മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്

ശ്രീകണ്ഠന്‍ നായര്‍ എഴുതുന്നു, കാലിക സാമൂഹിക പ്രശ്നങ്ങളില്‍ ജനകീയ മനസോടെ.. ഓണ്‍ലൈനില്‍ ഇനി നല്ല എഴുത്തിന്റെ Good Days

GoodDays_Page-SKN
പ്രിയപ്പെട്ട മുഖ്യമന്ത്രിയ്ക്ക്,
ഒരുപാട് സാധ്യതകളുള്ള ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ കടുത്ത പ്രതിസന്ധികളും പ്രശ്നങ്ങളും നിരവധിയുണ്ട്  ഈ നാട്ടിലെന്ന് അങ്ങയ്ക്ക് പൂര്‍ണ്ണ ബോധ്യമുണ്ട് എന്നാണ് എന്റെ വിശ്വാസം.
നന്നായി ഭരിക്കാനുള്ള സാഹചര്യങ്ങൾ  താങ്കൾക്ക്  അനുകൂലമാണ്. .ഏറ്റവും പ്രധാനം നിയമസഭയിലെ ഭൂരിപക്ഷം, പറയുന്നത് ചെയ്യുന്ന ആളാണെന്ന ഖ്യാതി, പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത അധീശത്വം- അങ്ങനെ പലതും…. ഈ സാഹചര്യം അങ്ങ് ഉപയോഗപ്പെടുത്തണം. ഭരണത്തിന് കേരളത്തിന്റെ ഭാവിയില്‍ ഊന്നിയുള്ള ഒരു മുന്‍ഗണനാക്രമം ഉണ്ടാകണം. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വികസന മുരടിപ്പ്, നിക്ഷേപകരുടെ വൈമുഖ്യം, ആരോഗ്യ രംഗത്തെ പ്രതിസന്ധി, അഴിമതി, അക്രമം, ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വം, പരദേശി തൊഴിലാളികള്‍, വളരുന്ന കുറ്റവാസന, സ്ത്രീകളുടെ സുരക്ഷിതത്വ കുറവ്, മതവെറി തുടങ്ങി കേരളം നേരിടുന്ന അടിയന്തിര പ്രശ്നങ്ങളെ കുറിച്ച്  ഒരു ധവള പത്രം ഇപ്പോള്‍ തന്നെ ഇറക്കണം. കുറച്ച് വൈകിയാല്‍ ഇങ്ങനെ ഒരു പത്രം അങ്ങയ്ക്ക് ഇറക്കാനാവില്ല. പലകാരണങ്ങളാല്‍..
pinarayi 1
അതുപോലെ രാഷ്ട്രീയ നിറഭേദമില്ലാതെ ഒരു സംഘം പ്രൊഫഷണലുകളുടെ ഉപദേശക സമിതി അങ്ങ് ഉണ്ടാക്കണം. ലോകത്ത് അത്ഭുതങ്ങള്‍ കാട്ടിയ നിരവധി മലയാളികള്‍ ഉണ്ട്. പെറ്റ നാടിന് ഗുണം ചെയ്യാന്‍ കാത്തിരിക്കുന്നവര്‍. ഇതില്‍ ദയവുചെയ്ത് സ്തുതിപാഠകരെ ഉള്‍പ്പെടുത്തരുത്. അങ്ങയുടെ ഭാഷയില്‍ പറഞ്ഞാല്‍ കാശിനും മണ്ണിനും കൊള്ളാത്ത നെറി കെട്ട അവതാരങ്ങള്‍.
അങ്ങയ്ക്കറിയാമല്ലോ കേരളത്തിന് പുറത്തുള്ള നിക്ഷേപര്‍ക്ക് ഈ നാടിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. വന്നുപെട്ടാല്‍ പണം പോകുമെന്ന ധാരണ. നമുക്ക രണ്ട് പേര്‍ക്കും അറിയാം അത്തരം കടുത്ത പ്രതിസന്ധികൾ കേരളത്തിൽ നിക്ഷേപകർക്കില്ലെന്ന്. പക്ഷേ 50ഡിഗ്രി ചൂടില്‍ കഠിനാധ്വാനം ചെയ്ത് അവരുണ്ടാക്കിയ പണത്തോട് ആദരവ് കാണിക്കാത്ത ബ്യൂറോക്രസി ഇവിടെ ഉണ്ട്. എല്ലാ വികസന സ്വപ്നങ്ങളും അവര്‍ പൊളിച്ചടുക്കും. ഏകജാലകത്തെ അവര്‍ ഏഴായിരം ജാലകമാക്കും. അവരെ നിലയ്ക്ക് നിര്‍ത്താന്‍ അങ്ങയ്ക്ക് കഴിയും. അങ്ങയ്ക്കും കഴിയില്ലെങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസമുള്ള തൊഴിലില്ലാ പട എങ്ങോട്ട് പോകും?
pinarayi at niyamasabha
സെക്രട്ടറിയേറ്റിലെ ഉഴപ്പന്മാരോട് അങ്ങ് പറഞ്ഞത് നന്നായി. യൂണിയന്റെ കാര്‍ഡുകളില്‍ രക്ഷപ്പെടണ്ട ഈ പാഴ്നിലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല.
ldfമൂന്നാറില്‍ റിസോര്‍ട്ട് പൊളിഞ്ഞ് വീഴുന്നത് കണ്ട് നമ്മുടെ ആളുകള്‍ കയ്യടിയ്ക്കുമ്പോള്‍ വിദേശത്ത് ഇരുന്ന് ഇതൊക്കെ കാണുന്ന നിക്ഷേപകര്‍ എന്തു ചിന്തിയ്ക്കും എന്ന് യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും തിരിച്ചറിയുന്നുണ്ട്.
പിന്നെ കൂടെ ഉള്ളവരോട് ഓരോ ദിവസവും ഇറങ്ങി ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ പറഞ്ഞ് കുഴപ്പത്തിലാവണ്ട എന്ന് അങ്ങ് ഉപദേശിക്കണം. സായാഹ്ന ടിവിയിലെ കോമഡി ഷോയില്‍ നായകരാകേണ്ട എന്ന് അവര്‍ സ്വയം തീരുമാനിയ്ക്കണം.
ഇവര്‍ക്ക് ഒരു ഗൃഹപാഠം അങ്ങ് നല്‍കണം. ആദ്യത്തെ വര്‍ഷം സ്വന്തം വകുപ്പില്‍ ചെയ്യാൻ പോകുന്ന കാര്യങ്ങള്‍ ഗവേഷണമൊക്കെ ചെയ്ത് പഠിച്ചിട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൊണ്ടുവരാൻ പറയണം. നമ്മള്‍ ഒരുപാട് പ്രസംഗിക്കുന്നവരാണ്, ഇനി കുറച്ചുകാലം പ്രസംഗം കുറച്ച് പ്രവര്‍ത്തിയ്ക്കാം.
അതിരപ്പിള്ളി പോലുള്ള ഗഹനമായ വിഷയങ്ങളിലും മുല്ലപ്പെരിയാര്‍ പോലെയുള്ള വികാരപരമായ പ്രശ്നങ്ങളിലും പെട്ടെന്ന് തീ കോരിയിട്ട് അങ്ങയുടെ മുന്‍ഗണനകളില്‍ നിന്ന് വഴുതിമാറരുത്.ഇതൊക്കെ പറയാന്‍ കാരണം അങ്ങയില്‍ ഒരുപാട് പ്രതീക്ഷകള്‍ നാട്ടുകാര്‍ വച്ചു പുലര്‍ത്തുന്നുണ്ട്.  അതുകൊണ്ട് മാത്രമാണ്.
pinarayi 2
കൂട്ടത്തില്‍ പറയട്ടെ,കാബിനെറ്റിൽ  ചർച്ച  ചെയ്ത ഭരണപരമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കുത്തിക്കീറാന്‍ കൊടുക്കേണ്ട എന്നു തീരുമാനിച്ചതും നന്നായി. അതൊരു നരേന്ദ്രമോഡി സ്റ്റൈലാണെങ്കിലും കാര്യബോധമുള്ള ഒരു പ്രൊഫഷണല്‍ സമിതിയുടെ സഹായത്തോടെ ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ചിലപ്പോള്‍ പരക്ഷേമ കാംക്ഷികള്‍ ഒരു  ഓമനപ്പേര് താങ്കള്‍ക്ക് ചാര്‍ത്തി തന്നെന്നുവരും. ‘സ്വേഛാധിപതി’! എന്നാലും സാരമില്ല. ഈ നാട് രക്ഷപ്പെടുമെങ്കില്‍!
അനന്ത സാധ്യതകളുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണദണ്ഡാണ് അങ്ങയ്ക്ക ജനങ്ങള്‍ വച്ചു തന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ വഴി മുടക്കികളേയും നിക്ഷിപ്ത താത്പര്യക്കാരേയും അങ്ങ് മുഖവിലയ്ക്കെടുക്കേണ്ട കാര്യമില്ല. മാറുന്ന ലോകത്തിലെ ഒരു സ്വപ്ന കേരളത്തിലേക്ക് അങ്ങ് യാത്ര തുടങ്ങുമെന്ന പ്രതീക്ഷയോടെ
സ്വന്തം
ശ്രീകണ്ഠന്‍ നായര്‍

7 COMMENTS

 1. എല്ലാ ആശംസകളും നേരുന്നു, ശ്രീകണ്ഠന്‍ നായര്‍. (Y)

 2. ശ്രീമാൻ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത് ശെരിയാണ്‌ . കാരണം ഒരാൾ ഒരു മുഖ്യ മന്ത്രി ആയാൽ തീര്ച്ചയായും പാർട്ടിക്ക് വേണ്ടി ഭരിക്കരതു. ഭരണം ജന നന്മക്കു വേണ്ടി മാത്രം ആകണം അതിൽ പാർടിയോ കുടുംബവോ ഇട കലർതരുതു. ഒരു യദാർത്ഥ ഭരണാധികാരി നിസ്പക്ഷൻ ആകേണം. അപ്പോഴേ നീധി ഉറപ്പാക്കാൻ സാധിക്കു .ഒരു മുഖ്യൻ ആയാലും പ്രധാന മന്ത്രി ആയാലും രാജ്യ നന്മ ഒന്നാം സ്ഥാനത് ഉണ്ടാകണം

 3. സർ പറഞ്ഞത് പോലെ പ്രസംഗം നിറുത്തി പ്രവൃത്തിക്കാൻ പിണറായി സർ നു കഴിയുമെന്നു പ്രതീക്ഷികാം.

 4. I hope our Chief Minister keeps a copy of this letter
  on his table and reads it once everyday before he starts his official work. Mr Sreekandan sir I appreciate you for being such a watchdog of our society .What you have brought to the notice of our CM is the pulse of every Malayaly.Congrats !

 5. Yes, let actions speak !
  Mr. Shreekandan Nair, your letter to CM is an eye-opener. Congrats !

 6. ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ നേതാവ് പലപ്പോഴും
  പാർട്ടിക്ക് അതീതനാവേണ്ടി വരും
  ….പ്രതീക്ഷയില്ല

LEAVE A REPLY