പെരുമ്പാവൂർ കൊലപാതകം; പ്രതി ആരെന്ന് ഇന്ന് വെളിപ്പെടുത്തുമെന്ന് പോലീസ്

ജിഷയുടെ കൊലപാതകം സംബന്ധിച്ച് ഇന്ന് വൈകുന്നേരത്തോടെ നിർണായക വെളിപ്പെടുത്തലുണ്ടാവുമെന്ന് പോലീസ്. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതി ആരെന്ന് ഇന്ന് വൈകുന്നേരത്തോടെ സ്ഥിരീകരിക്കുമെന്നും എറണാകുളം റൂറൽ എസ് പി യതീഷ്ചന്ദ്ര അറിയിച്ചു. കൊലപാതകം നടന്ന് ഒരാഴ്ച ആയിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ലെന്ന വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് പ്രതിയാരെന്ന് ഇന്ന് വെളിപ്പെടുത്തുമെന്ന് പോലീസ് പറയുന്നത്. നിലവിൽ 12 പേരാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. ജിഷയുടെ സഹോദരിയുടെയും അമ്മയുടെയും പരിചയക്കാരിലേക്കാണ് അന്വേഷണം നീളുന്നതെന്ന് സൂചനയുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ചെരിപ്പ് നിർണായക തെളിവാണെന്നും ഇത് ജിഷയുടെ അയൽവാസിയുടേതാണെന്നും ഇയാളാണ് പ്രതി എന്ന നിലയിലുമാണ് ഇപ്പോൾ അഭ്യൂഹങ്ങൾ ശക്തമാവുന്നത്. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത് കേസിന് ദോഷം ചെയ്യുമെന്നതിനാലാണ് വിശദാംശങ്ങൾ പരസ്യമാക്കാത്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE