സംഗീതമേ അമരസല്ലാപമേ…

ഇന്ന് ലോകസംഗീതദിനം

”ജപകോടിഗുണം ധ്യാനം
ധ്യാനകോടിഗുണം ലയം
ലയകോടിഗുണം ഗാനം
ഗാനാത്പരതരം നഹി”

ഒരു കോടി തവണ ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാനത്തിലാവുന്നത്. ഒരു കോടി തവണ ധ്യാനിക്കുന്നതിന് തുല്യമാണ് ഒരു തവണ ലയിക്കുന്നത്. ഒരു കോടിതവണ ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്.അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല!!
സംഗീതത്തിന്റെ മഹത്വം ഈ വരികളിൽ നിന്നു തന്നെ മനസ്സിലാക്കാം.സംഗീതത്തിനപ്പുറം വേറൊന്നുമില്ല. ദേശമോ ഭാഷയോ ജാതിയോ മതമോ വർണമോ ഒന്നും സംഗീതത്തിന് അതിർവരമ്പാവുന്നില്ല.കേൾക്കുന്നവരിൽ സന്തോഷവും സങ്കടവും ഉണ്ടാക്കാനും മനസ്സിനു ശാന്തിയും സമാധാനവും നൽകാനും പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും മനസ്സിലെ പ്രണയത്തെ ഉണർത്താനും ശക്തിയുള്ളതാണ് സംഗീതം.

”സംഗീത ജ്ഞാനമു ഭക്തിവിനാ
സന്മാർഗമു ഗലദേ മനസാ”

ത്യാഗരാജസ്വാമികൾ ധന്യാസിയിൽ ചിട്ടപ്പെടുത്തിയ ഈ കൃതിയാണ് സംഗീതദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. സംഗീതത്തെക്കുറിച്ചുള്ള അറിവ് പൂർണതയിലെത്തിക്കാൻ അതിനെ ഭക്തിയോടെ ഉപാസിക്കുന്ന മനസ്സാണ് വേണ്ടത്.ഭക്തിയും സംഗീതവും ഒന്നിച്ചുചേരുന്ന അനിവാച്യമായ അനുഭൂതിയാണത്.ഏതു തരം സംഗീതവുമായ്‌ക്കോട്ടെ-പോപ്,ഘരാനാ,ഗസൽ,ഖവാലി,കർണാടിക്,സിനിമാറ്റിക്-അത് മനസ്സിനെ ആന്ദിപ്പിക്കുമ്പോഴാണ് പൂർണമാവുന്നത്.

നല്ല സംഗീതം തെരഞ്ഞെടുക്കാൻ വരും തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ കടമയാണ്. അർഥസംപുഷ്ടമായ വരികളും ഹൃദ്യമായ ഈണവും കൂടിച്ചേരുമ്പോൾ ശുദ്ധസംഗീതം ഉണ്ടാവുന്നു.ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ ഇന്ന് സംഗീതദിനം ആഘോഷിക്കുമ്പോൾ നല്ല സംഗീതമെന്ന ആശയം പുതുതലമുറയിലേക്കും എത്തട്ടെ എന്ന് പ്രത്യാശിക്കാം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE