Advertisement

മാറുന്ന ഗൾഫ് യുവത,സാമ്പത്തിക രംഗം

June 24, 2016
Google News 1 minute Read

കെ എം അബ്ബാസ്‌ /കിഴക്കിന്റെ മധ്യത്ത്

ഗൾഫ് രാജ്യങ്ങൾ മാറ്റത്തിന്റെ പാതയിലാണ്. സാമൂഹിക,സാമ്പത്തിക,സാംസ്കാരിക മേഖലയിലാകെ മാറ്റമുണ്ട്. തദ്ദേശ വാസികൾ സ്വകാര്യ സ്ഥാപനങ്ങളിലെ ചെറിയ ജോലികളിൽ വരെ ഏർപെടാൻ തുടങ്ങിയിരിക്കുന്നു.സഊദി അറേബ്യയിൽ ഈ മാറ്റം പ്രകടം .മൊബൈൽ ഫോൺ വിൽകുന്ന കടകളിൽ ഒരാളെങ്കിലും തദ്ദേശീയ യുവാവായിരിക്കും. എല്ലാ മതങ്ങളെയും ബഹുമാനത്തോടെ കാണുന്ന സമീപനവും ഇപ്പോഴുണ്ട് .തീവ്ര വാദം അപകടകരം ആണെന്ന് അവർ തിരിച്ചറിയുന്നു . ആധുനിക ജീവിത രീതിയെ പറ്റെ ഒഴിവാക്കുന്നുമില്ല .

സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ യുവതികളാണ് മുന്നിൽ. തുറന്ന സമൂഹം യാഥാർത്ഥ്യം ആയിക്കൊണ്ടിരിക്കുന്നു.

dubai 5

ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അടുത്ത അഞ്ചു വർഷം നിർണായകം . സമ്പദ്ഘടനയിൽ സമൂല മാറ്റമാണ് വരാൻപോകുന്നത്. എണ്ണ ആശ്രിതമല്ലാത്ത, വൈവിധ്യതകൾ ഏറെയുള്ള, ഒന്നായിരിക്കും കമ്പോളം. അതിന്റെ പ്രതിഫലനം എല്ലാ മേഖലകളിലും അനുഭവപ്പെടും. ജനങ്ങളുടെ ജീവിതശൈലി പറ്റേമാറും. ആഗോള വിപണിയിൽ വില ഇടക്കിടെ ചാഞ്ചാടുന്നതിനാലും ബദൽ ഊർജ വഴികൾ വ്യാപകമാകുന്നതിനാലും എണ്ണയെ അടിസ്ഥാനമാക്കി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ദുരന്തമാണെന്ന് ഗൾഫ് ഭരണകൂടങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഏതാണ്ട്, നൂറു വർഷം എണ്ണവിറ്റ് വികസന പ്രവർത്തനങ്ങൾ അനുസ്യൂതം നടപ്പാക്കി. നിരവധി പുതിയ നഗരങ്ങൾ സ്ഥാപിച്ചു. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കഴിഞ്ഞ വർഷം എണ്ണവില കുത്തനെ താഴ്ന്നപ്പോൾ ഏവരും അങ്കലാപ്പിലായി. ഇപ്പോൾ, അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 55 ഡോളറിലധികം ആയിട്ടുണ്ടെങ്കിലും തിരിച്ചടി ഇനിയും ഉണ്ടായിക്കൂടെന്നില്ല. കഴിഞ്ഞ ദിവസം ഡോളർ ശക്തിപ്പെട്ടപ്പോൾ എണ്ണവില വീണ്ടും കുറഞ്ഞു. അത് കൊണ്ട്, വിനോദ സഞ്ചാരം, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് ഊന്നൽ നൽകിയുള്ള സാമ്പത്തിക കാഴ്ചപ്പാടാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

