സ്‌പോർട്‌സ് കൗൺസിൽ ഭരണസമിതി യോഗം തിരുവനന്തപുരത്ത്; അഞ്ജു ബോബി ജോർജ് രാജിവച്ചേക്കും

 

അഞ്ജു ബോബി ജോർജ് സ്‌പോർട്‌സ് കൗൺസിൽ സ്ഥാനം രാജിവയ്ക്കും.ഇപ്പോൾ നടക്കുന്ന സ്‌പോർട്‌സ് കൗൺസിൽ ഭരണസമിതി യോഗത്തിൽ രാജിസന്നദ്ധത അറിയിക്കുമെന്നാണ് സൂചന.ടോം ജോസഫ് അടക്കമുള്ള ഭരണസമിതി അംഗങ്ങളും രാജി വച്ചേക്കും.

കായികമന്ത്രി ഇ.പി.ജയരാജനും അഞ്ജു ബോബി ജോർജും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായതിനു ശേഷം ആദ്യമായാണ് യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിയ അഞ്ജു മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.യോഗശേഷം പ്രതികരിക്കാം എന്ന പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

മന്ത്രി തന്നോട് മോശമായി പെരുമാറിയെന്ന അഞ്ജുവിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. അഞ്ജു അടക്കമുളള സ്‌പോർട്‌സ് കൗൺസിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറുകയായിരുന്നു എന്നാണ് അഞ്ജു പറഞ്ഞത്.എല്ലാവരും കാത്തിരുന്നു കണ്ടോളൂ എന്ന് അദ്ദേഹം ഭീഷണി മുഴക്കിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ,തൊട്ടുപിന്നാലെ ഇതെല്ലാം നിഷേധിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു.

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പുനസംഘടിപ്പിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്.അഞ്ചു വർഷത്തിലൊരിക്കൽ സർക്കാരിനു കൊൺസിൽ പുനസംഘടിപ്പിക്കാമെന്ന കായികനിയമത്തിലെ വ്യവസ്ഥയുടെ ചുവട് പിടിച്ചാണ് നീക്കങ്ങൾ നടത്തുന്നത്.

NO COMMENTS

LEAVE A REPLY