Advertisement

ജിഷ കേസിന് സ്പെഷ്യൽ ടീം ; ‘കോൺഗ്രസ്‌ പോലീസ്’ പോകും ‘സഖാക്കൾ’ എത്തും 

May 24, 2016
Google News 0 minutes Read
അരവിന്ദ് വി 

നാളെ മുതൽ ഭരണം തുടങ്ങുന്ന എൽ.ഡി.എഫ്. സർക്കാരിന്റെ പ്രഥമ പരിഗണന ക്രമസമാധാനത്തിനെന്ന് ഉറപ്പായി. ഇതിനായി നിയുക്ത മുഖ്യമന്ത്രിയുടെ ഒരു പ്രത്യേക ടീം ഇന്നലെ ചർച്ച നടത്തി. ജില്ലാ ആസ്ഥാനങ്ങളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി. ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.

തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം ജിഷ വധം അന്വേഷിക്കുന്നതിന് ഒരു പ്രത്യേക ടീം രൂപീകരിക്കും എന്നതാണ്. അന്വേഷണത്തിൽ പ്രാഗത്ഭ്യം തെളിയിച്ച ഒരു വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ ടീമിനെ നയിക്കും. ഒന്നിലധികം ഡി.വൈ.എസ്.പി. മാർ സംഘത്തിൽ ഉണ്ടാകും.

കഴിഞ്ഞ വർഷങ്ങളിൽ സർക്കാരിന്റെ വിവരങ്ങൾ ചോർത്തി റിയൽ എസ്റ്റെറ്റ് കച്ചവടം കൊഴുപ്പിച്ചവരെ പിടികൂടാൻ പ്രത്യേക ടീമിനെ നിയോഗിക്കും. സർക്കാരിന്റെ വലിയ പദ്ധതികൾ വിഭാവനം ചെയ്യുന്ന സ്ഥലങ്ങളിൽ മുൻകൂട്ടി ഭൂമി വാങ്ങി കൊള്ളലാഭം ഉണ്ടാക്കിയവർക്ക് ഭരണ തലങ്ങളിൽ ഉള്ളവർ പങ്കാളികൾ ആയിരുന്നു എന്നതാണ് പിണറായി ടീമിന്റെ നിഗമനം.

അന്യ സംസ്ഥാന തൊഴിലാളികൾക്ക് കൂടുതൽ കടുത്ത വ്യവസ്ഥകളോടെ തൊഴിൽ ചട്ടങ്ങൾ കൊണ്ടുവരും. പോലീസിന് ഇക്കാര്യത്തിൽ കൂടുതൽ അധികാരം നല്കും. പാസ്പോർട്ട്‌ പരിശോധന രീതിയിൽ വർഷത്തിൽ നാലുതവണ ഇവരെ പരിശോധിക്കാൻ പോലീസിന് പ്രത്യേക സെൽ രൂപീകരിക്കാനും ആലോചനയുണ്ട്. ഗൾഫ്‌ നാടുകളിലേത് പോലെ അന്യസംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കൊണ്ട്രക്ടർമാരെ സ്പോൻസർമാരാക്കി അവർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നല്കും. ഇവർക്ക് വീട് വാടകയ്ക്ക് നൽകുന്നതിനും  വ്യവസ്ഥകൾ കൊണ്ടുവന്നേക്കും.

പാർട്ടി ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർ ഭരണം കയ്യാളുന്ന അവസ്ഥ ഉണ്ടാകരുതെന്നും ദുർവിനിയോഗം നടത്തുന്നവരെ പുറത്താക്കണമെന്നും നിർദ്ദേശം ഉണ്ട്. ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെടുന്ന പാർട്ടി അനുഭാവികളെ കേസ്സിന്റെ സ്വഭാവം നോക്കി നടപടിയ്ക്ക് വിധേയമാക്കണം.  സ്ത്രീസുരക്ഷയ്ക്കായി പോലീസ്സിനെ സഹായിക്കുന്ന ബഹുജന സമിതികൾ രൂപീകരിച്ച്   ഇടതു പാർട്ടികൾ അത്തരം സമിതികളുടെ തലപ്പത്ത് പ്രവർത്തിക്കണം.

യൂബർ പോലുള്ള കമ്പനികളുടെ വരവോടെ ഉണ്ടായിരിക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ   കാൾ ടാക്സി തുക ഏകീകരിക്കണം എന്ന ഡ്രൈവേഴ്സ്  യൂണിയനുകളുടെ നിർദ്ദേശം പക്ഷെ പിണറായി തള്ളിയതായാണ് സൂചന. ഇക്കാര്യത്തിൽ ഇന്ത്യയിലെ മറ്റു നഗരങ്ങൾക്കൊപ്പം നീങ്ങണം എന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കു വയ്ച്ചത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here