രാജി സമർപ്പിച്ചത് ഗണേഷിനല്ല, അമ്മയുടെ വേണ്ടപ്പെട്ടവർക്കെന്ന് സലീം കുമാർ

കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും കണ്ണിൽനിന്നു നോക്കുന്നതിന്റെ വ്യത്യാസമാണെന്നും താൻ ഒരു കലാകാരനാണെന്നും സലീം കുമാർ പ്രതികരിച്ചു.

താൻ രാജി സമർപ്പിച്ചത് ഗണേഷ്‌കുമാറിനല്ലെന്നും സിനിമാ സംഘടനയായ അമ്മയുടെ വേണ്ടപ്പെട്ടവർക്കാണെന്നും നടൻ സലീംകുമാർ. കെ ബി ഗണേഷ്‌കുമാറിന്റെ പ്രസ്ഥാവനക്കെതിരെ ട്വന്റിഫോർ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സലീം കുമാർ അമ്മയിൽ രാജി സമർപ്പിച്ചിട്ടില്ലെന്നും രാജി വിവാദം തെരഞ്ഞെടുപ്പു സമയത്തെ മുതലെടുപ്പായിരുന്നെന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞിരുന്നു. കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും കണ്ണിൽനിന്നു നോക്കുന്നതിന്റെ വ്യത്യാസമാണെന്നും താൻ ഒരു കലാകാരനാണെന്നും സലീം കുമാർ പ്രതികരിച്ചു. ഇതിൽ കൂടുതൽ നടപടികളൊന്നും സ്വീകരിക്കില്ല. അമ്മയിലേക്ക് തിരിച്ചുവരാൻ ഒരു തീരുമാനവും ഇല്ലെന്നും താൻ രാജി സമർപ്പിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്നും സലീം കുമാർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ താരപ്പോരാട്ടം നടന്ന പത്താനാപുരത്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന കെ ബി ഗണേഷ് കുമാറിന് വേണ്ടി നടൻ മോഹൻലാൽ അടക്കം നിരവധി താരങ്ങൾ പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാൽ താര സംഘടനയായ അമ്മ പത്തനാപുരത്ത് താര പ്രചാരണത്തിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും ഇത് ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി സലീംകുമാർ അമ്മയിൽനിന്ന് രാജി വെക്കുകയായിരുന്നു. തുടർന്ന് സലീംകുമാർ പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജഗദീഷിന് വേണ്ടി പ്രചാരണവും നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY