Advertisement

മാധ്യമ പ്രവർത്തകരുടെ രാഷ്ട്രീയം; ശരിയും തെറ്റും

May 16, 2016
Google News 0 minutes Read

കേരള തെരഞ്ഞെടുപ്പിൽ നിരവധി ഉപചാപക കഥകൾ കേട്ടിട്ടുണ്ട്. കരുണാകരന്റെ കാലത്തെല്ലാം ഇത് ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ഇല്ലാതെ പുറത്തുനിൽക്കുന്നവർ, പിന്നീട് അവരുടെ കാലം കഴിഞ്ഞു. അത്തരം രീതികളുടെ തിരിച്ചുവരവാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് എന്ന് കരുതുന്നുണ്ടോെ ?

എൺപതുകളിൽ കേരള കോൺഗ്രസിന്റെ നേതാവായിരുന്നു ലോനപ്പൻ നമ്പാടൻ. കരുണാകരൻ മന്ത്രിസഭയെ മറിച്ചിട്ട് അപ്പുറത്തുപോയി ഇടത് മുന്നണിയിൽ ചേർന്നു, അദ്ദേഹം ജയിച്ചു ഇടത് മന്ത്രിയായി.കോൺഗ്രസിന്റെ മലപ്പുറം ഡി.സി.സി പ്രസിഡന്റ് ടി.കെ ഹംസ സീറ്റ് തർക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തെത്തി. മന്ത്രിയായി. ടി.കെ ഹംസയും ലോനപ്പൻ നമ്പാടനും ഇടതുപക്ഷത്തിന് അങ്ങനെ കിട്ടിയവരാണ്.വേറെ ഒന്നുകൂടി ഉണ്ടായിരുന്നു, ന്യൂനപക്ഷ സമുധായങ്ങളിൽ സ്വാധീനം ഉണ്ടാക്കാൻ സ്വതന്ത്രൻമാരെ ഉപയോഗിക്കുക എന്ന തന്ത്രം ഇടതുമുന്നണി ഉപയോഗിച്ച് പോന്നു.

ക്രിസ്ത്യൻ മേഖലയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറഞ്ഞ സ്ഥലത്ത് കെ.എം.മാണി പിജെ ജോസഫുമായി പിണങ്ങിയപ്പോൾ ജോസഫിന് ഗ്രൂപ്പിൽ എടുക്കുക, 80 കളിൽ മാണി ഗ്രൂപ്പിനെ എടുക്കുക, കോൺഗ്രസ് വിഭാഗം പിളർന്ന് ആന്റണി വിഭാഗം അടക്കമുള്ളവർ ഇടതിനൊപ്പം പോവുക, ആർ.എസ്.പി പോലുള്ള കക്ഷികളെ പിടിക്കുക. ഇങ്ങനെയല്ലാമുള്ള രീതികൾ തുടർന്നുവരുന്നു.

സിപിഐ 1969 മുതൽ കോൺഗ്രസിനൊപ്പമായിരുന്നു. എംഎൻ ഗോവിന്ദൻ നായർക്കെതിരെ ആരോപണമുന്നയിച്ച്, ഇഎംഎസ് മന്ത്രിസഭയെ താഴെയിട്ട് സിപി അച്യുതമോനോന്റെ, കോൺഗ്രസുമൊത്തുള്ള കൂട്ടുകെട്ട്. ഇങ്ങനെ രാഷ്ട്രീയ മുന്നണികളും വ്യക്തിപരമായ കൂട്ടുകെട്ടുകളും സംഭവിച്ചിരുന്നു.

പിന്നീട് 1987 കാലഘട്ടമെത്തിയപ്പോൾ പാർട്ടികൾ വളരെ ശക്തമായി സഖ്യം രൂപീകരിച്ചു.ഇടതുപക്ഷ രാഷ്ട്രീയം, വലതുപക്ഷ രാഷ്ട്രീയം എന്ന രീതിയിൽ അവർ ധ്രുവീകരിക്കപ്പെടുകയും ഒരു പാർട്ടിവിട്ട് പോരുന്നതിനെ അംഗീകരിക്കാതിരിക്കുകയും ചെയ്ത് തുടങ്ങി. രു പാർട്ടി വിട്ട പോന്നൽ പെട്ടന്നൊന്നും സ്വീകരിക്കുകയുമില്ല. ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത്തരം രീതി കുറഞ്ഞുവരികയായിരുന്നു.

ഇപ്പോൾ അത് വീണ്ടും തലപൊക്കിയിരിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. തലസ്ഥാന നഗരിയായ തിരുവനന്തപുരം എടുത്താൽ മതി. അവിടെ, ഇതുവരെ യുഡിഎഫി ന് വേണ്ടി ചാനലുകളിലെല്ലാം ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്ന ആന്റണി രാജുവാണ് തിരുവനന്തപുരം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി. ഒ രാജഗോപാലും വി ശിവൻകുട്ടിയും മത്സരിക്കുന്ന നേമത്ത് വലതു സ്ഥാനാർത്ഥി, കഴിഞ്ഞ ഇടതുമന്ത്രിസഭയിലെ മന്ത്രിയായിരുന്ന വി.സുരേന്ദ്രൻപിള്ളയാണ്.

ഇപ്പോൾ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ അതിർവരമ്പ് തിരിക്കാൻ പറ്റാത്ത വിധം ആർക്കും എങ്ങാട്ടും പോകാം. ഒരു പക്ഷേ എനിക്ക് തോന്നുന്നത് ബിജെപിയുടെ വലതുപക്ഷ രാഷ്ട്രീയം വളരെയധികം വളരുകയും മറ്റ് കക്ഷികളെല്ലാം ഒരുമിച്ച് നിൽക്കേണ്ടി വരികയും ചെയ്യുന്നൊരു അവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്.

ബംഗാളിൽ മമതാ ബാനർജിയേയും ബിജെപിയേയും നേരിടാൻകോൺഗ്രസും സിപിഎമ്മും കൈ കോർക്കുകയാണ്. ഒരു പക്ഷേ ഇവർ തമ്മിലുള്ള അന്തരം, മതേരത്വത്തിന്റെ കാര്യത്തിലെങ്കിലും കുറവാണെന്ന ചിന്തകൊണ്ട് കൂടി ആയിരിക്കാം.ആദർശ വാദത്തിനപ്പുറം തൻകാര്യം എന്ന സ്വാർത്ഥ താൽപര്യം പ്രത്യയശാസ്ത്രത്തിനപ്പുറം ഉണ്ടെന്നും, രാഷ്ട്രീയം അധപ്പതിച്ചെന്നുമുള്ള കാര്യത്തിൽ സംശയമില്ല.

ഗൗരിയമ്മയെ ഉൺക്കൊള്ളാൻ കഴിയാത്ത രാഷ്ട്രീയം എങ്ങനെയാണ് കേരളാകോൺഗ്രസിൽനിന്ന് വരുന്നവരെ സ്വീകരിക്കുന്നത്. ?

യഥാർത്ഥത്തിൽ പണ്ട് സിപിഎമ്മിന്റെ നയം മതാധിപത്യമൊന്നും നോക്കാതെയുള്ള , ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമൊന്നോ ചിന്തിക്കാതെയുള്ള, പാർട്ടിയോട് ചെർന്നുനിൽക്കുന്ന, പാർട്ടിയോട് പ്രതിബദ്ധത കാണിക്കുന്ന സഖാക്കളെ മുൻ നിർത്തി ജയിക്കുക തോൽക്കുക എന്നതിനപ്പുറമുള്ള രാഷ്ട്രീയമായിരുന്നു. എന്നാൽ 5 വർഷം കഴിയുമ്പോൾ അധികാരത്തിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ആ ധൈര്യം സിപിഎം അടക്കമുള്ള പാർട്ടികൾക്ക് കാണുന്നില്ല.

ന്യൂനപക്ഷ , ഭൂരിപക്ഷ രാഷ്ട്രീയം എതിർക്കപ്പെടേണ്ടതാണെന്നും അവയുമായി കൂട്ടുകൂടരുതെന്നും കരുതിയിരുന്ന നേതാക്കളടക്കം പിന്നീട് മാറി. ആദ്യകാലത്ത് ശക്തമായി ഉറച്ചുനിന്നിരുന്ന ഇഎംഎസ് പിന്നീട് അതിനെ ലംഘിച്ചുകൊണ്ട് പി.ജെ.ജോസഫിനെ പാർട്ടിയിലെടുത്തു. ആദ്യം പള്ളിയേയും വികാരിയേയും എതിർത്ത വരണമെന്ന നിലപാടെടുത്‌ചെങ്കിലും പിന്നീടത് മാറി. അത് പ്രായോഗിക രാഷ്ട്രീയമെന്ന് വിലയിരുത്തപ്പെട്ടു. പിന്നീട് ഐഎൻഎൽ മായി ബന്ധമുണ്ടാക്കി, മദനിയുമായിപ്പോലും ബന്ധം പുലർത്തി. അപ്പോഴാണ് മദനി മൗലികവാദിയാണെന്ന വാദം പോലും ഉയർന്നുവന്നത്.

