ജിഷയുടെ മരണം രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കരുതെന്ന് ആഭ്യന്തരമന്ത്രി

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട കേസിൽ പോലീസിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും അന്വേഷണം കാര്യക്ഷമമായി തന്നെയാണ് നടക്കുന്നതെന്നും ചെന്നിത്തല.

പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് തീരുമാനത്തിലെത്തുകയുള്ളൂ. അന്വേഷണം സുതാര്യമായും ഗൗരവത്തോടെയും നടത്തുക എന്നതാണ് പോലീസ് സമീപനം. സമരങ്ങൾ നടത്തുമ്പോൾ ക്രമസമാധാനവും അന്വേഷണവും ശ്രദ്ധിക്കണം. ആയതിനാൽ അന്വേഷണം നടത്താനുള്ള അവസരം പോലീസിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിഷുടെ കൊലപാതകം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം സഹോദരിക്കുണ്ടായ ദുരന്തമായി കാണണമെന്നും ഓർമിപ്പിച്ചു. കേരള സമൂഹം ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

പുറത്തുനിന്ന് നോക്കുമ്പോൾ പോലീസ് ഒന്നും ചെയ്തില്ലെന്ന് തോന്നും അത് സ്വാഭാവികം. വിശദാംശങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പരസ്യമാക്കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. വൈകാതെ തന്നെ പ്രതിയെ പിടികൂടാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews