തെറി പറഞ്ഞവർ ആ തെറിക്ക് വേണ്ടി തെരുവിൽ ഭിക്ഷയെടുത്തു

കാലത്തിന്റെ അടഞ്ഞ മനസുകളെ നോക്കി തെറി പറഞ്ഞ കോളേജ് വിദ്യാർഥികൾ തെരുവിൽ ‘ഭിക്ഷ’യെടുക്കുന്നു ! ഒരു മാഗസിന്‍ പുറത്തിറക്കിയതിന്റെ പേരില്‍ ആണ് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ശ്രീഷമീമിനും കൂട്ടുകാർക്കും തെരുവിലിറങ്ങേണ്ട ബാധ്യത വന്നത്.

വിശ്വവിഖ്യാത തെറി എന്ന മാഗസിന്‍ പ്രസിദ്ധീകരിച്ചതിന്റെ കടബാധ്യത തീർക്കുകയാണ് ലക്‌ഷ്യം ! കോളേജ് മാനേജ്‌മെന്റ് മാഗസീനിനു വേണ്ടി നല്കേണ്ട ഫണ്ട് തടഞ്ഞു വച്ചതോടെയാണ് വിദ്യാർഥികൾ കുരുക്കിലായത്. എ.ബി.വി.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാഗസിന് കോളേജ് മാനേജ്‌മെന്റ് നല്‍കിയ ആദ്യഗഡു തുക പോലും മടക്കി നല്കണം എന്ന കുരുക്ക് കൂടി എത്തിയിട്ടുണ്ട്. 30000 രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മാനേജ്‌മെന്റ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. പണം നല്‍കാത്തതിന്റെ പേരില്‍ ഷമീമിന് ടീസിയും നിഷേധിച്ചു.

മാഗസിന് രേഖാമൂലം അനുമതിയില്ലെന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. എന്നാല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പൂര്‍ണ അനുമതിയോടെ തന്നെയായിരുന്നു മാഗസിന്‍ പുറത്തിറക്കിയതെന്ന് മാഗസിന്റെ എഡിറ്ററായ ശ്രീഷമീം. വിശ്വവിഖ്യാത തെറി വിവാദമായ സമയത്ത് കോളേജ് മാനേജ്‌മെന്റ് ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല. എന്നാല്‍ വിവാദങ്ങള്‍ ഒന്നടങ്ങിയപ്പോള്‍ കമ്മിറ്റി വിളിക്കുകയും അന്വേഷണം ആരംഭിക്കുകയുമാണ് ചെയ്തത്. ശ്രീഷമീം വിശദീകരിക്കുന്നു.

ദളിതരും കീഴാളരുമായ പാവപ്പെട്ടവരെ സവര്‍ണര്‍ ഭാഷാപരമായും സാംസ്‌ക്കാരികമായും അടിച്ചമര്‍ത്തുന്നതിനെ തുറന്നു കാണിച്ച മാഗസീൻ ആയിരുന്നു വിശ്വവിഖ്യാത തെറി. ഉള്ളടക്കം മാനേജ്മെന്റിനെ നല്ല സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തു. ആർ.എസ്.എസ്. സമ്മർദ്ദത്തിൽ കേന്ദ്രം ഭീഷണി ഉയർത്തിയതാണ് പുതിയ നടപടിക്കു മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം. പ്രശ്‌നം മാഗസിനിലെ ഉള്ളടക്കം തന്നെ. എന്നാല്‍ അത് അവര്‍ പുറത്തുപറയില്ല. അവര്‍ക്ക് സാങ്കേതിക വിഷയം മാത്രമേ പുറത്തു പറയാൻ കഴിയുന്നുള്ളൂ.

എന്തായാലും തെരുവിൽ ഭിക്ഷയെടുത്ത്‌ കടം വീട്ടാനുള്ള തീരുമാനം ഒരു സമരമായി രൂപപ്പെട്ടു. സേവ് ഡെമോക്രസി പ്രൊട്ടക്ട് മാഗസിന്‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റങ്ങള്‍ക്കിരായായ കോളേജ് മാഗസിനൊരു കൈത്താങ്ങ് ! സമരം ധന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായാൽ പ്രതികരണ ശേഷിയ്ക്കുള്ള അംഗീകാരം കൂടിയാവും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE