Advertisement

ടെക്കികള്‍ ആരെ തുണയ്ക്കും.

May 17, 2016
Google News 1 minute Read

എല്‍ഡിഎഫിന്റെ കടകംപപള്ളി സുരേന്ദ്രന്‍, യുഡിഎഫിന്റെഎം.എ വാഹിദ്, എന്‍ഡിഎയുടെ വി.മുരളീധരന്‍ എന്നിവരാണ് കഴക്കൂട്ടത്ത് സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ വോട്ടെണ്ണലിനായി കാത്തുനില്‍ക്കുന്നത്.
തിരുവനന്തപുരത്ത് പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ പലതുണ്ടെങ്കിലും ഓരോ വോട്ടിനുമായി സ്ഥാനാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മണ്ഡലം കഴക്കൂട്ടം മാത്രമായിരിക്കും. തികഞ്ഞ രാഷ്ട്രീയ പോരാട്ടങ്ങള്‍ അരങ്ങേറിയ ചരിത്രമാണ് കഴക്കൂട്ടത്തിനുളളത്. എ.കെആന്റണിയെ   നിയമസഭയില്‍ എത്തിക്കാന്‍ നിയമസഭാ അംഗത്വം തലേക്കുന്നില്‍ ബഷീര്‍ ഒഴിഞ്ഞപ്പോള്‍ ദേശീയ ശ്രദ്ധ നേടിയതാണ് ഈ മണ്ഡലം.
സാമുദായിക ധ്രുവീകരണം പോലുള്ള അടിയൊഴുക്കുകള്‍ ശക്തമായാല്‍ ഇവിടെ ഏത് വന്‍മരവും കടപുഴകി വീണേക്കാം. അതാണ് ചരിത്രവും.സി.പിഎംമ്മിനും കോണ്‍ഗ്രസിനും സ്വാധീനം ഉള്ള ഇവിടെ ബി.ഡി.ജെ.എസിന്റെ അവകാശ വാദം എത്രത്തോളം സത്യമാകുമെന്നറിയാന്‍ ഫലം വരുന്നവരെ കാത്തിരുന്നേ മതിയാകൂ. കാരണം പ്രത്യേക മുന്നണി മമത  ഇത് വരെ ഈ മണ്ഡലം കാണിച്ചിട്ടില്ല. മാത്രമല്ല പാര്‍ട്ടിയിലോ സമുദായത്തിലോ കൂട്ടാനാകാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. ടെക്ക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അരലക്ഷത്തോളം വരുന്ന ടെക്കികളാണവര്‍. ആരുടെ മുന്നിലും മനസ് തുറക്കാത്ത ഇവരുടെ വോട്ട് ആര്‍ക്കെന്ന് ആര്‍ക്കുമറിയില്ല.

1991ല്‍ എം.വി.രാഘവനായിരുന്നു വിജയിച്ചത്. 1996ല്‍ സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രന്‍ 24057 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചു. 2001ല്‍ എം.എ. വാഹിദ് ആയിരുന്നു വിജയി. കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ത്ഥിയായി എത്തി വിജയം നേടുകയായിരുന്നു അന്ന് വാഹിദ്. 2006ല്‍ കടകംപള്ളി സുരേന്ദ്രന് പിഴച്ചു. വാഹിദ് ആയിരുന്നു അന്നും വിജയി.  215 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിന് വാഹിദ് കടകംപള്ളിയെ മറികടക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വാഹിദ് വിജയം ആവര്‍ത്തിച്ചു. ഇടതുമുന്നണിയിലെ സി.അജയകുമാറിനെയാണ് വാഹിദ് തോല്‍പ്പിച്ചത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് യു.ഡി.എഫ്. നേടിയത് 45028 വോട്ടുകളാണ്. എല്‍.ഡി.എഫ് 34326 വോട്ടുകളും അന്ന് നേടി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 50787 വോട്ടുകളും എല്‍.ഡി.എഫ് 48591 വോട്ടുകളുമാണ് നേടിയത്. എന്നാല്‍, കഴിഞ്ഞ നവംബറില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയാണ് മുന്നിലെത്തിയത്.

മണ്ഡലത്തില്‍ ബി.ജെ.പി.യുടെ വളര്‍ച്ച എടുത്തുപറയണം. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി നേടിയത് 2499 വോട്ടുകള്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ ഇത് 41,829 ആയി ഉയര്‍ത്തി. എട്ടുവര്‍ഷംകൊണ്ടുണ്ടായത് 16 ഇരട്ടി വോട്ടുകള്‍.  തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ഗ്രാഫ് തലകുത്തുകയും ചെയതു. മുരളീധരന്റെ വരവാണ് ഈ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തെ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയിലേക്കെത്തിച്ച ത്രികോണമത്സരമാക്കിയത്.കഴക്കൂട്ടത്ത് 25,000 വോട്ടിനു ജയിച്ചും 215 വോട്ടിനു തോറ്റും പരിചയമുണ്ട് കടകംപള്ളിക്ക്. ഇത്തവണ ജയിക്കാന്‍ തന്നെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയ 14,000 വോട്ടിന്റെ മേല്‍ക്കൈയാണ് കടകംപള്ളിയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.സിറ്റിങ് എം.എല്‍.എ.യായ എം.എ.വാഹിദാണ്  ‘ഒരുപാട് കാര്യങ്ങള്‍ ചെയ്തു, അവശേഷിക്കുന്നവ പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം കൂടി നല്‍കണം’ എന്നാണ് പ്രചാരണത്തിലുടനീളം ജനങ്ങളോട് ആവശ്യപ്പെട്ടത്. ഏറ്റവുമധികം പുതിയ വോട്ടര്‍മാര്‍ വോട്ടര്‍പ്പട്ടികയില്‍ ഇടംനേടിയ മണ്ഡലം കൂടിയാണ് കഴക്കൂട്ടം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here