dubai 3

ഇതിന് പുറമെ ഭരണകൂടങ്ങളുടെ ധനാഗമന മാർഗം ശക്തിപ്പെടുത്താൻ ഉൽപന്നങ്ങൾക്ക് മൂല്യവർധിത നികുതി അടക്കം ആലോചനയിലുണ്ട്. ആഢംബര ഉൽപന്നങ്ങൾക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയാൽ ആഭ്യന്തരോൽപാദനം 1.5 ശതമാനം ഉയർത്താമെന്നാണ് കണക്കുകൂട്ടൽ. അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും രാജ്യാന്തര നാണയ നിധി നിർദേശിക്കുന്നു. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ‘സബ്‌സിഡി’കൾ ഉപേക്ഷിക്കാൻ ആജ്ഞാപിക്കുന്നു. എന്നാൽ, യുവജനങ്ങൾ ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്ന സാമൂഹികാന്തരീക്ഷം ഇല്ലായ്മ ചെയ്യാൻ സബ്‌സിഡികൾ നിലനിർത്തണമെന്നാണ് മറ്റൊരു കൂട്ടം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, മൂല്യവർധിത നികുതി (വാറ്റ്) ഗൾഫ് രാജ്യങ്ങൾ കൂട്ടായി തീരുമാനിച്ചതാണ്. 2018 ഓടെ ഇത് ചില ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ബാധകമാക്കുമെന്ന് യു.എ.ഇ. ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽഖൂറി അറിയിച്ചു.

    ലോകത്തെയാകെ ആകർഷിക്കാൻ പോന്ന കാഴ്ചകളും സൗകര്യങ്ങളും  ഒരുക്കുന്നതിൽ ഭരണാധികാരികൾ വിജയിച്ചതിലാണ് ദുബൈ നിവാസികളുടെ ഏക  ആത്മവിശ്വാസം.

നികുതിയില്ലാത്ത, സ്വതന്ത്രവിപണിയായ ഗൾഫ് നഗരങ്ങളിലേക്ക് ഉപഭോക്താക്കൾ വൻതോതിൽ ആകർഷിക്കപ്പെട്ടിരുന്നു. ഏറ്റവും ഗുണം ലഭിച്ചത് ദുബൈക്കാണ്. ആഢംബര ഉൽപന്നങ്ങൾക്ക് ഏഷ്യയും ആഫ്രിക്കയും ഉറ്റുനോക്കിയത് ദുബൈയെ. മികച്ച വിമാനത്താവളവും തുറമുഖവും ഉൾപടെ ഏറ്റവും നവീനമായ പശ്ചാത്തല സൗകര്യങ്ങളുള്ളതിനാൽ ജി സി സി രാജ്യങ്ങളിലേക്കുള്ള പുനഃകയറ്റുമതി കേന്ദ്രവും ദുബൈ ആയി. നികുതി നിർദേശം യാഥാർഥ്യമാകുമ്പോൾ നിലവിലെ പ്രഭാവത്തിന് ഇടിവു വരുമോയെന്ന് പലരും സംശയിക്കുന്നു. ദുബൈ കമ്പോളത്തെ ആശ്രയിച്ച് വിദൂര ദിക്കുകളിൽ പോലും കയറ്റിറക്കുമതി നടക്കുന്നുണ്ട്. അതിന് ഊനം തട്ടാതിരിക്കട്ടെയെന്നാണ് ഏവരുടെയും പ്രാർഥന.

ദുബൈയുടെ ചുവടുപിടിച്ചു മുന്നേറാനാണ് ജി സി സിയിലെ മറ്റു നഗരങ്ങൾ ശ്രമിക്കുന്നത്.

ലോകത്തെയാകെ ആകർഷിക്കാൻ പോന്ന കാഴ്ചകളും സൗകര്യങ്ങളും ഒരുക്കുന്നതിൽ ഭരണാധികാരികൾ വിജയിച്ചതിലാണ് ദുബൈ നിവാസികളുടെ ഏക  ആത്മവിശ്വാസം.പുതിയ ഉപനഗരങ്ങൾ ധാരാളം ഉയർന്നുവരുന്നതും ദീർഘകാലം താമസിക്കാൻ റിയൽ എസ്റ്റേറ്റ് വിസാ നിയമങ്ങൾ ഉദാരീകരിച്ചതും പ്രതീക്ഷ നൽകുന്ന വസ്തുതകളാണ്. ഇന്ത്യയിൽ നിന്നടക്കം ധാരാളം ആളുകൾ ദുബൈയിലെത്തി, ദീർഘകാലത്തേക്ക് ഫ്‌ളാറ്റോ വില്ലയോ വാങ്ങുന്നുണ്ട്. അതിനനുസൃതമായി നഗരത്തിന്റെ ഊർജസ്വലത തുടരും.