ഇഎംഎസ്  അടക്കം അവസാന നാളുകളിൽ പ്രായോഗിക രാഷ്ട്രായക്കാരനായി മാറുകയായിരുന്നു. എന്നാൽ ഇതൊക്കെ പറയുമ്പോഴും ഇഎംഎസ് അതിനൊരു സൈദ്ധാത്തിക തലം നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ ഒരു സൈദ്ധാത്തിക തലവുമില്ല. കോൺഗ്രസിനെ സംബന്ധിച്ച് സൈദ്ധാന്തിക തലത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ജയിക്കാൻ ആരെയും സ്വീകരിക്കുക എന്ന നയമാണ് കോൺഗ്രസിന്റേത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്പിയ്ക്ക് ഇടതുപക്ഷം സീറ്റ് നൽകിയില്ലെന്ന ഒറ്റ കാരണത്താൽ കോൺഗ്രസ് അവർക്ക് കൊല്ലത്ത് സീറ്റ് നൽകി വിജയിപ്പിച്ചു. പ്രായോഗിക രാഷ്ട്രീയം എന്നതിലപ്പുറം ഇതിന് യാതൊരു സൈദ്ധാന്തിക തലവുമില്ല. ഇപ്പോൾ ഇരുമുന്നണിയും ജയം എന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന രീതിയിൽ മുന്നോട്ടുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.

എന്തുകൊൊണ്ട് ഇടതുപക്ഷം പ്രായോഗികതയിലേക്ക് ചുരുങ്ങുന്നു…?

ഇടതിന്റെ പേടി എന്നു പറയുന്നത് ബംഗാളിൽ പാർട്ടി ഇല്ലാതായി. ഇനി ത്രിപുരയിലും കേരളത്തിലുമേ ഉള്ളൂ. ഇവിടേയും അധികാരം നഷ്ടപ്പെടുന്നത് പാർട്ടിയുടെ ദേശീയ തലത്തിലുള്ള ഐഡെന്റിറ്റി നഷ്ടമാക്കും. പാർട്ടിയിൽ നിന്നുള്ള ജനങ്ങളുടെ കൊഴിഞ്ഞുപോക്കിനെ എങ്ങനെ പിടിച്ചുനിർത്തണമെന്ന് അറിയില്ല.

ആംആദ്മി പാർട്ടി ഡെൽഹി പിടിച്ചെടുത്തപ്പോൾ അവിടെ ഇടതിന് മുന്നേറാനായില്ല. എവിടെയൊക്കെയോ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിൽ വളരാൻ കഴിയാത്തൊരു പാർടിയായി അത് നിന്നുപോകുമോ, എന്താകും അതിന്റെ ഭാവി എന്ന ആശങ്കയും ഇടതുമുന്നണി നേതാക്കളെ അലട്ടുന്നു. ഇത് പാർട്ടി പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കടക്കാൻ കാരണമായി. അവരെ കുറ്റപ്പെടുത്താനാകില്ല, കാരണം ഇത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്.

ഇടതുപക്ഷത്തിന്റെ വൈകാരികതലമാണ് നികേഷിന്റെ സ്ഥാനാർത്ഥിത്വം. ഒന്ന് നികേഷിന്റെ കുടുംബപരമായ വൈകാരികത, രണ്ട് സിപിഎമ്മിനുള്ള വികാരം. കാരണം ഇവരുതമ്മിലുള്ളത് സമാനതകളില്ലാത്ത ശത്രുതയാണ്. എങ്ങനെ വിലയിരുത്തുന്നു. ?

എം.വി രാഘവൻ എന്ന രാഷ്ട്രീയ നേതാവ് ഒരു കാലഘട്ടത്തിൽ മലബാറിൽ പിണറായി അടക്കമുള്ള നേതാക്കളുടെ നേതാവായിരുന്നു എംവി ആർ. മാടായി രാഘവൻ എന്നാൽ ശരിക്കുമൊരു ഫയർബ്രാന്റ് പൊളിറ്റീഷ്യൻ. പിന്നീട് എംവിആർ പാർട്ടിയെ എതിർക്കുകയും താഴോട്ട് പോകുകയും ചെയ്തു. എംവിആറും ചിലരുമാണ് ബദൽ രേഖയുടെ പേരിൽ ക്രൂശിക്കപ്പെട്ടത്. അത് അണികൾക്കറിയില്ലെങ്കിലും നേതൃത്വത്തിന് അറിയാം. പാർട്ടിയെ ചതിച്ചെന്ന പേരിലാണ് കൂത്തുപറമ്പിൽ എംവിആറിനെ തടയുന്നതും വെടിവെപ്പുണ്ടാകുന്നതും സഖാക്കൾ മരിക്കുന്നതും. എന്നാൽ രാഘവൻ അവസാനകാലം ഇടത് ആഭിമുഖ്യം പുലർത്തിയിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഗൗരിയമ്മയെപ്പോലെ പാർട്ടിയിൽ തിരിച്ചെത്തിയേനെ.നികേഷിന്റെ കാര്യത്തിൽ പാർട്ടി കാണുന്നത് മറ്റൊന്നാകാം. ഒരു ന്യൂസ് ചാനൽ വരുന്നു. അതിന്റെ തലപ്പത്ത് എംവിആറിന്റെ മകൻ ഇരിക്കുന്നു.

നികേഷ് വളരെ തന്ത്രപൂർവ്വം ഇടത് രാഷ്ട്രീയം സ്വീകരിക്കുകയും ഇടതിനെ പിന്തുണയ്ക്കുകയും നേതൃത്വവുമായി അടുപ്പം പുലർത്തുകയും ചെയ്തു. അങ്ങിനെ ഇടതിന് സ്വീകാര്യനായ മാധ്യമപ്രവർത്തകനായി. ഈ ഇമേജ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ കാരണമായി.

അഴീക്കോട് പിടിച്ചെടുക്കാൻ പറ്റിയ ആൾ നികേഷാണെന്ന് പാർട്ടി കരുതിക്കാണണം. എംവിആറിന്റെ മകനെന്ന നിലയിൽ നികേഷിനെതിരെ സിപിഎം അണികൾക്കിടയിൽ എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ എംവിആർ പാർട്ടി വിട്ടപ്പോൾ നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പുറകിൽ പാർട്ടി കണ്ടിരിക്കാം. ഒപ്പം പിണറായിക്കും കോടിയേരിക്കും എംവിആറിന്റെ മകനോടുള്ള വാത്സല്യവും കാരണമായിട്ടുണ്ടാകാമെന്ന ഞാൻ വിശ്വസിക്കുന്നു.

മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം ആകാമോ മാധ്യമ പ്രവർത്തകനെന്ന നിലയിൽ എന്തുകരുതുന്നു ?

പണ്ട് കാലത്ത് മാധ്യമ പ്രവർത്തനം രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. കൗമുദിയുടെ കെ.ബാലകൃഷ്ണൻ അദ്ദേഹം രാജ്യസഭാ എംപി ആയിരുന്നു, ആർഎസിക്കാരനാ യിരുന്നു. കെ.സി സെബാസ്റ്റ്യൻ ദീപിക പത്രത്തിലായിരുന്നു. അദ്ദേഹം രാജ്യസഭയിൽ എംപി ആയി ഇരുന്നിട്ട്

പിന്നീട് വന്ന അവസ്ഥ, അരാഷ്ട്രീയ വാദം പത്രപ്രവർത്തനത്തിനിടയിൽ വന്നു. അവർ ഏതെങ്കിലും പക്ഷം പിടിച്ചാൽ അവരുടെ ക്രഡിബിലിറ്റിയെ ബാധിക്കുമെന്ന അവസ്ഥ വന്നു. ഇപ്പോഴത്ത അവസ്ഥ ന്നു പറഞ്ഞാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാൽ ആ ചാനലിന്റെ പത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.

ഏഷ്യാനെറ്റിലെ എംജി രാധാകൃഷ്ണൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ അച്ഛൻ പിജി ഗോവിന്ദപ്പിള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച നേതാവായുരുന്നു. അതുകൊണ്ടുതന്നെ എം.ജി രാധാകൃഷ്ണൻ വന്നതോടെ ഏഷ്യാനെറ്റിന് ഇടത് ചായ്വ് വന്നതായി കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നതുകേട്ടിട്ടുണ്ട്.

എപ്പോഴും നല്ലത് പത്രപ്രവർത്തകർ നിഷ്പക്ഷരാവുക എന്നതാണ്. ജനങ്ങൾ പ്രതീക്ഷിക്കുന്നതും ഇടതും വലതും ചായാതെയുള്ള സത്യസന്ധമായ പത്രപ്രവർത്തനമാണ്.  ഇനി മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ
അവർ മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് ഇറങ്ങട്ടെ. നികേഷ് കുമാർ ജയിച്ചാലും തോറ്റാലും മാധ്യമപ്രവർത്തനത്തിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here