കെജിരിവാളിന്റെ വസതിയ്ക്ക് മുന്നിൽ ബിജെപി എംപിയുടെ നിരാഹാരം രണ്ടാം ദിവസത്തിലേക്ക്

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ വസതിയ്ക്ക് മുന്നിൽ ബി ജെ പി എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്.

കിഴക്കൻ ഡെൽഹി എംപി മഹേഷ് ഗിരിയാണ് സിവിൽ ലൈനിലുള്ള കെജിരിവാളിന്റെ വീടിനുമുന്നിൽ സമരം നടത്തുന്നത്. ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ ഓഫീസർ എംഎം ഖാന്റെ കൊലപാതകത്തിൽ മഹേഷിന് പങ്കുണ്ടെന്ന കെജിരിവാളിന്റെ ആരോപണം തെളിയിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം.

എംഎം ഖാന്റെ കൊലയിൽ ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് കരൺ സിങ് തൻവാറിനും മഹേഷ് ഗിരിക്കും പങ്കുണ്ടെന്ന് കെജിരിവാൾ ആരോപിച്ചിരുന്നു. കേസിൽ ഇവരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കാണിച്ച് കെജിരിവാൾ ലഫ്. ഗവർണർ നജീബ് ജങ്കിന് കത്തും നൽകിയിരുന്നു.

ഇതിൽ കെജിരിവാൾ പൊതു ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മഹേഷ് ഗിരി ആവശ്യ പ്പെട്ടിരുന്നു. ജൂൺ 16 ന് തനിക്കെതിരായ തെളിവുകൾ കോൺസ്റ്റിറ്റിയൂഷൻ കഌബിൽ വെച്ച് പരസ്യപ്പെടുത്താൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വ്യക്ത മായ തെളിവുകൾ നൽകിയാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും ഇല്ലെങ്കിൽ കെജിരിവാൾ രാജിവെക്കണമെന്നും മഹേഷ് ഗിരി ആവശ്യപ്പെട്ടു.

ന്യൂ ഡെൽഹി മുൻസിപ്പൽ കൗൺസിൽ ഓഫീസർ എം എം ഖാൻ മേയ് 16 നാണ് ജാമിയ നഗറിൽ വെടിയേറ്റ് മരിച്ചത്.

NO COMMENTS

LEAVE A REPLY