വിഎസ്സും 1975ലെ നിരാഹാരവും നാരങ്ങാനീരും; പിസിജോസഫിന് പറയാനുള്ളത്‌

പൂഞ്ഞാർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം താപനിലയെയും കടത്തിവെട്ടി ചൂടുപിടിച്ചിരിക്കുകയാണ്. ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ജയം ആർക്കൊപ്പം എന്നത് പ്രവചനാതീതം. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മുന്നണികൾ. മുന്നണികൾക്കതീതനായ ജനപക്ഷമുന്നണി സ്ഥാനാർഥി പിസി ജോർജ് ആവട്ടെ മണ്ഡലം കൈവിട്ടുകളയില്ലെന്ന ഉറച്ച വാശിയിലും. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണി വി.എസ്.അച്ച്യുതാനന്ദനെത്തന്നെ പൂഞ്ഞാറിന്റെ പ്രചരണകളത്തിലേക്ക് ആനയിച്ചത്.
പി.സി.ജോസഫാണ് പൂഞ്ഞാറിലെ ഇടതുസ്ഥാനാർഥി. ജീവന്മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ പിസി ജോസഫിനെ കാത്തിരിക്കുന്നത്. വി.എസിന്റെ വരവോടെ ആത്മവിശ്വാസം പതിനമടങ്ങ് വർധിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇടതുസ്ഥാനാർഥികളുടെ സ്ഥിരം പല്ലവിയായി അതിനെ കാണേണ്ടതില്ല. പണ്ടൊരിക്കൽ വിഎസ് നല്കിയ നാരങ്ങാനീരിൽ ജീവൻ പിടിച്ചുനിർത്തിയ ചരിത്രമുണ്ട് പിസി ജോസഫിന്.
1975ലാണ് സംഭവം. എരണാകുളത്തു നടന്ന കെ.എസ്.സിയുടെ സംസ്ഥാന സമ്മേളനം രാഷ്ട്രീയ എതിരാളികളുടെ ശ്രമഫലമായി അലങ്കോലപ്പെട്ടു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അന്ന് കെ.എസ്.സി സംസ്ഥാന പ്രസിഡന്റായിരുന്ന പി.സി.ജോസഫ് നിരാഹാരസമരം ആരംഭിച്ചു.അഞ്ചു ദിവസം കടന്നുപോയി. വിദ്യാർഥിനേതാവിന്റെ ആരോഗ്യനില തീർത്തും അപകടാവസ്ഥയിലായി. അഡ്വ.ഈശ്വരയ്യർ അധ്യക്ഷനായ ജനകീയ ജുഡീഷ്യൽകമ്മീഷനെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.ജോർജും ഇടത് നേതാക്കളും പ്രശ്‌നത്തിന് പരിഹാരം കണ്ടു. ആറാം ദിവസം നിരാഹാരം അവസാനിപ്പിക്കാൻ പിസിജോസഫിന് നാരങ്ങാനീര് നൽകാനെത്തിയത് സാക്ഷാൽ വി.എസ്.അച്യുതാനന്ദനായിരുന്നു. അതാണ് വി.എസ് പ്രചാരണത്തിനെത്തുമ്പോൾ പിസി ജോസഫിന് കൂടുതൽ കരുത്ത് കൈവരാൻ കാരണവും. വിഎസിനുള്ള ജനകീയത വോട്ടുകളായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് പിസി ജോസഫ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews