ചലച്ചിത്രകാരൻ പോൾ കോക്‌സ് അന്തരിച്ചു; നഷ്ടമാവുന്നത് സിനിമയുടെ കച്ചവടവഴികളോട് മുഖം തിരിച്ച അതുല്യപ്രതിഭയെ

ആസ്‌ത്രേലിയൻ സ്വതന്ത്രസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന വിഖ്യാതചലച്ചിത്രകാരൻ പോൾ കോക്‌സ് (76) അന്തരിച്ചു. കാൻസർ രോഗബാധിതനായ കോക്‌സ് ഏറെക്കാലമായി ചികിത്സയിലായിരുന്നു.1940ൽ നെതർലൻഡിൽ ജനിച്ച കോക്‌സ് 1963ൽ ഓസ്‌ട്രേലിയയിൽ എത്തിയതോടെയാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്. ഇന്നസെൻസ്,മാൻ ഓഫ് ഫഌവേഴ്‌സ്,നിജിൻസ്‌കി,എ വുമൺസ് ടേൽ എന്നിവയാണ് പ്രധാന സിനിമകൾ.
”കോക്‌സിനെ പോലെ വേറൊരാളില്ല,അദ്ദേഹം അതിവിശിഷ്ടനാണ്.അദ്ദേഹത്തെ പോലെയുള്ളവരെയാണ് നമുക്കാവശ്യം”- ഡേവിഡ് വെൻഹാമിന്റെ ഈ വാക്കുകൾ മാത്രം മതി പോൾ കോക്‌സെന്ന വിഖ്യാത ചലച്ചിത്രകാരന്റെ പ്രതിഭയെ അറിയാൻ.മലയാള ചലച്ചിത്രപ്രേമികൾക്ക് കോക്‌സ് വെറുമൊരു
വിദേശചലച്ചിത്രകാരനല്ല.ഇന്ത്യൻ സിനിമകളെ ആകാംക്ഷയോടെ നോക്കിക്കണ്ട,ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിച്ച,ഇന്ത്യയെക്കുറിച്ചുള്ള ഓർമ്മകളെ ഗൃഹാതുരതയോടെ താലോലിച്ച വ്യക്തിയായിരുന്നു.
സിനിമയുടെ കച്ചവടവഴികളോട് സമരസപ്പെടാൻ അദ്ദേഹം തയ്യാറായിരുന്നില്ല.കണ്ടുവളർന്ന സിനിമകളിൽ നിന്ന് വേറിട്ട വഴികളിലായിരുന്നു കോക്‌സ് സിനിമകളുടെ യാത്ര. അതുകൊണ്ട് തന്നെ അന്താരാഷ്ട്രചലച്ചിത്രമേളകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അദ്ദേഹത്തിന്റെ സിനിമകൾ.നിരൂപകപ്രശംസകളും അവാർഡുകളും വാരിക്കൂട്ടി അദ്ദേഹം മടങ്ങുമ്പോൾ ആ സ്ഥലവും അദ്ദേഹത്തിന്റെ മന്‌സസിനൊപ്പം ചേർന്നിട്ടുണ്ടാവുമെന്നത് അനുഭവം.

പതിനേഴാമത് കേരള രാജ്യാന്തരചലച്ചിത്രോത്സവത്തിന്റെ ജൂറിയായി എത്തിയ പോൾ കോക്‌സ് തിരികെപോവുമ്പോൾ മലയാളത്തിന് ഒരു വാഗ്ദാനം നല്കി. കേരളത്തിൽ ഒരു സിനിമ ചിത്രീകരിക്കും. ആ വാഗ്ദാനം ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി എന്ന അദ്ദേഹത്തിന്റെ അവസാന ചിത്ത്രതിലൂടെ നിറവേറ്റി.കേരളത്തിൽ ചിത്രീകരിച്ചു എന്നതിനപ്പുറം പല മലയാള സിനിമാ പ്രവർത്തകരെയും ആ ചിത്ത്രതിനൊപ്പം കൂട്ടി. ഡോ.ഓമനക്കുട്ടി പാടിയ ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ടുപാട്ടും മോഹിനിയാട്ടവും ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തി.’ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി ‘ആത്മകഥാംശമുള്ള ചിത്രമാണെന്ന് പിന്നീട് കോക്‌സ് വെളിപ്പെടുത്തിയതും ചർച്ചകൾക്ക് വഴിവച്ചു.

നല്ല സിനിമകൾ മൂന്നാംലോക രാജ്യങ്ങളിൽ നിന്നേ ഉണ്ടാവൂ എന്ന് കോക്‌സ് ഉറച്ചു വിശ്വസിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാൻ കോക്‌സ് എപ്പോഴും ശ്രമിച്ചിരുന്നു. ആസ്‌ത്രേലിയയാണ് സ്വന്തം തട്ടകമെങ്കിലും ലോകമെമ്പാടും അദ്ദേഹത്തിന്റെ സിനിമകൾക്ക് വൻ സ്വീകാര്യത ലഭിച്ചതും വേറിട്ട ആ വ്യക്തിപ്രഭാവവും പ്രതിഭയും കൊണ്ടു തന്നെ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE