നാവടക്കൂ പണിയെടുക്കൂ !

ഭരണമേറ്റെടുത്ത് അധികം കഴിയാതെ തന്നെ സി.പി.എം ഉന്നതര്‍‍ക്ക് പണി കിട്ടി തുടങ്ങി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായിയില്‍ തുടങ്ങി ഇപ്പോള്‍ മുഹമ്മദലിയ്ക്ക് കേരളത്തില്‍ അനശ്വര സ്മാരകം തീര്‍ത്ത ജയരാജനില്‍ ചെന്നെത്തി നില്‍ക്കുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിലമറന്ന് പോകുന്ന മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും ഇപ്പോള്‍ ഇരട്ടി പണിയാണ്. കാരണം കഴുകന്‍ കണ്ണുമായി ട്രോളന്മാര്‍ പറന്നു നടക്കുന്നു. ഇടതു മന്ത്രിസഭയ്ക്ക് ചെയ്തു തുടങ്ങാന്‍ പണിയേറെയുണ്ട്. മുന്‍സര്‍ക്കാറിന്റെ ദുഷ്ചെയ്തികള്‍ തിരുത്താന്‍ തന്നെ വേണ്ടി വരും അഞ്ച് കൊല്ലക്കാലം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ മാധ്യമങ്ങളുടെ മൈക്കുകള്‍ക്ക് മുമ്പില്‍ തലവച്ചുകൊടുക്കേണ്ട കാര്യമുണ്ടോ? തെരഞ്ഞെടുപ്പ് കാലത്ത് താന്‍ സൃഷ്ടിച്ച വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തെര‍ഞ്ഞെടുപ്പ് തീരും വരെ മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞ് നിന്നയാളാണ് പിണറായി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിക്കുവാന്‍ വേണ്ടി മാത്രം മുഖ്യ മാധ്യമങ്ങളെ കാണുന്ന തലത്തിലേക്ക് ഉയരുന്നതായിക്കൂടേ പുതിയ ഭരണത്തിന്റെ സമീപനം. ലോകത്തുണ്ടാകുന്ന എന്തിനെക്കുറിച്ചും അഭിപ്രായപ്രകടനം മാധ്യമങ്ങള്‍ക്ക് നല്‍കാനുള്ള ബാധ്യത ഭരണകര്‍ത്താക്കള്‍ക്കില്ല. അവരിപ്പോള്‍ ചെയ്യേണ്ടത് നാവടക്കി പണിയെടുത്ത് കാണിക്കുകയാണ്. അതല്ലെങ്കില്‍ ട്രോളര്‍മാര്‍ക്കായി വിധിക്കപ്പെട്ടവരായി മാറും നമ്മുടെ ഭരണകര്‍ത്താക്കള്‍.

NO COMMENTS

LEAVE A REPLY