Advertisement

ചില ആളുകൾ സ്ഥിരമായി സെക്രട്ടേറിയറ്റിൽ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്, അവരെ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് പിണറായി

June 8, 2016
Google News 0 minutes Read

ഒരു സർക്കാർ മറ്റൊരു സർക്കാരിന്റെ തുടർച്ചയാണെന്ന് പറഞ്ഞാലും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രാഷ്ട്രീയ മാറ്റങ്ങൾ ജനങ്ങളുടെ അഭിലാഷം അനുസരിച്ചാണ് വന്നുചേരുന്നത് ജനങ്ങൾ അഭിലഷിക്കുന്ന കാര്യങ്ങൾ ഭരണത്തിൽ സർക്കാരിന്റെ നയങ്ങളായി പ്രതിഫലിക്കും. സർക്കാരിന് ജനങ്ങൾ നൽകുന്ന മാൻഡേറ്റ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിന് സെക്രട്ടേറിയേറ്റും ജീവനക്കാരുമാണ് സ്വാഭാവികമായി മുൻകൈ എടുക്കേണ്ടത്. ഇതിൽ മുഴുവൻ ജീവനക്കാരുടേയും സഹകരണം ഉണ്ടാവണമെന്നും സെക്രട്ടേറിയേറ്റിലെ ജീവനക്കാരോട് സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു.

ഉദ്യോഗസ്ഥർ പല തരക്കാരുണ്ട്. കുറേ കാലം ഉദ്യോഗത്തിൽ തുടരുമ്പോൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ശരിയായ തീവ്രതയോടെ മനസിലാക്കാൻ കഴിയാത്തവരുണ്ട്. നിങ്ങളുടെ മുന്നിൽ എത്തുന്ന ഫയലിൽ ജീവിതമാണ് ഉള്ളതെന്നത് മനസിലാക്കണം. കുടുംബത്തിന്റെയും വ്യക്തിയുടെയും നാടിന്റെയും ജീവിതമാണ് ഫയലുകളിൽ ഉള്ളത്. മിക്കവാറും ഫയലുകളിൽ നിങ്ങൾ ഒരു കുറിപ്പെഴുതുന്നുണ്ട്. ആ കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവർ തുടർന്നു ജീവിക്കണോ എന്നു പോലും തീരുമാനിക്കപ്പെടുന്നത്. അത്രയും പ്രധാന പ്രശ്‌നങ്ങളിലെ അഭിപ്രായങ്ങളാണ് നിങ്ങളുടെ പേന കൊണ്ട് കുറിച്ചിടുന്നത്. പ്രതീക്ഷയ്ക്കു വിരുദ്ധമായി പ്രതികൂല പരാമർശം വന്നാൽ ജീവിതം തന്നെ തകർന്നു എന്നു കരുതുന്നവരുണ്ട്. ആ തകർച്ചയുടെ ഫലമായി ഹിമാചലിൽ ഒരു വൃദ്ധ ആത്മഹത്യ ചെയ്തിട്ടുണ്ട്. അത്രകണ്ട് പ്രാധാന്യമുണ്ട് നിങ്ങളുടെ കുറിപ്പുകൾക്ക് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ഭരണം എന്നത് തുടർച്ചയായി നടക്കേണ്ട കാര്യമാണ്. രാഷ്ട്രീയ ഭരണാധികാരികൾ മാറി വന്നു എന്നു വരും. ഭരണം അതിന്റേതായ രീതിയിൽ പോകേണ്ടതായിട്ടുണ്ട്. അത് എങ്ങനെ വേഗത്തിലാക്കാം, കാര്യക്ഷമമാക്കാം, എങ്ങനെ കൂടുതൽ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളിൽ പുതിയ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് നടപ്പാക്കുക തന്നെ ചെയ്യും. അതിന് മുഴുവൻ ജീവനക്കാരുടെയം സഹകരണം ഉണ്ടാവണം. എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്ന നിലയുണ്ടാവണം. സെക്രട്ടേറിയറ്റ് ജീവനക്കാർ ഒരു മേൽക്കൂരയ്ക്കു കീഴിലാണ് ജോലി ചെയ്യുന്നതെന്നതോർത്ത് ഒരുമയോടെ പ്രവർത്തിക്കണം. തസ്തികകളുടെ കാര്യത്തിൽ മാത്രമായിരിക്കണം വേർതിരിവ്. മറ്റു തരത്തിലുള്ള ഒരുമ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ബോധത്തോടെ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ വലിയ മുന്നേറ്റം എല്ലാ കാര്യങ്ങളിലും ഉണ്ടാക്കാൻ സാധിക്കും.

എല്ലാ ഫയലുകളിലും അനുകൂലമായി എഴുതണമെന്നല്ല. ഓരോ ഫയലിനെയും സമീപിക്കുമ്പോഴും ആ ഫയലിൽ ജീവിതം ഉണ്ടെന്ന കരുതൽ നമുക്ക് ഉണ്ടാവേണ്ടതുണ്ട്. ഇപ്പോഴും നമ്മുടെ നാട്ടിൽ ബ്രിട്ടീഷുകാർ സ്വീകരിച്ച ഫയൽ നോട്ടരീതിയാണ് തുടരുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ എങ്ങനെയൊക്കെ അനുവദിക്കാതിരിക്കാം എന്നതാണ് പഴയ കൊളോണിയൽ സമ്പ്രദായത്തിലെ ഫയൽനോട്ട രീതി. വലിയ മാറ്റമൊന്നും ഇതിൽ വന്നിട്ടില്ല. നെഗറ്റീവ് ഫയൽ നോട്ട സമ്പ്രദായം മാറ്റി പോസിറ്റീവ് ഫയൽനോട്ട രീതിയിലേക്കു മാറണം. എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്നതായിരിക്കണം സ്വാഭാവികമായി ഫയൽ നോക്കുമ്പോഴുള്ള അടിസഥാന സമീപനം.

ജീവനക്കാരിൽ ഒട്ടുമിക്ക ആളുകളും സർവീസ് സംഘടനയിൽ ഉൾക്കൊള്ളുന്നവരാണ്. എല്ലാ സംഘടനകളും സമൂഹത്തോടു പ്രതിബദ്ധത വച്ചു പുലർത്തുന്നുണ്ട്. ഏതു സംഘടനയ്ക്കും സാമൂഹിക പ്രതിബദ്ധത കാട്ടണം. അത് തങ്ങളുടെ ജോലിയിലും ജീവനക്കാർ കാട്ടണം. സർക്കാർ സർവീസിൽ എല്ലാ കാലവും തുടരാൻ പറ്റില്ല. വിരമിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രശ്‌നങ്ങൾക്കും സർക്കാരിനെ സമീപിക്കണം. സർക്കാർ സർവീസിന്റെ ഭാഗമായുള്ള ജീവിതത്തിൽ നല്ല മാതൃകകൾ സൃഷ്ടിച്ചാൽ മാത്രമേ ഭാവിയിൽ തനിക്കും ആ മാതൃക കിട്ടുകയുള്ളൂ.

സർക്കാർ സംവിധാനം ഉദ്യോഗസ്ഥർക്കു വേണ്ടി എന്നതല്ല, ഉദ്യോഗസ്ഥർ സർക്കാരിനു വേണ്ടി എന്നതാണ് ശരി. സർക്കാർ എന്നത് ജീവനക്കാർക്കു വേണ്ടിയുള്ള സംവിധാനമല്ല. നാം സ്വീകരിക്കേണ്ട നിലപാട് സാധാരണക്കാർ നമ്മെ പല പ്രശ്‌നങ്ങളുമായി സമീപിക്കുന്നുണ്ട്. അവരുടെ ജീവൽപ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. അവർ നമ്മിൽ നിന്ന് സേവനമാണ് പ്രതീക്ഷിക്കുന്നത്. അവരുണ്ടെങ്കിലേ തങ്ങൾ ഉള്ളൂ എന്ന ചിന്ത സ്വാഭാവികമായും ജീവനക്കാർക്കുണ്ടാവണം.

സെക്രട്ടേറിയറ്റിന്റെ പരമ പ്രാധാന്യം ജീവനക്കാരിൽ തന്നെയാണ് കുടികൊള്ളുന്നത്. ഏതെങ്കിലും ഒരു ഭാഗത്ത് തളർച്ചയുണ്ടായാൽ ഈ സംവിധാനത്തിനാകെ തന്നെ തളർച്ച വരും. എല്ലാം സജീവമായി നിലനിൽക്കുക എന്നതാണ് പ്രധാനം. ജീവനക്കാർ പ്രവർത്തിക്കേണ്ടത് അർപ്പണ ബോധത്തോടെയാവണം. സർക്കാരിനെ സേവിക്കൂ എന്നത് സമൂഹത്തെ സേവിക്കുക എന്ന അർപ്പണ ബോധത്തോടെ പ്രവർത്തിക്കണം. സമൂഹത്തിൽ നിലനിൽക്കുന്ന അഴിമതിയിൽ നിന്ന് പൂർണമായും മുക്തമാവാൻ നമുക്ക് കഴിയേണ്ടതുണ്ട്. സാധാരണ ഗതിയിൽ സെക്രട്ടേറിയറ്റ് ജീവനക്കാരെ കുറിച്ച് അഴിമതിയുമായി ബന്ധപ്പെട്ട ആക്ഷേപം വൻ തോതിൽ ഉയർന്നു കേൾക്കാറില്ല. അഴിമതിയും കൈക്കൂലിയും അടക്കമുള്ള ദുഷിപ്പുകളിൽ നിന്ന് മാറി നിൽക്കാൻ കഴിയേണ്ടതുണ്ട്. അത് നല്ല നിലയ്ക്കു തന്നെ തുടരണം.

എന്നാൽ ചില ആളുകൾ സ്ഥിരമായി സെക്രട്ടേറിയറ്റിൽ കറങ്ങിക്കൊണ്ടിരി ക്കുന്നുണ്ട്. നിങ്ങൾക്ക് അറിയാം അവരെ. പ്രത്യേകമായി ശ്രദ്ധിക്കണം. ഒരു സഞ്ചിയും തൂക്കി ഓഫിസിന്റെ ഇടനാഴികളിൽ കറങ്ങുക എന്നത് നല്ല ശീലമല്ല. നിങ്ങളെ ഉപയോഗിച്ച് അഴിമതി നടത്തനാണ് അവരുടെ ശ്രമമെങ്കിൽ തടയണം. ഇത്തരത്തിലുള്ള ആളുകൾ അതിന്റെ ഭാഗമായിട്ടാണോ വരുന്നത് എന്നത് പരിശോധിക്കേണ്ട ബാധ്യതയും നിങ്ങൾക്കുണ്ട്. ചെയ്തു തീർക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ട്. എത്ര ചെയ്താലും പിന്നെയും ബാക്കി നിൽക്കും. സർവീസ് എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെ കുറിച്ച് എപ്പോഴും നാം ചിന്തിക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ നമ്മുടെ മുന്നിൽ വരുന്ന ഫയലുകളിൽ തീരുമാനമെടുക്കണം. ഓരോരുത്തരും ഇതിനായി പ്രവർത്തിക്കണം. സെക്രട്ടേറിയറ്റ് മാന്വലിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കണം. കംപ്യൂട്ടർവൽക്കരണം കാലതാമസം ഒഴിവാക്കാൻ സഹായിക്കുന്നുണ്ട്. കംപ്യൂട്ടർവൽക്കരണം നടക്കാത്ത ഡിപാർട്‌മെന്റുകൾ പെട്ടെന്നു തന്നെ അതിലേക്കു കടക്കണം.

സെക്രട്ടേറിയറ്റിലെ സന്ദർശന സമയത്ത് ഔദ്യോഗിക ചർച്ചകളും യോഗങ്ങളും ഒഴിവാക്കി, ജനങ്ങൾക്കുള്ള അവസരം നൽകണം. അഴിമതി രഹിതവും സുതാര്യവുമായ നവകേരളത്തിന്റെ സൃഷ്ടിക്കാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കലവറയില്ലാത്ത പിന്തുണയാണ് സർക്കാർ ആവശ്യപ്പെടുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇ ഗവേർണൻസ് സംവിധാനം നടപ്പാക്കും. അടുത്ത രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ പല ഓഫിസുകളും ഇ–ഓഫിസ് സംവിധാനത്തിലേക്കു മാറണം. അതോടെ ഓരോ അപേക്ഷയുടെയും അപ്പോഴുള്ള സ്ഥിതി അപേക്ഷകന്റെ ഫോണിൽ മനസിലാക്കാൻ കഴിയും. അപ്പോൾ മാത്രമേ സുതാര്യ കേരളം പൂർണ അർഥത്തിൽ നടപ്പാക്കാൻ സാധിക്കൂ. സമയപരിധിക്കുള്ളിൽ സേവനം കൊടുക്കാൻ ഐടി സംവിധാനം ഉപയോഗപ്പെടുത്തി, ഭരണം കാര്യക്ഷമമാക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here