സാംകുട്ടിയെ കുറ്റവാളിയാക്കിയത് മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി

വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ചതിനു റിമാൻഡിൽ കഴിയുന്ന സാംകുട്ടി തടവറയിൽ എത്തിയത് മുഖ്യമന്ത്രിയുടെ ഗുരതര പിഴവ് മൂലം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ ഇരയാണ് സാംകുട്ടി. സ്വന്തം പേരിൽ പട്ടയവും പ്രമാണവുമുള്ള, നികുതിയുമടച്ചിരുന്ന സ്ഥലം റീ സർവേക്കു ശേഷം സർക്കാർ ഭൂമിയായി മാറിയ മറിമായത്തിന്റെ ദുരന്തമാണ് സാംകുട്ടിയുടെ ജയിൽ വാസം.

സ്വന്തം ഭൂമിക്കു സ്വന്തം പേരിൽ നികുതിയടക്കാൻ സാധിക്കാതെ 5 വർഷത്തിലധികം വില്ലജ് ഓഫീസ് കയറിയിറങ്ങിയ സാംകുട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതി നല്കിയിരുന്നു. ഈ പരാതിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അവിടെയുള്ള ഉദ്യോഗസ്ഥർ നല്കിയ മറുപടി “പരാതിക്കാരൻ ഭൂരഹിതരുടെ ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ സർക്കാർ മാർഗനിർദേശമനുസരിച്ച് ഭൂമിയുടെ ലഭ്യത പ്രകാരം അനുവദിക്കുമെന്നുമാണ്.” കൂടുതൽ വിവരങ്ങൾക്കായി ഈ അറിയിപ്പുമായി കളക്ടറേറ്റിൽ ബന്ധപ്പെടാനും ഉത്തരവിലുണ്ട്. അതായത് തന്റെ ഭൂമി റവന്യൂ വകുപ്പിന്റെ പിഴവ് മൂലം സർക്കാർ ഭൂമിയായി മാറിയതിന്റെ പിഴവ് തിരുത്താനാണ് സാംകുട്ടി പടികൾ നിരവധി ചവിട്ടിക്കയറിയത്‌. പക്ഷെ മുഖ്യമന്ത്രിക്ക് മനസിലായത് സാംകുട്ടി സൗജന്യ ഭൂമിയ്ക്കായി കയറിയിറങ്ങുന്ന ഭിക്ഷക്കാരൻ എന്നാണ്. ഒരു വർഷം മുൻപ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാടടച്ച് മൈക്ക് വച്ചു നടത്തിയ ജനസമ്പർക്കം എന്ന മഹാമേളയിൽ വരുത്തിയ വലിയ പിഴവാണ് സാംകുട്ടിയെ കുറ്റവാളി ആക്കിയത്.

cmplntമുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ 20/ 04/ 2015 ന് സാംകുട്ടി നല്കിയ അപേക്ഷയിൽ തൻറെ ആവശ്യം വടിവൊത്ത അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. “എൻറെ പേർക്ക് പട്ടയവും പ്രമാണവും മുൻ കരം തീർത്ത് എല്ലാം ഉള്ള വസ്തു ആണ്. റീ സർവേക്ക് ശേഷം കരം തീർത്ത് കിട്ടുന്നില്ല. കളക്ടർക്കും താലൂക്കിലും 100 ൽ പരം പരാതി കൊടുത്തിട്ടും ഫലമില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എനിക്ക് അനുകൂലമായ നടപടി എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.” ഈ വ്യക്തമായ അപേക്ഷക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി പക്ഷെ തീർത്തും ഉത്തരവാദിത്തരഹിതമാണ്.

“താങ്കൾ സമർപ്പിച്ച പരാതിയിന്മേൽ മുഖ്യമന്ത്രിയും ചുമതലപ്പെട്ട മന്ത്രിയുടെയും അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചതിൻറെ അടിസ്ഥാനത്തിൽ താഴെ പറയുന്ന തീരുമാനം സ്വീകരിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.
If the applicant is included in the beneficiary list (Zero landless project). land shall assigned as per the availability and subject in to the guidelines.

