പോലീസ് കമ്മീഷണറാവാൻ ഗിരീഷ് ഇനിയില്ല

ഒരു ദിവസത്തേക്ക് പോലീസ് കമ്മീഷണറായി വാർത്തകളിൽ നിറഞ്ഞ 11 വയസ്സുകാരൻ ഗിരീഷ് ശർമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഡൽഹി ഐ.ഐ.എം.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ ഗുരുതര അസുഖം ബാധിച്ച ഗിരീഷിന്റെ ഏറ്റവും വലിയ ആഗ്രഹം പോലീസ് കമ്മീഷണറാവുക എന്നതായിരുന്നു. ജയ്പൂരിലെ സവായ് മാൻസിംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ വർഷം മെയ് മാസമാണ് മേക്ക് എ വിഷ് ഫൗണ്ടേഷൻ പ്രവർത്തകർ ഗിരീഷിനെ കാണാനെത്തിയത്. തനിക്ക് ഈ നഗരത്തിലെ പോലീസ് കമ്മീഷണർ ആകണമെന്നും സമൂഹത്തിലെ എല്ലാ കള്ളന്മാരെയും പിടികൂടണം എന്നുമായിരുന്നു അവരോടുള്ള ഗിരീഷിന്റെ ആവശ്യം.രോഗബാധിതരായി മരണത്തോട് മല്ലടിക്കുന്ന കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് മേക്ക് എ വിഷ് ഫൗണ്ടേഷൻ.

അങ്ങനെ ജയ്പൂർ പോലീസ് കമ്മീഷണർ ജൻഗ ശ്രീനിവാസ റാവുവിന്റെ പിന്തുണയോടെ ഗിരീഷിന്റെ ആ വലിയ ആഗ്രഹം സാധിച്ചു. ഒരു ദിവസത്തേക്ക് കുഞ്ഞുഗിരീഷ് വലിയ പോലീസ് കമ്മീഷണറായി. ഐ.പി.എസ് വേഷത്തിലെത്തി പോലീസുകാരുടെ സല്യൂട്ട് സ്വീകരിച്ച് സന്തോഷവാനായിരിക്കുന്ന ഗിരീഷിന്റെ ചിത്രം അന്ന് രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

NO COMMENTS

LEAVE A REPLY