മുഷിഞ്ഞ ജുബ്ബ, പാറിപ്പറന്ന തലമുടി, വിഷാദ മുഖം – ഒരു വേണു നാഗവള്ളി സ്റ്റൈൽ…!

1970- 80 കാലഘട്ടത്തിലെ യുവത്വത്തിന്റെ ബ്രാന്റ് ആയിരുന്നു വേണുനാഗവള്ളി. മുഷിഞ്ഞ ജുബ്ബ, പാറിപ്പറന്ന തലമുടി, വിഷാദ മുഖം, ഇതായിരുന്നു വേണുനാഗവള്ളിയുടെ സിനിമാ സ്റ്റൈൽ. താൻ ബോധപൂർവ്വം ചെയ്യുന്നതല്ലെങ്കിലും വേണു നാഗവള്ളിയ്ക്ക് ലഭിച്ചിരുന്ന വേഷങ്ങളെല്ലാം നിരാശാകാമുകന്റെയും തൊഴിലില്ലാതെ ജീവിതം വെറുത്ത് പോയ യുവാവിന്റെതുമായിരുന്നു. ഇത് തന്നെയായിരുന്നു ആ കാലഘട്ടത്തിലെ യുവത്വവും. ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ തൊഴിലില്ലായ്മ കാരണം ജീവിതം വെറുത്ത്് കുടുംബത്തിൽ ഒറ്റപ്പെട്ട് ഒടുവിൽ വിദേശ ജീവിതത്തിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ആ കാലത്ത്.

venu-nagavalli-3കെ.ജി.ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് വേണു നാഗവള്ളി സിനിമയിലെത്തുന്നത്. രാഹുലൻ എന്ന നിരാശാഭരിതനായ കാമുകന്റെ വേഷമാണ് ചിത്രത്തിൽ വേണുവിന്റേത്. ആകാശവാണിയിൽ ജോലി ചെയ്യവെ സുഹൃത്തായ പത്മരാജൻ വഴിയാണ് വേണു കെ.ജി.ജോർജിന്റെ ചിത്രത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ശരീര ഭാഷ നായകൻ രാഹുലന് ചേർന്നതാണെന്നതുതന്നെയാണ് കെ.ജി.ജോർജിനെ ആകർഷിച്ചതും.

venu-nagavalli-1ചിത്രത്തിലെ ശരദിന്ദു മലർ ദീപ നാളം നീട്ടി എന്ന ഗാനം എക്കാലത്തേയും മികച്ച പാട്ടുകളിലൊന്നാണ്. പിന്നീട് വേണുനാഗവള്ളിയെ തേടിയെത്തിയതെല്ലാം ഒരേ കഥാപാത്രങ്ങൾ. സ്വയം ഉൾവലിഞ്ഞ് ജീവിക്കുന്ന യുവാവ്, നിരാശാ കാമുകൻ. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ശാലിനി എന്റെ കൂട്ടുകാരി. വിദ്യാഭ്യാസം ഉണ്ടായിട്ടും വീടിനോ നാടിനോ ഉപകാരമില്ലാതെ വായനശാലകളിൽ അഭയം തേടുന്ന യുവാവ് ഓടുവിൽ നിരാശയുടെ ഭാണ്ഡവും പേറി ആത്മഹത്യ ചെയ്യുന്നു. ഇതായിരുന്നു ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ വേണു നാഗവള്ളി കഥാപാത്രം.

ചില്ല്, ഒരു കുടക്കീഴിൽ, ദേവദാസ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം കാമുകനായിരുന്നു. അങ്ങനെ വിഷാദ കാമുക പരിവേഷം അണിഞ്ഞ് നാഗവള്ളി കഥാപാത്രങ്ങൾ മലയാളികൾക്കിടയിൽ നിറഞ്ഞ് നിന്നു.

എന്നാൽ നടനെന്നതിലപ്പുറം സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. സുഖമോ ദേവി എന്ന ശങ്കർ മോഹൻലാൽ ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ചിത്രത്തിലെ നായകൻ ശങ്കറിന് തന്റെ തന്നെ ഛായയുണ്ടെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

venu-nagavalliപിന്നീട് സർവ്വകലാശാല, അയിത്തം, സ്വാഗതം, ലാൽസലാം ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, കളിപ്പാട്ടം, ആയിരപ്പറ, അഗ്നി ദേവൻ, രക്തസാക്ഷികൾ സിന്ദാബാദ് എന്നീ ചിത്രങ്ങളും വേണു നാഗവള്ളി സംവിധാനം ചെയ്തു. ഭാര്യ സ്വന്തം സുഹൃത്ത് ആണ് അവസാന ചിത്രം. ഏയ് ഓട്ടോ, കിലുക്കം പോലുള്ള മുഴുനീള ഹാസ്യ ചിത്രങ്ങളുടെ തിരക്കഥ രചിച്ചതും വേണുനാഗവള്ളി ആണെന്നുള്ളത് അദ്ദേഹത്തിലെ പ്രതിഭയെ വ്യക്തമാക്കുന്നു. വിഷ്ണു, അർഥം, എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും അദ്ദേഹം തിരക്കഥ രചിച്ചു. സർവ്വകലാശാല എന്ന സ്വന്തം ചിത്രത്തിൽ സ്വയ വിമർശനം നടത്തുക കൂടി ചെയ്യുന്നു വേണു നാഗവള്ളി.

ഇന്ന് പ്രിയ നടന്റെ ജൻമദിനം. ഏപ്രിൽ 16ന് നാഗവള്ളി ആർ.എസ്. കുറുപ്പിന്റേയും രാജമ്മയുടേയും മകനായി ജനിച്ച അദ്ദേഹം 2010 സെപ്തംബർ 9 ന് അന്തരിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE