കോടതി വളപ്പിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; കർശന നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

pinarayi-vijayan-in-a-press-conference

പാലക്കാട് നെല്ലായയിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ച കേസിൽ പ്രതികളായ ബിജെപി പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കവെ മാധ്യമപ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ച കേസിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിന് നിർദ്ദേശം നൽകി.

മാധ്യമ സ്വാതന്ത്രത്തെ പരിരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ആ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം ആരിൽനിന്നുണ്ടായാലും അതിനെ കർശനമായി നേരിടും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ സമൂഹത്തിന് ചേരാത്ത പ്രവർത്തിയാണ് ഒറ്റപ്പാലത്ത് നടന്നതെന്നും ഇത് അപലപനീയമാണെന്നും പിണറായി വിജയൻ.

ദൃശ്യങ്ങൾ പകർത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ ടി വി, സിറ്റി ചാനൽ തുടങ്ങിയ മാധ്യമങ്ങളുടെ നേരെയാണ് ആക്രമണവും ഭീഷണയും ഉണ്ടായത്. പ്രതികളെ കോടതിലേക്ക് കൊണ്ടുപോകാനിരിക്കെ കോടതി വളപ്പിൽ പോലീസുകാർ നോക്കി നിൽക്കെയാണ് സംഭവം.

ആക്രമണത്തിൽ റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ടർ ശ്രീജിത്തിന് പരിക്കേറ്റു. ആർഎസ്എസ് പ്രവർത്തകർ മാധ്യമപ്രവർത്തകരുടെ കഴുത്ത് ഞെരിച്ച് ആക്രമിക്കുകയായിരുന്നു.

‘ഒരു എംഎൽഎയും എംപിയും ഇല്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്, വെട്ടിനിരത്തിയിട്ടുണ്ട്, തീർത്തുകളയും’ എന്നാക്രോശിച്ചാണ് ബൈക്കിലെത്തിയ രണ്ട് ആർഎസ്എസ് പ്രവർത്തകർ ഭീഷണി മുഴക്കിയത്.

NO COMMENTS

LEAVE A REPLY