ഒരു സ്‌കൂളിൽ ഒരു യൂണിഫോം; ഈ വർഷം നടപ്പാക്കില്ല

ചില സ്‌കൂളുകളിൽ ഓരോ ദിവസവും ഓരോ യൂണിഫോം എന്ന നിയമമുണ്ടെന്നും ഇത് പാലിക്കാത്ത കുട്ടികളെ ക്ലാസിന് പുറത്താക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബാലവകാശ കമ്മീഷന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി

ഒരു സ്‌കൂളിൽ ഒരു യൂണിഫോം എന്ന ബാലാവകാശ കമ്മീഷൻ നിർദ്ദേശം ഈ വർഷം നടപ്പാകില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നൽകാൻ വൈകിയതാണ് നിർദ്ദേശം അടുത്ത വർഷത്തേക്ക് നീട്ടിവെക്കാൻ കാരണം. ഉത്തരവ് ലഭിക്കാത്തതിനാൽ കഴിഞ്ഞ വർഷത്തെ യൂണിഫോമുകൾ തുടരുമെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം. നഗരങ്ങളിൽ സർക്കാർ മാനേജ്‌മെന്റ് സ്‌കൂളുകൾ വ്യത്യാസമില്ലാതെയും ഗ്രാമങ്ങളിൽ മാനേജ്‌മെന്റ് സ്‌കൂളുകളിലും ഒന്നിൽക്കൂടുതൽ യൂണിഫോമുകൾ ഉപയോഗിക്കുന്നുണ്ട്.

ഒരു സ്‌കൂളിൽ ഒന്നിൽ കൂടുതൽ യൂണിഫോമുകൾ പാടില്ലെന്നാണ് ബാലവകാശ കമ്മീഷൻ നിർദ്ദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് ബാലവകാശഷ കമ്മീഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. എല്ലാ പ്രധാനാധ്യാപകർക്കും ഏപ്രിലിൽ ഇതു സംബന്ധിച്ച നിർദ്ദേശം നൽകണമെന്നും കമ്മീഷൻ നൽകിയ ഉത്തരവിലുണ്ടായിരുന്നു. കമ്മീഷൻ ഉത്തരവിന് സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം അറിയിക്കണമെന്ന നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല.

ഈ അധ്യയന വർഷം നടപ്പിലാക്കിയില്ലെങ്കിലും അടുത്ത വർഷം കർശനമായി നടപ്പിലാക്കുമെന്നും ഉത്തരവിൽ പറയുന്നു. ഒരു സ്‌കൂളിൽ ഒരു യൂണിഫോമേ പാടുള്ളൂ എന്നും മൂന്ന് വർഷത്തേക്ക് ഇത് തുടരണമെന്നുമെന്നും ഉത്തരവിലുണ്ട്.

ചില സ്‌കൂളുകളിൽ ഓരോ ദിവസവും ഓരോ യൂണിഫോം എന്ന നിയമമുണ്ടെന്നും ഇത് പാലിക്കാത്ത കുട്ടികളെ ക്ലാസിന് പുറത്താക്കുന്നുവെന്നും ഇക്കാര്യത്തിൽ ബാലാവകാശ കമീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് തൃശൂർ കുരിയച്ചിറ സ്വദേശി ജിജു ആന്റോ താഞ്ചൻ കമ്മീഷനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഉത്തരവ് ഇറക്കിയത്.

ഒരു യൂണിഫോം ധരിച്ച് ബസിൽ കയറിയ വിദ്യാർഥി അന്നത്തെ യൂിഫോം അല്ല ധരിച്ചതെന്ന് തിരിച്ചറിഞ്ഞ് വസ്ത്രം മാറാൻ വീട്ടിലേക്ക് പോകാൻ ബസിൽനിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചതായി ഇദ്ദേഹം കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ കമീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.

വ്യത്യസ്ത സാമ്പത്തിക ചുറ്റുപാടുകളിൽനിന്ന് വരുന്നവർക്ക് വസ്ത്രങ്ങളുടെ പേരിൽ മാനസിക വിഷമം ഉണ്ടാകാതിരിക്കാനാണ് ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ഏർപ്പെടുത്തിയതെന്നും ഒരു സ്‌കൂളിൽ വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത യൂനിഫോം ധരിക്കണമെന്ന ഉത്തരവിലുള്ളതെന്നും മറുപടിയായി ഡി.പി.ഐ അന്ന് കമീഷനെ അറിയിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE