ജിഷ കൊലക്കേസ് ;അന്ന് മുതൽ ഇന്ന് വരെ

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ എന്ന വാർത്തയിൽ നിന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷാ കൊലക്കേസ് എന്ന ലേബലിലേക്ക് പെരുമ്പാവൂർ കൊലപാതകം പരിണമിച്ചത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ്. സോഷ്യൽ മീഡിയയിലുടെ സംഭവം പുറംലോകമറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനെപ്പോലും അപ്രസക്തമാക്കിക്കൊണ്ട് മാധ്യമങ്ങളെല്ലാം ജിഷയ്ക്കു വേണ്ടി നാവുയർത്തി. ഡൽഹിയിലെ നിർഭയ സംഭവവുമായി പെരുമ്പാവൂർ കൊലപാതകത്തെ താരതമ്യപ്പെടുത്തിയതോടെ വാർത്ത ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു.കേസിന്റെ നാൾവഴികളിലൂടെ.

2016 ഏപ്രിൽ 28:രാത്രി എട്ട് മണിയോടെ പെരുമ്പാവൂരിലെ വീടിനുള്ളിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു. അമ്മ രാജേശ്വരി ജോലികഴിഞ്ഞ് തിരികെവരുമ്പോഴാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമായ നിലയിലായിരുന്നു മൃതദേഹം.

2016 ഏപ്രിൽ 30:പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നു.കൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയരുന്നു. അയൽവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിടുന്നു.

2016 മെയ് 4:ജിഷയുടെ പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടന്നതായും ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു എന്നും റിപ്പോർട്ട്. അന്വേഷണസംഘത്തിൽ നിന്ന് പെരുമ്പാവൂർ ഡിവൈഎസ്പി അനിൽകുമാറിനെ ഒഴിവാക്കി. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എ ബി ജിജിമോന് പകരം ചുമതല. രേഖാചിത്രവുമായ് സാമ്യം ആരോപിച്ച് ജിയുടെ അയൽവാസി കണ്ണൂരിൽ നിന്ന ്‌പോലീസ് പിടിയിൽ.

2016 മെയ് 8:ജിഷയുടെ ചേച്ചി ദീപയുടെ സുഹൃത്തിനെ ചുറ്റിപ്പറ്റി അന്വേഷണം.കൊലപാതകി അന്യസംസ്ഥാനതൊഴിലാളിയെന്ന് സൂചന ലഭിക്കുന്നു.തൊഴിലാളികൾ ധരിക്കുന്ന തരത്തിലുള്ള ചെരിപ്പ് ജിഷയുടെ വീടിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുക്കുന്നു.

2016 മെയ് 10:കൊലപാതകി മുൻനിരയിലെ പല്ലിന് വിടവുള്ളയാളെന്ന വിവരം പോലീസ് പുറത്തുവിടുന്നു.മൃതദേഹത്തിലെ മുറിവുകളിൽ നിന്നാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്.

2016 മെയ് 14:കേസിൽ നിർണായക വഴിത്തിരിവായി കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പോലീസിന് ലഭിച്ചു.എന്നാൽ,കസ്റ്റഡിയിലുള്ളവരുടേതുമായി ഇത് ചേരാത്തത് പോലീസിനെ വലച്ചു.

2016 മെയ് 16:കൊലപാതകിയെത്തേടി പേലീസ് ബംഗാളിലെ മൂർഷിദാബാദിലേക്ക്.കൊലപാതകസ്ഥലത്തെ മൊബൈൽ ഫോൺ രേഖകളഉടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പ്രതി അന്യസംസ്ഥാനതൊഴിലാളി തന്നെയെന്ന് പോലീസ് ഉറപ്പിക്കുന്നു.

2016 മെയ് 19:പത്ത് പേർ കൂടി കസ്റ്റഡിയിലായി. എന്നാൽ,ഡിഎൻഎ ചേരാത്തത് കേസ് വഴിമുട്ടിച്ചു.

2016 മെയ് 28:എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ എട്ടംഗ സംഘത്തിന് ജിഷ വധക്കേസിന്റെ ചുമതല നൽകി.

2016 മെയ് 31:ഡിഎൻഎ പരിശോധനയിൽ കൂടുതൽ വ്യക്തത.

2016 ജൂൺ 2:പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പുറത്ത്.ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമുള്ള ആളുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.

2016 ജൂൺ 10:കൊലപാതകിയെന്ന് കരുതുന്ന ആളുടെ വീഡിയോ ദൃശ്യം പോലീസിന് ലഭിച്ചു. ജിഷയ്ക്ക് പിന്നിലായി നടന്നുപോവുന്ന ഇയാളുടെ ദൃശ്യം ലഭിച്ചത് ജിഷയുടെ വീടിന് സമീപത്തുള്ള വളംവിൽപന കേന്ദ്രത്തിലെ സിസിടിവിയൽ നിന്ന്. മഞ്ഞനിറമുള്ള ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നത്.

2016 ജൂൺ 13:ജിഷയുടെ വീടിന് പരിസരത്തുള്ള അന്യസംസ്ഥാനക്കാരെ പോലീസ് ചോദ്യം ചെയ്തു.ഇരുപത്തിയഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തു.സംഭവദിവസം വീടിനടുത്ത് ജോലി ചെയ്തിരുന്നവരെയാണ് പരിശോധിച്ചത്. പ്രതിയെക്കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിക്കുന്നു.

2016 ജൂൺ 14:ലഭിച്ച വിവരങ്ങളനുസരിച്ച് പ്രതിയെ പാലക്കാട് തമിഴ്‌നാട് കേരള അതിർത്തിയിൽ നിന്ന് പ്രത്യേകസംഘം അറസ്റ്റ് ചെയ്യുന്നു.അന്ന് തന്നെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയയ്ക്കുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുന്നു.

2016 ജൂൺ 16:പ്രതിയെ പിടികൂടിയ വിവരം പുറത്തുവരുന്നു.അധിക െൈവകാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം സ്ഥിരീകരിക്കുന്നു.തൊട്ടുപിന്നാലെ പുറത്തുവന്ന ഡിഎൻഎ പരിശോധനാഫലവും പ്രതി അമിയൂർ ഉൽ ഇസ്ലാം തന്നെ എന്ന് ശരിവയ്ക്കുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE