Advertisement

ഏകീകൃത മെഡിക്കൽ പ്രവേശനം നാൾവഴികൾ

April 29, 2016
Google News 1 minute Read

മെഡിക്കൽ ഡെന്റൽ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ് – National Eligibility Cum Entrance Test) നടത്താൻ സുപ്രീംകോടതി അനുമതി നൽകി കഴിഞ്ഞു. രണ്ട് ഘട്ടമായി പരീക്ഷ നടത്താൻ അനുമതി നൽകിയ സുപ്രീം കോടതി ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നീറ്റ് നിർബന്ധമാക്കണമെന്നും വിധിയിൽ പറയുന്നു. എന്നാൽ ആയുർവേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് സംസ്ഥാന എൻട്രൻസിൽ നിന്നുതന്നെയാകും പ്രവേശനം അനുവദിക്കുക.

മെഡിക്കൽ, ദന്തൽ പ്രവേശനങ്ങൾക്ക് പല പ്രവേശന പരീക്ഷകളെഴുതി, വലിയ തുക ഇതിനായി ചെലവഴിക്കുന്ന രീതിയാണ് ഇതുവരെ നിലനിന്നിരുന്നത്. സ്വകാര്യ മെഡിക്കൽ കോളേജുകൾ സ്വയം പ്രവേശന പരീക്ഷകൾ നടത്തുന്നതുവഴി കാപ്പിറ്റേഷൻ ഫീ, എൻ.ആർ.ഐ. ക്വോട്ട, എന്നിവ ഉപയോഗപ്പെടുത്തി അർഹരായവർക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്ന മുറവിളിയ്ക്ക് ഈ വിധിയോടെ അവസാനമായി.

പ്രവേശന പരീക്ഷകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാൻ പരീക്ഷയെ ഏകീകരിക്കുക എന്നതാണ് പോംവഴി എന്ന് വർഷങ്ങളായി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ സംസ്ഥാന സർക്കാറുകളും കൽപ്പിത സർവ്വകലാശാലകളുമാണ് പരീക്ഷ നടത്തിക്കൊണ്ടിരുന്നത്. ഇനി സംസ്ഥാന സർക്കാറുകൾക്കും, സ്വകാര്യ കൽപ്പിത സർവ്വകലാശാലകൾക്കും പരീക്ഷകൾ നടത്തി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനാവില്ല. മുമ്പ് ഇവർ പരീക്ഷകൾ നടത്തിയിരുന്നപ്പോൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പരിമിതമായിരുന്നു.

വേനൽക്കാലത്ത് കുട്ടികൾ എൻട്രൻസ് ചൂടിൽ കൂടി ആയിരിക്കും. ഏതെങ്കിലും ഒരു സീറ്റ് കിട്ടാൻ അവർ എഴുതേണ്ട പരീക്ഷകൾക്ക് കണക്കില്ല. സംസ്ഥാനം നടത്തുന്ന പരീക്ഷ, അതത് കോളേജുകൾ സർവ്വകലാശാലകൾ നടത്തുന്ന പരീക്ഷ, പിന്നെ ഓൾ ഇന്ത്യ പ്രവേശന പരീക്ഷ വേറെയും. എന്നാൽ ഈ തീരാത്ത പരീക്ഷകൾക്ക് അറുതി വരുത്താനും അർഹരായവർക്ക് അംഗീകാരം ലഭിക്കാനും, വർഷങ്ങളായി തുടങ്ങുകയും റദ്ദാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മെഡിക്കൽ പ്രവേശന കുരുക്കുകൾക്ക് അറുതി ആയിരിക്കുകയാണ് ഈ വിധിയോടെ.

നാൾ വഴികൾ

 

2010 ൽ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഏകീകൃത പ്രവേശന പരീക്ഷയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതിനെ തുടർന്ന് 2013 ൽ വിജ്ഞാപനം ഉപയോഗപ്പെടുത്തി ബിരുദ ബിരുദാനന്തര മേഖലയിൽ മെഡിക്കൽ കൗൺസിൽ ഏകീകൃത പ്രവേശന പരീക്ഷ നടത്തിയിരുന്നു. ഇതിനെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകളും കൽപ്പിത സർവ്വകലാശാല അധികൃതരും സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് സുപ്രീം കോടതി ഇടപെട്ട് പരീക്ഷ അസാധുവാക്കി. 2010 ൽ സുപ്രീം കോടതിയുടെ തന്നെ ഇടപെടലിനെ തുടർന്ന് തുടക്കമിട്ട ഏകീകൃത പ്രവേശന പരീക്ഷയാണ് 2013 ജൂലൈ 18 ന് സുപ്രീം കോടതി അസാധുവാക്കിയത്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം നീറ്റ് പരീക്ഷയിൽ അറുപത് ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ മെഡിക്കൽ, ദന്തൽ കോഴ്‌സുകളിൽ പ്രവേശനം നൽകാൻ പാടുള്ളു. ഇതനുസരിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകൾ നടത്തുന്ന പ്രവേശന പരീക്ഷയിൽ വിജയിച്ചാലും നീറ്റ് പരീക്ഷയിൽ ജയിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം നൽകാവൂ…

ഇതിനെതിരെയാണ് സ്വകാര്യ, കൽപ്പിത സർവ്വകലാശാല അധികൃതർ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ഹരജിയിൽ ഏകീകൃത പരീക്ഷ വേണ്ടെന്നതായിരുന്നു സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. മൂന്നംഗ ബെഞ്ചിൽ ജസ്റ്റിസ് അനിൽ ആർ. ദാവെ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും മറ്റ് രണ്ട് ജഡ്ജിമാരുടെ അഭിപ്രായം നീറ്റ് റദ്ദാക്കണമെന്നതായിരുന്നു. ന്യൂന പക്ഷ അവകാശങ്ങളെ ഇല്ലാതാക്കുന്ന നടപടികൾ പാടില്ലെന്ന് വ്യക്തമാക്കിയാണ് ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് അസാധുവാക്കിയത്.

സ്വകാര്യ മെഡിക്കൽ കോളേജുകൾക്കനുകൂലമായ വിധിയിൽ സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവേശന പരീക്ഷ നടത്താനാണ് കോടതി ആവശ്യപ്പെട്ടത്. വേണമെങ്കിൽ 100 ശതമാനവും പ്രവേശനം ന്യൂനപക്ഷങ്ങൾക്ക് നടത്താമെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ പരീക്ഷയുടെ മാനദണ്ഡമുൾപ്പെടെയുള്ള കാര്യങ്ങൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഓരേ സ്വഭാവമുള്ള മെഡിക്കൽ കോളേജുകൾക്ക് കൺസോർഷ്യം രൂപീകരിച്ച് പ്രവേശന പരീക്ഷ നടത്താം എന്ന് ജസ്റ്റിസ് അൽത്തമാസ് കബീർ അധ്യക്ഷനായ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു.

വിധിക്കെതിരെ ബെഞ്ചിലെ അംഗമായ അനിൽ ആർ. ദാവെയുടെ നിരീക്ഷണം മറ്റൊന്നായിരുന്നു. ഏകീകൃത പ്രവേശന പരീക്ഷ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് കോഴയുടേയും കാപ്പിറ്റേഷൻ ഫീയുടേയും അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതും വിദ്യാർത്ഥികൾ പ്രവേശനത്തിനായി ഒന്നിലധികം പരീക്ഷകൾ എഴുതാൻ നിർബന്ധിതരാകുന്നതും അവസാനിപ്പിക്കാൻ അത് കൂടിയേ തീരു എന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇതിനിടെ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത പരീക്ഷ നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാരും അനുമതി നൽകിയിരുന്നു. മെഡിക്കൽ കൗൺസിൽ ശുപാർശ പരിഗണിച്ച് ജെ.പി.നഢയാണ് നീറ്റ് അംഗീകരിച്ചത്. ദേശീയ തലത്തിൽ മെഡിക്കൽ പ്രവേശനത്തിന് പൊതു പരീക്ഷ നടത്താൻ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ശുപാർശ. ഒക്ടോബറിൽ നടന്ന മെഡിക്കൽ കൗൺസിൽ യോഗത്തിൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു. ശേഷം കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വിട്ടു. തുടർന്ന് 2013 ലെ വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സുപ്രീം കോടതിയെ സമീപിച്ചു.

2013 ജൂലൈ 18 ന് സുപ്രീം കോടതി പുറപ്പെടുവിപ്പിച്ച ഉത്തരവ് ഈ പുനപരിശോധനാ ഹരജി പരിഗണിക്കവെ സുപ്രീം കോടതി റദ്ദാക്കി. ഈ മാസം 11 (2016 ഏപ്രിൽ 11)നാണ് സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് വിധി റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം വീണ്ടും കോടതിയുടെ പരിഗണനയിലെത്തുന്നതും ഇന്നലെ(2016 ഏപ്രിൽ 28) ഏകീകൃത മെഡിക്കൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിക്കുന്നതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here