Advertisement

ജിഷ വധം കൊലപാതകിയെ കണ്ടെത്തിയതിന് പിറകിലെ പോലീസ് പരിശ്രമങ്ങൾ

June 16, 2016
Google News 0 minutes Read
ഏപ്രിൽ 28 ന് പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട് 50 ദിവസം പിന്നിടുമ്പോൾ പ്രതിയെ പോലീസ് പിടിച്ചു കഴിഞ്ഞു. ഏറെ കുഴപ്പിക്കുന്ന സംശയങ്ങൾക്കും നീണ്ട വിശകലനങ്ങൾക്കുമൊടുവിലാണ് അസ്സാം സ്വദേശിയാണ് പ്രതി എന്ന നിഗമനത്തിൽ പോലീസ് എത്തുന്നത്. ഇതിന് പിറകിൽ ഒരു പറ്റം പോലീസുകാരുടെ അധ്വാനമുണ്ട്. താഴേ തട്ടുമുതൽ ഡിജിപി വരെ നൂറുകണക്കിന് പോലീസുകാരാണ് ജിഷയുടെ കൊലപാതകിയെ തേടി ഇറങ്ങിയത്.

പെരുമ്പാവൂരിലെ ജിഷയുടെ ക്രൂരമായ കൊലപാതകം തെളിയിക്കാനായത് കേരളാ പോലീസിന്റെ ചരിത്ര നേട്ടമെന്ന് പോലീസിന്റെ പത്രക്കുറിപ്പ്. കേരളത്തെ പിടിച്ചുലച്ചതും ഇന്ത്യ ഒട്ടാകെ പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം സൃഷ്ടിച്ചതുമായ ജിഷയുടെ കൊലപാതകം തെളിയിക്കാനായത് കേരളാ പോലീസിന് ചരിത്രനേട്ടമായെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്.

നൂറിലധികം പോലീസുദ്യോഗസ്ഥരാണ് ജിഷയുടെ കൊലപാതകിയെ കണ്ടെത്താനായി രാപ്പകൽ കഷ്ടപ്പെട്ടത്. ശാസ്ത്രീയമായ തെളിവുകൾ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചു. 1500 ൽ അധികം തെളിവുകൾ കണ്ടെത്തി, 5000ൽ അധികം പേരുടെ ഫിങ്കർ പ്രിന്റ് പരിശോധിച്ചു, ഇരുപത് ലക്ഷത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിന് അകത്തും പുറത്തും നിരവധി ആശുപത്രികളിൽ പരിക്ക് പറ്റി ചികിത്സ തെടിയവരെ പരിശോധന നടത്തി. പശ്ചിമ ബംഗാൾ, ഒറീസ്സാ, അസ്സാം, ഛത്തീസ്ഖണ്ഡ്, ബീഹാർ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രത്യേക സംഘത്തെ അയച്ച് അന്വേഷണം നടത്തി. ഇതിന്റെയെല്ലാം പരിണിത ഫലമാണ് കേസിന്റെ വിജയമെന്നും കുറിപ്പിൽ പറയുന്നു.

അന്വേഷണത്തിനിടയിൽ സംഭവസ്ഥലത്തെ കനാലിൽ കാണപ്പെട്ട ചെരുപ്പിൽനിന്ന് ലഭ്യമായ രക്തം മരണപ്പെട്ട ജിഷയുടേതാണെന്ന് തിരിച്ചറിഞ്ഞു. ജിഷയുടെ മുതുകിൽ കാണപ്പെട്ട കടിച്ച പാടിൽനിന്ന് ഉമിനീരും ചെരിപ്പിൽ കാണപ്പെട്ട രക്തവും, വാതിലിന്റെ കട്ടളയിൽ കാണപ്പെട്ട രക്തവും ഒരാളുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ മനസ്സിലായതിനാൽ പോലീസിന് പ്രതിയിലേക്ക് കൂടുതൽ അടുക്കാനായി.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച ചെരുപ്പിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് അസ്സം സ്വദേശിയുടേതാണെന്ന് കണ്ടെത്തി. ജിഷയുടെ വീട്ടിനടുത്ത്  താമസിച്ചിരുന്ന ഇയാൾ സംഭവ ദിവസം സ്ഥലം വിട്ടു. അന്വേഷണത്തിൽ ഇത് കണ്ടെത്തിയതോടെ ഇയാളെ പിടികൂടാനായി ശ്രമങ്ങൾ. പല സ്ഥലങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ കാഞ്ചീപുരത്തുനിന്ന് പിടികൂടി.  ശാസ്ത്രീയ തെളിവുകളും പരിശോധനാ ഫലങ്ങളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും  ഉൾപ്പെടുത്തി അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നുമാണ് പത്രക്കുറിപ്പിൽ പോലീസ് വിശദമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here