നികേഷ് മാജിക് ഏറ്റില്ല ;അഴീക്കോട് കെ.എം.ഷാജിക്ക് വിജയം

 
അഴീക്കോട് മണ്ഡലം പിടിച്ചെടുക്കാൻ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഇടത് സ്ഥാനാർഥി എം.വി.നികേഷ്‌കുമാറിന് തോൽവി. നിലവിലെ എം.എൽ.എ കെ.എം.ഷാജി ഇവിടെ സീറ്റ് നിലനിർത്തി. ജനങ്ങൾക്കൊപ്പം എന്ത് അഭ്യാസത്തിനും തയ്യാറെന്ന് നികേഷ് ഉറപ്പ് കൊടുത്തെങ്കിലും ആ ഉറപ്പിൽ ജനങ്ങൾക്ക് വിശ്വാസമില്ലായിരുന്നു എന്ന് തെളിയിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ലീഡ് നേടി മുന്നേറിയ നികേഷിന് യു.ഡി.എഫ് കോട്ടകളായ ബൂത്തുകളിലെ വോട്ടെണ്ണിത്തുടങ്ങിയപ്പോൾ അടിതെറ്റുകയായിരുന്നു.
നികേഷിന്റെ സ്ഥാനാർഥിത്വം കൊണ്ട് ഏറെ ശ്രദ്ധേയമായ അഴീക്കോട് മണ്ഡലത്തിൽ ആദ്യം മുതൽ തന്നെ ആവേശകരമായ പ്രചരണമായിരുന്നു നടന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കെ.എം.ഷാജിയുടെ പ്രചരണം. യുഡിഎഫ് സർക്കാരിന്റെ അഴിമതി മുതൽ മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നം വരെ നികേഷ് ആയുധമാക്കി.സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വെല്ലുവിളിക്കുന്ന സ്ഥിതി വരെ ഉണ്ടായി.

എം.വി.രാഘവന്റെ മകൻ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് വിമതനായ പി കെ രാഗേഷിനെ കളത്തിലിറക്കിയതും ബുമറാങ്ങായി.വാശിയേറിയ പോരാട്ടത്തിൽ 2642 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാജിയുടെ വിജയം.

1977 മുതൽ അഴീക്കോട്ട് രണ്ടു തവണയേ ഇടതുപക്ഷം തോറ്റിട്ടുള്ളു. എം.വി.രാഘവനോടായിരുന്നു ആദ്യ പരാജയം. തുടർന്ന് കെ.എം.ഷാജിയോടും.മണ്ഡലപുനർനിർണയത്തോടെ ഇവിടം ഇടത്തുനിന്ന് വലത്തേക്ക് ചാഞ്ഞു.കഴിഞ്ഞ തവണ 493 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഷാജിക്ക് ഉണ്ടായിരുന്നത്.ബിജെപി വോട്ടുകൾ ഷാജിക്ക് ലഭിച്ചുവെന്ന ആരോപണം ഇടതുപക്ഷം ഉയർത്തുന്നുണ്ട്.നരേന്ദ്രമോദിയോടുള്ള മൃദുസമീപനവും ജമാ അത്ത ഇസഌമി,പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരായി സ്വീകരിച്ചിട്ടുള്ള നിലപാടും ഷാജിക്ക് ഗുണകരമായെന്നാണ് വിലയിരുത്തൽ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE