ഡി.ജി.പി.യുടെ ജാതി

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഡി.ജി.പി. ടിപി സെൻകുമാറിന്റെ ജാതി എന്താണ് ? ഉമ്മൻചാണ്ടി സർക്കാർ ചട്ടങ്ങൾ ലംഘിച്ച് സെൻകുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകിയപ്പോഴും ഇപ്പോൾ പിണറായി സർക്കാർ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് സ്ഥാനമാറ്റം നൽകിയപ്പോഴും, പ്രതികരിക്കുവാൻ മുന്നിട്ടിറങ്ങിയത് വെള്ളാപ്പള്ളി നടേശൻ എന്ന എസ്.എൻ.ഡി.പി. നേതാവാണ്.

പോലീസിന്റെ തലപ്പത്ത് ആരു വന്നാലും അത് കൊള്ളക്കാരനോ, കൊലയാളിയോ അല്ലാത്ത സമുദായ നേതാക്കളെ ബാധിക്കേണ്ട പ്രശ്‌നമല്ല. മന്ത്രിസ്ഥാനമുൾപ്പെടെ യുള്ള അധികാരസ്ഥാനങ്ങളെല്ലാം സമുദായ വിധി പ്രകാരം വീതം വെച്ചുനൽകുന്ന ആ സുവർണ്ണകാലം ഇനിയുണ്ടാകില്ലെന്ന് വെള്ളാപ്പള്ളിയുൾപ്പെടെയുള്ളവർ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവായി ഹിന്ദുവെത്തിയതിന്റെ ആഹ്ലാദം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് അല്പജ്ഞാനിയായ ഒരു ഹൈന്ദവ നിരീക്ഷകൻ ശ്രമിച്ചതും സമുദായിക വിഷം കുത്തിവെക്കാനാണ്.

തെരഞ്ഞെടുപ്പിൽ , കാടിളക്കി വെടിവെച്ചിട്ടും കാര്യമായ നേട്ടം സാമുദായിക ശക്തികൾക്ക് നൽകാതെ മതേതര സന്ദേശത്തെ ഉയർത്തിപ്പിടിച്ചവരാണ് കേരളത്തിലെ ഭൂരിപക്ഷ ജനത. സാമുദായിക ഫണമുയർത്തി, വീണ്ടും പൊതു സമൂഹത്തിലേക്കിഴഞ്ഞെത്തുന്ന ഇത്തരം ഈശ്വരൻമാരെയും നടേശൻമാരെയും പുറംകാൽകൊണ്ട് തൊഴിച്ചെറിയാൻ നമുക്ക് ആർജ്ജവമുണ്ടാകണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE