ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം.

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ രൂക്ഷ വിമർശം.രാഷ്ട്രപതിയ്ക്കും തെറ്റ് സംഭവിക്കാമെന്നും നിയമത്തിന് മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്നും കോടതി. രാഷ്ട്രപതി ഭരണം നിയമ പരിശോധനയ്ക്ക് വിധേയമാണെന്നും കോടതി.
കഴിഞ്ഞ മാസം 27ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങൾ തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നീക്കം.

ഉത്തരാഖണ്ഡിലെ സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ഹരീഷ് റാവത്ത് നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി പരാമർശം. രാഷ്ട്രപതി ഭരണത്തെ ചോദ്യം ചെയ്യാൻ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്ന് കേന്ദ്രം വാദിച്ചിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതിയ്ക്ക് മുന്നിൽ ഒരു രാജാവും അതീതനല്ല. രാഷ്ട്രപതിയ്ക്കും തെറ്റ് സംഭവിക്കാം. എല്ലാം നിയമത്തിന് വിധേയമാണ്. ഇതുതന്നെയാണ് നമ്മുടെ ഭരണഘടനയുടെ പ്രത്യേകത.

രാഷ്ട്രപതി ഭരണത്തിനായുള്ള ഗവർണറുടെ ശുപാർശയിൽ എവിടെയും 35 എംഎൽഎമാർ അവിശ്വാസം രേഖപ്പെടുത്തിയത് പറഞ്ഞിട്ടില്ല. ഒമ്പത് കോൺഗ്രസ് വിമത എംഎൽഎമാരും അവിശ്വാസം ആവശ്യപ്പെട്ടതായി ഗവർണർ റിപ്പോർട്ടിലില്ല. വ്യക്തിപരമായി സർക്കാരിൽ ഗവർണർ തൃപ്തനാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിന് ആവശ്യമായ ഒരു കാര്യവും അതിലില്ലെന്നും പിന്നെങ്ങനെയാണ് 35 എംഎൽഎമാരുടെ പേരു പറഞ്ഞ് കേന്ദ്ര സർക്കാർ രംഗത്തെത്തിയതെന്നും കോടതി ചോദിച്ചു.

70 അംഗ നിയമസഭയിൽ 36 എം.എൽ.എ മാരുടെ പിന്തുണയോടെയാണ്‌ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. പ്രതിപക്ഷമായ ബിജെപിക്ക് നിയമസഭയിൽ 28 എംഎൽഎമാരുണ്ട്. ഹരീഷ് റാവത്ത് സർക്കാറിൽ നിന്ന് ഒമ്പത് എം.എൽ.എമാർ പിന്തുണ പിൻവലിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി വിജയ് ബഹുഗുണയുൾപ്പടെയുള്ള ഒമ്പത് കോൺഗ്രസ് എം.എൽ.എ മാരാണ് ഇപ്പോൾ ബി.ജെ.പിക്കൊപ്പം ചേർന്നിരിക്കുന്നത്.

ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. അതിനാൽ സ്ഥാനത്തെ തകർച്ചയിലേക്ക് നയിക്കുന്ന ഈ സർക്കാരിനെ പുറത്താക്കണം എന്നതാണ് മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെയും വിമതരുടെയും ആവശ്യം. ഇതിനിടെ 28ന് നിയമസഭയിൽ വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് കേന്ദ്രസർക്കാർ ധൃതിപിടിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE