Advertisement

കുന്നത്തുനാടും ട്വന്റി 20യും തമ്മിലെന്ത്???

May 15, 2016
Google News 1 minute Read

 

എറണാകുളത്തെ കുന്നത്തുനാട് വ്യാവസായിക ഭൂമികയാണ്. പ്ലൈവുഡ് ഫാക്ടറികൾ,ക്രഷർ യൂണിറ്റുകൾ തുടങ്ങി കിറ്റക്‌സ് പോലെയുള്ള വമ്പൻ കോർപ്പറേറ്റുകൾ വരെ ഈ മണ്ഡലത്തിലുണ്ട്. ഐക്കരനാട്,കിഴക്കമ്പലം,കുന്നത്തുനാട്,മഴുവന്നൂർ,പൂത്തൃക്ക,തിരുവാണിയൂർ,വടുവക്കോട് പുത്തൻകുരിശ്,വാഴക്കുളം പഞ്ചായത്തുകളാണ് മണ്ഡലപരിധിയിലുള്ളത്.ഇടത്തോട്ടോ വലത്തോട്ടോ സ്ഥിരമായി ചായുന്ന സ്വഭാവം കുന്നത്തുനാടിനില്ലെന്ന് തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നു.

538a8fb57d51a682172a311013e4377edcc0368dകുന്നത്തുനാട് ഇക്കുറി തെരഞ്ഞെടുപ്പ് വാർത്തകളിൽ ആദ്യം ഇടംപിടിച്ചത് കലാഭവൻ മണി അവിടെ ഇടതുസ്ഥാനാർഥിയാകും എന്ന് അഭ്യൂഹങ്ങൾ പരന്നതോടെയാണ്. എന്നാൽ,തൊട്ടുപിന്നാലെ മണിയുടെ അകാലനിര്യാണം ആ വാർത്തയെ അപ്രസക്തമാക്കി. നിലവിലെ എംഎൽഎ യുഡിഎഫിന്റെ വി.പി.സജീന്ദ്രനും എൽഡിഎഫിന്റെ ഷിജി ശിവജിയും തമ്മിലാണ് ഇത്തവണ കുന്നത്തുനാടിനു വേണ്ടിയുള്ള കടുത്ത പോരാട്ടം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ലഭിച്ച നേരിയ മുൻതൂക്കമേ യുഡിഎഫിന് തുണയായുള്ളു. വിപിസജീന്ദ്രന്റെ വ്യക്തിപ്രഭാവം വിജയത്തിന് അത്രകണ്ട് സഹായകമാവില്ല എന്ന വിലയിരുത്തലുമുണ്ട്. പ്രാദേശികനേതാക്കളുമായി അടുപ്പം പുലർത്തുന്നതിൽ അദ്ദേഹത്തിനു വന്ന വീഴ്ച തിരിച്ചടിയാകുമെന്ന് യുഡിഎഫ് ക്യാമ്പിൽതന്നെ സംസാരമുണ്ട്. ഭാര്യയും മാധ്യമപ്രവർത്തകയുമായ ലേബി സജീന്ദ്രനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും സജീന്ദ്രന് തിരിച്ചടിയാവും. ഇടത്പക്ഷ സ്ഥാനാർഥി ഷിജി ശിവജി ശക്തയായ മത്സരാർഥിയാണെന്ന് യുഡിഎഫ് തന്നെ സമ്മതിക്കുന്നു. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ വളർന്ന രാഷ്ട്രീയപാരമ്പര്യമാണ് ഷിജിയുടേത്. പഞ്ചായത്ത് തെരഞ്ഞടുപ്പിൽ യുഡിഎഫ് കോട്ടയായ വടുവക്കാട് ബ്ലോക്ക് ഡിവിഷൻ തിരികെപിടിച്ച ചരിത്രവും ഷിജിക്കുണ്ട്. മണ്ഡലത്തിൽ നിന്നു തന്നെയുള്ള സ്ഥാനാർഥി എന്നതും ഇടതുപക്ഷത്തിന് ഗുണം ചെയ്യും.shijikunnathunadu_0

എടുത്തുപറയേണ്ട മറ്റൊരു ഘടകം ശ്രീനിജൻ എഫക്ടാണ്. കുന്നത്തുനാട്ടിൽ വി.പി.സജീന്ദ്രന്റെ തോൽവി ഏറ്റവും അധികം ആഗ്രഹിക്കുന്നവരിൽ ഒരാൾ മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ പിവി ശ്രീനിജനാണ്. 2011ൽ കുന്നത്തുനാട്ടിൽ യുഡിഎഫിനു വേണ്ടി മത്സരിക്കുക ശ്രീനിജനാവുമെന്ന് ഏറെക്കുറെ ഉറപ്പായ സമയത്താണ് ഭൂമികയ്യേറ്റ കേസ് വരുന്നതും ശ്രീനിജന്റെ ഇമേജ് കുത്തനെ താഴ്ന്നതും. അങ്ങിനെ വിപിസജീന്ദ്രന് നറുക്കുവീഴുകയായിരുന്നു. എന്നാൽ,കേസിനു പിന്നിൽ സജീന്ദ്രനും ഭാര്യ ലേബിയുമാണെന്ന് ശ്രീനിജൻ ആരോപിച്ചതോടെ ശ്രീനിജൻ സജീന്ദ്രൻ പോര് പരസ്യമായി. തുടർന്ന് ശ്രീനിജൻ ഇടതുപാളയത്തിലേക്ക് കൂടുമാറി. ആ വ്യക്തിവൈരാഗ്യത്തിന്റെ പരിണിതഫലമാണ് ലേബിക്കെതിരെ പുറത്തുവന്ന ഫോൺവിവാദത്തിൽ എത്തിനിൽക്കുന്നത്.

2011ൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വിജയഗതി നിർണയിക്കുന്നതിൽ പ്രധാനഘടകമാവുന്ന ഒന്നാണ് കിഴക്കമ്പലത്തെ ട്വന്റി 20. തദ്ദേശതെരഞ്ഞെടുപ്പിൽ അത്ഭുതാവഹമായ നേട്ടമാണ് കിറ്റെക്‌സിന്റെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മ നേടിയത്. 19ൽ 17 സീറ്റ് നേടി കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഇവർ സ്വന്തമാക്കി.വാഴക്കുളം ബ്ലോക്ക്പഞ്ചായത്തിലും ഇവർക്ക് രണ്ട് അംഗങ്ങളുണ്ട്. പതിനയ്യായിരത്തിനടുത്ത് വോട്ടാണ് ട്വന്റി20ക്ക് ഇവിടെയുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ കണക്ക് നിർണായകമാണ്. കുന്നത്തുനാട്ടിലെ ഭൂരിപക്ഷം ഇന്നുവരെ ഒമ്പതിനായിരത്തിനപ്പുറം കടന്നിട്ടില്ല. അതുകൊണ്ട്തന്നെ ട്വന്റി 20യുടെ നിലപാട് ഇരുമുന്നണികളും ഉറ്റുനോക്കുന്നു.t-201

തങ്ങളുടെ വോട്ട് ആർ്‌ക്കെന്ന് ട്വന്റി 20 സൂചന നല്കിയിട്ടില്ല. ഈ മൗനം അനുകൂലമാവുക എൽഡിഎഫിനെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. പോരെങ്കിൽ കോൺഗ്രസിനെ തറപറ്റിക്കാൻ വേണ്ടി രൂപീകരിച്ചതായിരുന്നു ട്വന്റി 20 എന്നതും എൽഡിഎഫിന് പ്രതീക്ഷ നല്കുന്നു.എന്നാൽ,മനസാക്ഷി വോട്ട് ചെയ്യാൻ ട്വന്റി 20 ആഹ്വാനം ചെയ്താൽ അതു ഗുണം ചെയ്യുക യുഡിഎഫിനാവും. ഒപ്പമുള്ള തൊഴിലാളികളിലേറെയും കോൺഗ്രസ് വിട്ട് ട്വന്റി 20ക്കൊപ്പം ചേർന്നവരാണ്. ഏതെങ്കിലും പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ഇല്ലാത്തിടത്തോളം കാലങ്ങളായി തുടരുന്ന ശീലം അവർ തുടരുമല്ലോ!!

ബിജെപി വോട്ട് യുഡിഎഫിനെന്ന് രഹസ്യധാരണയുള്ളതായി എൽഡിഎഫ് ആരോപിക്കുന്നുണ്ട്. ബിഡിജെഎസിനുള്ളതാണ് കുന്നത്തുനാട്.ബിജെപി വോട്ടുകൾ അതുകൊണ്ടുതന്നെ മറിയാനുള്ള സാധ്യത കാണുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി ബിജെഡിഎസ് സംഖ്യം പൂർണപരാജയമായിരുന്നു. അടിയൊഴുക്കുകൾ ശക്തമാണെന്ന എൽഡിഎഫ് ആരോപണം ശരിയാണെങ്കിൽ ബിജെപി വോട്ടുകൾ സജീന്ദ്രനുള്ളതാണ്.തദ്ദേശതെരഞ്ഞെടുപ്പിൽ നേരിയ തോതിലാണെങ്കിലും അനുഭവപ്പെട്ട കോൺഗ്രസ് അനുകൂലവികാരം ഇത്തവണയും പ്രതിഫലിച്ചാൽ മണ്ഡലം സജീന്ദ്രൻ നിലനിർത്തും. നേരെമറിച്ച്,ഷിജി ശിവജിയുടെ സ്വാധീനവും ഭരണവിരുദ്ധ വികാരവും ട്വന്റി 20 നിലപാടുമൊക്കെ ഒത്തുവന്നാൽ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കും. കണക്കുകൂട്ടലുകൾക്കും മേലെ പ്രവചനാതീതമായ അടിയൊഴുക്കുകൾ നടന്നേക്കാമെന്ന വസ്തുതയാണ് കുന്നത്തുനാടിനെ വ്യത്യസ്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here