Advertisement

ഇവിടെ പെണ്ണൊരുമ വിധിയെഴുതും!!

May 15, 2016
Google News 0 minutes Read

കണ്ണെത്താദൂരം നീണ്ട് കിടക്കുന്ന തേയിലത്തോട്ടങ്ങൾ. എല്ലുമുറിയെ പണിയെടുക്കുന്ന തോട്ടം തൊഴിലാളികൾ. തെക്കൻ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറും ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന കുറേയധികം ജീവിതങ്ങളും. ദേവികുളം മണ്ഡലത്തെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. തോട്ടം തൊഴിലാളികളായി എത്തിയ തമിഴ് വംശജരും കുടിയേറിപ്പാർത്ത മലയാളികളും ഇടകലർന്ന ദേവികുളം വികസനത്തിൽ ഏറെ പിന്നിലാണ്. രാജവാഴ്ചകാലത്തെ സംഭാവനകൾ മാത്രമാണ് ഇപ്പോഴും തലയുയർത്തിനീക്കുന്നത്.രാഷ്ട്രീയ ചേരിതിരിവുകൾക്കുമപ്പുറം സാമുദായിക ഭാഷാ പ്രശ്‌നങ്ങളും തോട്ടംമേഖലയിലെ വികസനവും തെരഞ്ഞെടുപ്പ് വിഷയമാകാറുള്ള ദേവികുളം ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ പേരിലായിരുന്നു. അന്നുവരെ അടിച്ചമർത്തപ്പെട്ട് കഴിഞ്ഞിരുന്ന തൊഴിലാളി സ്ത്രീകൾ ഒരു കുടക്കീഴിൽ അണിനിരന്നതും രാഷ്ട്രീയക്കാരെ തീണ്ടാപ്പാടകലെ നീക്കിനിർത്തിയതും കേരളം അത്ഭുതത്തോടെയാണ് കണ്ടത്. തൊഴിലാളിക്കൂട്ടായ്മമായി രൂപം കൊണ്ട പൊമ്പിളൈ ഒരുമ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ദേവികുളം ജില്ലാപഞ്ചായത്ത് ഡിവിഷനിലും മൂന്നാറിലെ രണ്ട് പഞ്ചായത്ത് വാർഡുകളിലും സ്ഥാനാർഥികളെ വിജയിപ്പിച്ചു. സ്ത്രീശക്തി തിരിച്ചറിഞ്ഞ സംഘടന നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നതാണ് ദേവികുളത്തെ ശ്രദ്ധേയമണ്ഡലമാക്കുന്നത്.

ജെ.രാജേശ്വരി എന്ന പൊമ്പിളൈ ഒരുമൈ സ്ഥാനാർഥിയെ എൽഡിഎഫും യുഡിഎഫും നിസ്സാരക്കാരിയായി കാണുന്നില്ല. ജയപരാജയങ്ങളിൽ പൊമ്പിളൈ ഒരുമൈ നിർണായക ഘടകമാവുമെന്ന് ഉറപ്പുള്ളതിനാൽ ഇരുമുന്നണികളും ആശങ്കയിലുമാണ്.മൂവായിരത്തി നാനൂറ് അംഗങ്ങൾ സംഘടനയ്ക്കുണ്ടെന്നാണ് പൊമ്പിളൈ ഒരുമെ പറയുന്നത്. ഇതിൽ എല്ലാ രാഷ്ട്രീയപാർട്ടികളിലും ഉൾപ്പെട്ടവർ ഉണ്ട്. രാഷ്ട്രീയത്തിനതീതമായി സംഘടനാവികാരത്തിനടിപ്പെട്ടാൽ പൊമ്പിളൈ ഒരുമയ്ക്ക് വോട്ട് ചെയ്യുന്നവരുടെ എണ്ണം 4000ത്തിനു മേലെയാവും. s_rajendranസിറ്റിംഗ് എം.എൽ.എയായ സിപിഎമ്മിന്റെ എസ് രാജേന്ദ്രന് 2011ൽ ലഭിച്ചത് 4078 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2006ൽ ഇത് 5887 ആയിരുന്നു. തോട്ടം മേഖലയിൽ സംഭവിച്ച മാറ്റം തെരഞ്ഞെടുപ്പിൽ തലവേദനയാകുമെന്ന് അറിയാവുന്ന എൽഡിഎഫ് ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തുന്നത്.

യുഡിഎഫിൽ കോൺഗ്രസിന്റെ എകെമണിയാണ് ദേവികുളത്തെ സ്ഥാനാർഥി. കഴിഞ്ഞ രണ്ടുവട്ടവും രാജേന്ദ്രനെതിരെ മണിയായിരുന്നു മത്സരിച്ചത്. 1996ലും 2001ലും എ.കെ.മണിക്കൊപ്പമായിരുന്നു ദേവികുളം. ഒരു മുന്നണിയയെും സ്ഥിരമായി ജയിപ്പിക്കാത്ത മണ്ഡലമെന്ന ഘടകം ദേവികുളത്തിനു മേൽ പ്രതീക്ഷവയ്ക്കാൻ യുഡിഎഫിന് കരുത്താകുന്നു.ak-mani

എ.ഐ.എ.ഡി.എംകെയ്ക്കും മണ്ഡലത്തിൽ ശക്തയായ സ്ഥാനാർഥിയാണുള്ളത്. ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റും ബ്‌ളോക്ക് പഞ്ചായത്തംഗവുമൊക്കെയായി സുദീർഘപരിചയമുള്ള ആർ.ധനലക്ഷ്മിയാണ് എ.ഐ.എ.ഡി.എം.കെയുടെ തുറുപ്പുചീട്ട്. ദേവികുളം മണ്ഡലത്തിൽ തങ്ങൾക്ക് 10,000ത്തിലധികം വോട്ടുണ്ടെന്ന് പാർട്ടി അവകാശപ്പെടുന്നു.തമിഴ്‌സ്വാധീനം ശക്തമായ മേഖലയിൽ ധനലക്ഷ്മിയുടെ സ്ഥാനാർഥിത്വം എൽഡിഎഫിനെയും യുഡിഎഫിനെയും ബാധിക്കുമെന്നുറപ്പ്.

അടിമാലി,കാന്തല്ലൂർ,മാങ്കുളം,മറയൂർ,മൂന്നാർ,വട്ടവട,വെള്ളത്തൂവൽ,ബൈസൺവാലി,ചിന്നക്കനാൽ,ദേവികുളം,ഇടമലക്കുടി എന്നീ 12 പഞ്ചായത്തുകൾ ചേർന്നതാണ് ദേവികുളം മമണ്ഡലം. ഇവിടെ സ്ത്രീവോട്ടുകളാണ് വിജയം നിർണയിക്കുക എന്നത് വ്യക്തം. എൽഡിഎഫ് വിജയം ആവർത്തിക്കുമോ യുഡിഎഫ് മണ്ഡലം തിരികെപ്പിടിക്കുമോ അതോ അട്ടിമറി വിജയം സ്വന്തമാക്കാൻ പൊമ്പിളൈ ഒരുമയ്ക്കാവുമോ എന്ന് കാത്തിരുന്ന് കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here