SAMPARKKAM

2015 ഏപ്രിൽ 29 ന് നൽകിയ ഈ മറുപടിയുമായി റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ സാംകുട്ടി തിരുവനന്തപുരം കളക്ടറുടെ ഓഫീസിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും നിത്യേന കയറിയിറങ്ങാൻ തുടങ്ങി. ‘അരിയെത്രയെന്ന ചോദ്യത്തിനു പയറഞ്ഞാഴിയെന്ന’ മറുപടിയുമായി സാംകുട്ടി ഈ ജൻമ്മം മുഴുവൻ നടന്നാലും ആവശ്യം നടക്കില്ല എന്ന് ഇപ്പോഴും അദ്ദേഹത്തിനോ ബന്ധുക്കൾക്കോ അറിയില്ല. കാരണം ചെല്ലുന്നിടത്തൊക്കെ ഭൂമി സൗജന്യമായി വാങ്ങാൻ വരുന്ന ഒരാൾ മാത്രമാണ് സാം. തൻറെ പേരിൽ കരമടച്ച് ആ സ്ഥലം വിറ്റ് 35 ലക്ഷം രൂപയിലധികം വരുന്ന കടം തീർക്കാൻ സാധിക്കാത്ത വിധം സാംകുട്ടിയുടെ ജീവിതത്തിന്റെ ഫയൽ തന്നെ തിരുത്തിക്കളഞ്ഞു ഉമ്മൻചാണ്ടി. ഈ ഗതികേടിലും മനോവിഷമത്തിലുമാണ് വില്ലേജ് ഓഫീസിന് തീ വെച്ച് അതിൽ ചാടി ആത്മഹത്യ ചെയ്യാൻ സാംകുട്ടി തീരുമാനിച്ചത്.

സാംകുട്ടിയുടെ കുറ്റം എത്ര വലുതാണോ അതിനേക്കാൾ വലിയ പിഴവാണ് ജനസമ്പർക്ക പരിപാടിയും അവിടത്തെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കൂടി വരുന്ന കുറ്റകൃത്യം. ഇതിനൊക്കെ നേരിട്ട് നേതൃത്വം നല്കുന്ന ഉമ്മൻചാണ്ടിയ്ക്ക് സാംകുട്ടിയുടെ ജീവിതം ചവുട്ടിയരച്ച കേസ്സിൽ ‘പ്രതി’യാകാൻ ഇതിനേക്കാൾ വലിയ തെളിവ് വേണ്ട.

1സാംകുട്ടിയുടെ ഭൂമിയുടെ രേഖകൾ എല്ലാം തന്നെ കൃത്യമാണ്. നെയ്യാറ്റിങ്കര താലൂക്കിൽ വെള്ളറട വില്ലേജിൽ സർവേ നമ്പർ 708/1/206-1 പ്രകാരവും 1991 ലെ 624 നമ്പർ ആധാര പ്രകാരവും 10207 നമ്പർ പട്ടയപ്രകാരവും അപ്പൻ യോഹന്നാനിൽ നിന്ന് കുടുംബപരമായി ലഭിച്ചതാണ് 18 സെൻറ് സ്ഥലം. റീ സർവേയിൽ അധികാരികൾക്ക് സംഭവിച്ച കൈപ്പിഴയിൽ ഈ സ്ഥലം ‘സർക്കാർ വക’യെന്ന് തെറ്റായി രേഖപ്പെടുത്തി. അന്നുമുതൽ സാംകുട്ടിക്കു ഈ സ്ഥലതിന്മേൽ നികുതിയടക്കാൻ സാധിക്കതെയായി. ഈ തെറ്റായ നടപടി തിരുത്തികിട്ടാൻ സർക്കാർ ഓഫീസുകളുടെ വരാന്തകൾ കയറിയിറങ്ങിയ സാം കുട്ടിയുടെ യുദ്ധം അവസാനിച്ചത്‌ വില്ലേജ് ഓഫീസ് തീയിട്ട് നശിപ്പിക്കുന്നതിലാണ്.

ഗതികേടുകൊണ്ട് സാംകുട്ടി ചെയ്ത ഈ പ്രവൃത്തിയിൽ സർക്കാരിനും പങ്കുണ്ട്. 35 ലക്ഷം രൂപ കടമുള്ള രോഗിയായ ഭാര്യയും 2 മക്കളുമുള്ള സാംകുട്ടിയെ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കി ജയിലിൽ നിന്ന് പുറത്തിറക്കാനുള്ള സാമാന്യ മര്യാദ മുഖ്യമന്ത്രിയും സർക്കാരും കാണിക്കണം.

2 COMMENTS

  1. റീസർവെയിൽ കൈപ്പിഴ സംഭവിച്ചതിനുശേഷവും ഇവിടെ പല തവണ ഇടതു സർക്കാരുകൾ ഭരിച്ചിരുന്നു, സാം കുട്ടി സർക്കാർ വരാന്തയിൽ നിരങ്ങിയും.ജനസംമ്പർക്ക പരിപാടിയിൽ വീഴ്ചയുണ്ടായി എന്നത് കൊണ്ട് മാത്രം ഇനി എല്ലാ കുറ്റവും ചാണ്ടിയുടെ ചുമലിലിരിക്കട്ടെ.

  2. Don’t punish Mr.Samkutty sir.he is an innocent man.he is a victim of corruption. Mr.Samkutty has visited me for informing about corruption of Revenue officers.he also a patient.

LEAVE A REPLY