” നിസ്കരിക്കാൻ പോയി മടങ്ങിയ എന്നെ അതി ക്രൂരമായി മർദിച്ചു”- കെ.എസ്.യു. ക്കാർക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി ആരിഫ് 

തിരുവനന്തപുരം കിളിമാനൂർ പള്ളിക്കൽ ഹൈസ്‌കൂളിൽ പഠിപ്പുമുടക്കിന് വിസമ്മതിച്ച അധ്യാപകനെ കെ.എസ്.യുക്കാർ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ അധ്യാപകന് പറയാനുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. നോമ്പ് അനുഷ്ഠിക്കുന്നതിന്റെ ഭാഗമായി ഉച്ചയ്ക്ക് പള്ളിയിൽ പോയി നിസ്‌കരിച്ചു വന്നപ്പോഴാണ് സ്‌കൂൾ മുറ്റത്ത് ഒരു സംഘമാളുകൾ ആക്രമണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് അധ്യാപകൻ ആരിഫ് പറയുന്നു. “സ്‌കൂൾ പിടിഎ പ്രസിഡന്റിനെ സംഘം ചേർന്ന് അവർ മർദ്ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ചെന്ന എന്നെയും  മർദ്ദിച്ചു.  സമരത്തെ എതിർത്തതാണ് അതിക്രൂരമായി മർദിക്കാൻ കാരണം.വലയുകൈയ്ക്ക് ഒടിവുണ്ട്. പല്ലുകൾ പോയതിനു പുറമേ തലയ്ക്കും നടുവിനും സാരമായി പരിക്കേറ്റു. ” അധ്യാപകൻ ട്വന്റിഫോർ ന്യൂസിനോട്  പറഞ്ഞു.

” ഉച്ചയോടെ സ്‌കൂളിലേക്ക് എത്തിയ കെ.എസ്.യുക്കാരെന്ന് അവകാശപ്പെടുന്ന സംഘം വിദ്യാർഥികൾ ഉൾപ്പെട്ടതായിരുന്നില്ല. എല്ലാവരും 25 വയസ്സിനു മേൽ പ്രായമുള്ളവരാണെന്നാണ്  നിഗമനം. ഇവരാരും സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിലുള്ളവരല്ല. വർക്കല ഭാഗത്തുനിന്നോ മറ്റോ കൊണ്ടുവന്ന പ്രൊഫഷണൽ ഗുണ്ടകളാണോ എന്ന് സംശയമുണ്ട്. ” ആരിഫ് വിവരിക്കുന്നു. ഗുരുതര പരിക്കുകളെ തുടർന്ന് വിശ്രമത്തിലാണ് അദ്ദേഹം. പല്ലിന്റെ പരിക്കുകൾക്കായി ദന്ത വിഭാഗത്തിന്റെ വിദഗ്ധ പരിശോധനകൾക്കായി റെഫർ ചെയ്തിരിക്കുകയുമാണ്.

നാലു  വാഹനങ്ങളിലായാണ് ഇവർ സ്‌കൂളിലേക്കെത്തിയത്. ഇതിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നു. ഒരു ഇന്നോവയും ,  ടാറ്റാ സുമോയും , ടാറ്റാ സഫാരിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുതിക്കൂട്ടി നടത്തിയ  ആക്രമണമാണ് നടന്നതെന്ന് വിശ്വസിക്കുന്നതായും അധ്യാപകൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഒരു സ്‌കൂളിൽ പട്ടാപ്പകൽ പുണ്യ നാളുകളിൽ നടന്ന അക്രമങ്ങൾക്കെതിരെ രാഷ്ട്രീയ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE