ബോബന്റേയും മോളിയുടേയും ടോംസ്, നമ്മുടേയും

ടോംസ് എന്ന പേരുകേട്ടാൽ ആദ്യം ഓർത്തെടുക്കുന്ന മുഖം കുസൃതിക്കുടുക്കകളായ ബോബന്റേതും മോളിയുടേതുമാണ്. ഈ കഥാപാത്രങ്ങളിലൂടെയാണ് ലോകം ടോംസിനെ കണ്ടതും എതിരേറ്റതും. ആറ് പതിറ്റാണ്ടായി കേരളക്കരയെ ചിരിപ്പിച്ചുകൊണ്ട് ഈ കുസൃതികൾ ജീവിച്ചു. ഇന്നും ഇവർക്ക് അതേ പ്രായം. മരണവാർത്ത അറിയും വരെ ടോംസിനും പ്രായമായത് ലോകം ഓർത്തിരുന്നില്ല. ബോബനും മോളിക്കുമൊപ്പം ഉപ്പായി മാപ്പിളയെയും ചേട്ടത്തിയെയും അപ്പിഹിപ്പിയെയുമെല്ലാം കേരളം ആഘോഷിച്ചു.
അമർച്ചിത്രകഥകളുടെ ഹാസ്യരൂപമായ ടോംസിന്റ ബോബനും മോളിയും പുസ്തകരൂപത്തിലും എത്തി. 1971 ൽ ബോബനേയും മോളിയേയും കേന്ദ്രകഥാപാത്രമാക്കി ചലച്ചിത്രമിറങ്ങി. 2006 ൽ ഇത് ആനിമേഷൻ ചലച്ചിത്രവുമാക്കി.
ടോംസിനെ ടോംസ് ആക്കിയ, മലയാളികളെ കുടുകുടെ ചിരിപ്പിച്ച ആ കഥാപാത്രങ്ങളെ അദ്ദേഹം കണ്ടെത്തിയത് ചുറ്റുവട്ടങ്ങളിൽനിന്ന് തന്നെയാണ്. വീടിനടുത്തുള്ള രണ്ട് കുട്ടികളാണ് ബോബനും മോളിയുമായി വരയിൽ തെളിഞ്ഞത്. അപ്പിഹിപ്പിയെ കണ്ടെത്തിയത് കോട്ടയംം ആർട്സ് സൊസൈറ്റിയുടെ ഒരു കലാപരിപാടിയുടെ ഗ്രീൻ റൂമിൽനിന്ന്. വീട്ടിലെ പട്ടിയും നാട്ടിലെ പലരും അങ്ങനെ ടോമിന്റെ വരകളിലേക്കെത്തി, അവിടുന്ന് മലയാളികളുടെ മനസ്സിലേക്കും.
1929 ജൂൺ 20 ന് അത്തിക്കളം വാടയ്ക്കൽ ജോപ്പിൽ കുഞ്ഞുതൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി ജനിച്ചു. ജ്യേഷ്ഠൻ പീറ്റർ തോമസിന്റെ കാർട്ടൂണുകളോട് തോന്നിയ ആരാധനയാണ് അദ്ദേഹത്തെ കാർട്ടൂൺ ലോകത്തെത്തിച്ചത്. പത്രപ്രവർത്തകനായാണ് ടോംസിന്റെ തുടക്കം. 1952 ൽ കുടുംബദീപം, കേരള ഭൂഷണം എന്നീ പത്രങ്ങളിൽ പോക്കറ്റ് കാർട്ടൂൺ വരച്ച് തുടക്കം. പിന്നീട് ഡെക്കാൻ ഹെറാൾഡ്സിലും ശങ്കേഴ്സ് വീക്കിലിയിലും സ്വന്തമായൊരിടം. അവിടെ നിന്ന് 1955 ൽ മനോരമയിലേക്കും. 40 വർഷങ്ങൾക്ക് ശേഷം മനോരമയിൽനിന്ന് ഇറങ്ങിയ ടോംസ് പിന്നീട് കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റായിരുന്നു. പിന്നീട് സ്വന്തമായി പബ്ലിക്കേഷൻ ആരംഭിച്ചു, ടോംസ് പബ്ലിക്കേഷൻസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here