ജഡ്ജിമാരെ കുടിപ്പള്ളിക്കൂടത്തിലയക്കണം

കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളിലെ 75 കുഞ്ഞുങ്ങൾക്ക് ഇക്കൊല്ലം അവിടെ അധ്യയനം നടത്താനാകുമോ എന്ന വിഷയത്തിൽ തീർപ്പാക്കാൻ ഇനിയും മാസമൊന്ന് കാക്കണം. സ്‌കൂൾ തുടർന്നു നടത്താൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഇനി അവധി ഉറക്കം കഴിഞ്ഞേ പരിഗണിക്കൂ.

സ്‌കൂൾ കെട്ടിടം പൊളിക്കാനുള്ള പുതിയ ഉടമസ്ഥരുടെ ആവശ്യം അനുവദിച്ച കേരള ഹൈക്കോടതി അതിനെതിരെ അപ്പീൽ സമർപ്പിച്ച സർക്കാരിനെ ശകാരിച്ചുകൊണ്ട് ജൂൺ എട്ടിനകം ഇടിയ്ക്കൽ വിധി നടപ്പാക്കണമെന്നാവശ്യപ്പെടു കയായിരുന്നു. സ്‌കൂൾ ചട്ടനിയമമനുസരിച്ച്, മുതലാളിക്കുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. കെട്ടിടം പൊളിച്ച് അവിടെ ഷോപ്പിങ് കോംപ്ലക്‌സ് പണിയുവാൻ ഒരുങ്ങുന്ന പുതിയ സ്ഥലമുടമയ്ക്കാണ് നമ്മുടെ നിയമം പരിരക്ഷ നൽകുന്നത്. മറിച്ച് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ എഴുപത്തിയഞ്ച് കുട്ടികൾക്കും, അവിടുത്തെ അധ്യാപകർക്കുമല്ല. പുറമെ വിദ്യാഭ്യാസ സംരക്ഷണത്തിനിറങ്ങിത്തിരിച്ച സർക്കാരിന് ശകാരവും – സുപ്രീംകോടതിയ്ക്കാണെങ്കിൽ, ഇത് ഈ അവധിക്കാലത്ത് പരിഗണിക്കാവുന്ന കേസുമല്ല.

ഒരു സിനിമാതാരത്തിന്റെ ജയിൽ ശിക്ഷയ്ക്കുമേൽ, ജാമ്യമിളവ് നൽകാൻ മണിക്കൂറുകൾ മാത്രം വേണ്ടി വന്ന കോടതി ചരിത്രമുള്ള നമ്മുടെ നാട്ടിലാണ് നിയമ മുത്തശ്ശൻമാർ ഇത്തരത്തിൽ കണ്ണടച്ചുകാണിക്കുന്നത്. ഒരു സ്ഥലമുടമയുടെ അവകാശത്തെ മുഖവിലക്കെടുക്കുമ്പോൾ തന്നെ, നിയമ പുസ്തകത്തിനപ്പുറത്തെ കാഴ്ചപ്പാടുകൾ നമ്മുടെ കോടതികൾക്കുണ്ടാകേണ്ടതല്ലേ. അറവുശാലകൾക്കും ഷോപ്പിംഗ് സമുച്ചയങ്ങൾക്കുമൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കാണാൻ ശ്രമിക്കുന്നവരാകരുത് ന്യായാധിപൻമാർ. ഇന്നാട്ടിലെ സാധാരണക്കാരന്റെ വിദ്യാഭ്യാസ ആവശ്യങ്ങളെയും, അടിസ്ഥാന വർഗ്ഗങ്ങളുടെ ജീവിത നിലവാരത്തേയും തിരിച്ചറിയാൻ കഴിയാത്തവരായി കോടതി മുറികളിലെ മുതലാളിമാർ മാറുന്നു എന്നതാണ് നാടിന്റെ ദുര്യോഗം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews