അച്ചുതാനന്ദന് സ്നേഹപ്പാരയായി ഫേസ്ബുക്ക്‌ ഉപദേശികൾ; സ്രഷ്ടാക്കൾ മലയോര മാധ്യമങ്ങൾ

അരവിന്ദ് വി

പിണറായി സ്തുതികൾക്ക് പിന്നാലെ ഫേസ്ബുക്ക്‌ ഉപദേശികൾ അച്യുതാനന്ദനെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് . പദവികളൊന്നും ഏറ്റെടുക്കാതെ ‘കാവലാളായി’ തുടർന്ന് മാതൃകയും ശക്തനും ആകണമെന്നാണ് ഉപദേശങ്ങളുടെ ആകെയുള്ള സ്വരം. മലയോര പത്രങ്ങളുടെ പക്ഷവും കുറെ ദിവസമായി അത് തന്നെ. ഉപദേശങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസങ്ങളും ഏറെയാണ്‌. ഇത്തരം ഉപദേശങ്ങളുടെ സ്രഷ്ടാക്കളുടെ ഉദ്ദിഷ്ട കാര്യം എന്തായാലും കമ്മ്യൂണിസ്റ്റ് പ്രേമം അല്ലന്ന് വ്യക്തം. ‘പുറത്തു നിൽക്കുന്ന വി എസ് അതിശക്തൻ’ ആണെന്നാണ്‌ ഭൂരിപക്ഷം ഉപദേശങ്ങളിലും അടക്കം ചെയ്തിരിക്കുന്ന വാചകങ്ങളിൽ ഒന്ന്. വി എസ്സിനെ അപ്രിയനാക്കി പുറത്തു നിർത്തിയാൽ പിണറായിയുടെ ഭരണത്തെ അസ്വസ്ഥം ആക്കാമെന്നതാണ് ഉപദേശികളുടെ ഉദ്ദേശം. ലൈക്ക് കൂടുതൽ കിട്ടാൻ ഇത്തരം പോസ്റ്റുകളെ തങ്ങളുടെതാക്കി ‘അര സഖാക്കളും’ യഥേഷ്ടം പോസ്റ്റുന്നുണ്ട്. ഒരു തരം ‘കാര്യമറിയാതെ ആടു’ന്നതിനു തുല്യം. പക്ഷെ ഉപദേശപ്പാരകളുടെ ലക്ഷ്യം തെറ്റിപ്പോകുമെന്നാണ് കാര്യങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത്. സി പി എം ഇക്കാര്യത്തിൽ വളരെ കർശനമായ മുൻധാരണകൾ രൂപപ്പെടുത്തി എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കോൺഗ്രസ്‌ ഭരണം സംസ്ഥാനത്ത് നിന്നും പോയ കാര്യം ഉൾക്കൊള്ളാൻ ഇപ്പോഴും പലർക്കും കഴിഞ്ഞിട്ടില്ല. പോലീസിലെ അഴിച്ചു പണി പൊതുവെ വലതു പക്ഷങ്ങളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണിക്കു വേണ്ടി ഒരു മന്ത്രി സഭാ യോഗത്തിനു പോലും കാത്തു നിൽക്കാത്ത പിണറായിയുടെ അധികാര പ്രഭാവം കീഴ്വഴക്ക വാദികളുടെ മുനയൊടിച്ചു. മുന്നണിയിലും സർക്കാരിലും പിണറായി ആർജ്ജിക്കുന്ന ഈ ഒറ്റയാൻ അധികാരത്തെ ചെറുക്കാൻ വി എസ്സിനെ എങ്കിലും ‘അസംതൃപ്തൻ’ ആക്കി പുറത്തു നിർത്താനാണ് ചില മാധ്യമങ്ങളും വ്യക്തികളും ശ്രമം നടത്തുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE