അജിതാ ബീഗത്തിന്റെ കുടുംബം ശരിയാക്കി

ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥർ ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനും ഉള്ളവരാണ്. എന്നാൽ അവർക്കും വേണ്ടേ കുടുംബ ജീവിതം. അതിനും പരിഹാരമുണ്ട് പിണറായി മന്ത്രിസഭയിൽ. ഐപിഎസ് ദമ്പതികൾക്ക് ഒരേ ജില്ലയിലും അടുത്തടുത്ത ജില്ലകളിലും നിയമനം നൽകിയാണ് ഇവരുടെ കുടുംബ ജീവിതത്തിനും പുതിയ മന്ത്രിസഭ പ്രാധാന്യം നൽകുന്നത്.

ഐപിഎസ് ദമ്പതികളായ അജിതാ ബീഗം-സതീശ് ബിനോ, ഉമ ബഹ്‌റ- ദേബേഷ് കുമാർ ബഹ്‌റ എന്നിവർക്കാണ് നിയമനത്തിൽ ഇത്തരം ഒരു പരിഗണന നൽകിയിരിക്കുന്നത്.

അജിതാ ബീഗത്തിനും സതീശ് ബിനോയ്ക്കും ഒരേ സമയം ഒരേ ജില്ലയിൽ നിയമനം നൽകി. അജിതാ ബീഗം കൊല്ലം റൂറലിൽ തുടരുകയും കോട്ടയം എസ് പിയായിരുന്ന സതീശ് ബിനോയെ കൊല്ലം കമ്മീഷ്‌റണായി നിയമിക്കുകയും ചെയ്തു. ഐഎഎസ് ഐപിഎസ് ദമ്പതികളിൽ പലർക്കും ഒരേ ജില്ലയിൽ നിയമനം ലഭിക്കാറുണ്ടെങ്കിലും ഐപിഎസ് ദമ്പതികൾക്ക് ഒരേ സമയം ഒരേ ജില്ലയിൽ നിയമനം നൽകുന്നത് അപൂർവ്വമാണ്.

തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ അജിതാ ബീഗം കാശ്മീരിൽനിന്നാണ് കേരളാ കേഡറിലെത്തിയത്. ആറ് മാസം തികയ്ക്കും മുമ്പേ സ്ഥലംമാറ്റിയ അജിതാ ബീഗത്തെ തെരഞ്ഞെടുപ്പായതോടെ ഇലക്ഷൻ കമ്മീഷൻ ഇടപെട്ട് കൊല്ലത്ത് നിയമിക്കുകയായിരുന്നു.

അജിതാ ബീഗം-സതീശ് ബിനോ ദമ്പതികൾക്ക് ഒരേ ജില്ലയിൽ നിയമനം ലഭിച്ചപ്പോൾ ഉമ ബഹ്‌റ- ദേബേഷ് കുമാർ ബഹ്‌റ ദമ്പതികൾക്ക് അയൽ ജില്ലകളാണ് നിയമനം ലഭിച്ചത്. ഉമ ബഹ്‌റ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണറാണ്. പാലക്കാട് എസ് പി ആയിരുന്ന ഭർത്താവ് ദേബേഷ് കുമാർ ബഹ്‌റയെ കോഴിക്കോടിന്റെ അയൽ ജില്ലയായ മലപ്പുറത്തെ എസ് പിയായും നിയമിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE