ടില്ലെന്നത് അവരുടെ കാഴ്ചപ്പാടുകളെ വരച്ചിടുന്നു. സമൂഹത്തിന് മുന്നിൽ സ്വന്തം ചിന്തകളെ ജീവിതം കൊണ്ട് തെളിയിച്ചവരായി അവർ.

തന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളും തന്നെ വളർത്തിയെടുത്ത അന്തരീക്ഷവും ചോദ്യം ചെയ്യുകയും അവയെല്ലാം ബൂർഷ്വാ ആയി പരിഗണിക്കുകയും ചെയ്യുന്ന സാർത്ര് അടിച്ചമർത്തുന്നതും ആത്മീയമായി തളർത്തുന്നതുമായ സമൂഹവുമായുള്ള രമ്യപ്പെടൽ, വ്യക്തിയുടെ യഥാർത്ഥമായ നിലനിൽപ്പ് എന്നീ വിഷയങ്ങളാണ് തന്റെ കൃതിയിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൃതി ‘ഉണ്മയും ഇല്ലായ്മയും’ (ബീയിങ് ആന്റ് നത്തിങ്‌നെസ്സ്) ഈ വിഷയം കൈകാര്യം ചെയ്യുന്നു.
1938ലാണ് സാർത്ര് തന്റെ ആദ്യ നോവലായ നോസിയ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് കഥാസമാഹാരമായ ദ വാൾ ആന്റ് അദർ സ്റ്റോറീസ് പുറത്തിറങ്ങി.

sartre-existensialismസാർത്രിന്റെ തത്വചിന്തയിൽ കൂടുതൽ വായിക്കപ്പെട്ടത് ‘അസ്തിത്വവാദം ഒരു മനുഷ്യത്വവാദമാണ്’ എന്ന ലേഖനമാണ്. അസ്തിത്വവാദത്തെ അതിന്റെ എതിർപ്പുകളിൽനിന്ന് പ്രതിരോധിക്കുന്നുണ്ടെങ്കിലും സാർത്ര് ചിത്രങ്ങളുടെ അപൂർണ്ണ ചിത്രമാണ് ഈ ലേഖനം നൽകുന്നത്. പിൽക്കാലത്ത് ഈ ലേഖനത്തിന്റെ പ്രസിദ്ധീകരണം തെറ്റായെന്ന് സാർത്ര് തന്നെ അഭിപ്രായപ്പെട്ടു.

രണ്ടാംലോക മഹായുദ്ധ കാലത്ത് സാർത്ര് രചിച്ച നാടകമാണ് ക്രൈം പാഷണൽ. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയെപ്പറ്റിയാണ് നാടകം ചർച്ചചെയ്യുന്നത്. ഇതര കൃതികളെ അപേക്ഷിച്ച് കേരളത്തിൽ വേണ്ട വിധം ക്രൈം പാഷണൽ ചർച്ചചെയ്യപ്പെട്ടിട്ടില്ല.

കമ്യൂണിസ്റ്റ് വിരുദ്ധ പരിഹാസം പ്രധാന വിഷയമാകുന്ന ക്രൈം പാഷണൽ നാടകം രാഷ്ട്രീയ കൊലപാതകമാണ് ഇതിവൃത്തമാക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ തിരിച്ചറിയാൻ സഹായകരമാകും ഈ കൃതി.

സാർത്രിന്റെ അതി പ്രശസ്തമായ ആത്മകഥയാണ് ‘വാക്കുകൾ’. 59ആം വയസ്സിൽ അദ്ദേഹം രചിച്ച ഈ ഗ്രന്ഥം സ്വയം വിലയിരുത്തലിന്റെ മാസ്റ്റർ പീസ് എന്നാണ് അറിയപ്പെടുന്നത്.

sartre-oldഫ്രഞ്ച് നാവികസേനയിലെ ഉദ്യോഗസ്ഥനായ ജീൻ ബാപ്റ്റിസ്റ്റ് സാർത്രിന്റെയും ആൻ മറീ ഷൈ്വറ്റ്‌സറിന്റെയും മകനായി ജൂൺ 21 ന് പാരീസിലാണ് ജീൻ പോൾ സാർത്ര് ജനിച്ചത്. 1920കളിൽ പാരീസിലെ പല ചിന്തകരും സാഹിത്യകാരും പഠിച്ച നോർമൽ സുപ്പീരിയർ സ്‌കൂളിൽ വിദ്യാഭ്യാസം. ഇവിടെ വെച്ച് പാശ്ചാത്യ തത്ത്വചിന്തയിൽ സാർത്ര് ആകൃഷ്ടനായി. സാർത്ര് വായിച്ച ഹെന്റി ബർഗസിന്റെ ‘ബോധത്തിന്റെ തത്സമയ വിവരങ്ങൾ’ എന്ന ലേഖനമാണ് അദ്ദേഹത്തെ തത്വചിന്താ ലോകത്ത് എത്തിച്ചത്. ഇമ്മാനുവേൽ കാന്റ്, ഫ്രീഡ്രീച്ച് ഹേഗൽ , മാർട്ടിൻ ഹൈഡെഗെർ എന്നിവരുടെ ചിന്തകളും സാർത്രിനെ സ്വാധീനിച്ചു. 1929ൽ തത്ത്വചിന്തയിൽ ഡോക്ട്രേറ്റ് നേടി. 1973 ആയപ്പോഴേക്കും പൂർണ്ണമായും അന്ധനായിത്തീർന്ന സാർത്ര് 1980 ഏപ്രിൽ 15ന് അന്തരിച്ചു.

NO COMMENTS

LEAVE A REPLY