dubai 1

ദുബൈയുടെ ചുവടുപിടിച്ചു മുന്നേറാനാണ് ജി സി സിയിലെ മറ്റു നഗരങ്ങൾ ശ്രമിക്കുന്നത്. ദോഹയും ജിദ്ദയുമൊക്കെ പശ്ചാത്തല സൗകര്യവികസനത്തിന് ഏറെ പ്രാധാന്യം നൽകി. വൻതോതിൽ നിക്ഷേപം നടത്തുന്നു. കഴിഞ്ഞ വർഷം 3,000 കോടി ഡോളറിന്റെ നിർമാണമാണ് ദോഹ വിഭാവനം ചെയ്തത്. അശ്ഗാൽസ് എക്‌സ്പ്രസ് വേ, മശീറബ് റിയൽ എസ്റ്റേറ്റ്, അൽ ഖറാന പെട്രോ കെമിക്കൽ കോംപ്ലക്‌സ്, ദോഹ മെട്രോ തുടങ്ങിയ പദ്ധതികൾ വേഗത്തിൽ പൂർത്തിയാകും. 2022 ലോകകപ്പ് ഫുട്‌ബോൾ ദോഹയിൽ നടക്കുന്നതിന് മുന്നോടിയായി വികസനങ്ങൾ ഇനിയും ഉണ്ടാകും. ഗതാഗതം, വിവരവിനിമയം എന്നീ മേഖലകളിൽ 4,380 കോടി ഡോളറിന്റെ വികസനമാണ് സഊദി അറേബ്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും ജിദ്ദക്കാണ് ലഭിക്കുക. ജിദ്ദയിൽ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവള നിർമാണം പുരോഗമിക്കുന്നു. ഒന്നാം ഘട്ടം ഏതാണ്ട് പൂർത്തിയായിരിക്കുന്നു. 150 കോടി ഡോളറാണ് ചെലവു ചെയ്യുന്നത്. മദീനയിലെ രണ്ടു ലക്ഷം പേരെ ഉൾക്കൊള്ളുന്ന വൈജ്ഞാനിക സാമ്പത്തിക ഉപനഗരം നിർമാണത്തിലാണ്. അഞ്ചു വർഷത്തിനകം നിരവധി പുതിയ നഗരങ്ങൾ ഉദയം ചെയ്‌തേക്കും. ജിദ്ദക്ക് സമീപം റാബിഗിൽ കിംഗ് അബ്ദുല്ല എക്കോണോമിക് സിറ്റി അതിലൊന്നായിരിക്കും. 16.8 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ നഗരം. 2,700 കോടി ഡോളറാണ് നിർമാണച്ചെലവ്. ഇവിടെ 20 ലക്ഷം പേർ താമസത്തിനെത്തും. 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

dubai 2

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ ആകർഷിക്കാൻ താമസവിസാ നിയമത്തിലെന്നപോലെ, പൗരബോധത്തിലും പെരുമാറ്റച്ചട്ടങ്ങളിലും കാലോചിതമായ മാറ്റം അനിവാര്യമായിരിക്കും. പാശ്ചാത്യ, പൗരസ്ത്യ, അറബ് സ്വഭാവ വിശേഷങ്ങളുടെ സങ്കലനമായിരിക്കും സമൂഹത്തിൽ കാണാനാകുക. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപകമായിരിക്കും.

അപ്പോൾ, പരമ്പരാഗത മൂല്യബോധത്തിന് ഇടിവ് സംഭവിക്കുമോയെന്ന് ചിലരെങ്കിലും ഭയക്കുന്നു. ഇപ്പോൾ തന്നെ, സാമൂഹിക മാധ്യമങ്ങൾ വഴി, വലിയ പരിവർത്തനമാണ്, യുവജനങ്ങളുടെ കാഴ്ചപ്പാടിലും ജീവിത രീതിയിലും ഉണ്ടായിരിക്കുന്നത്. പഴയ തലമുറക്ക് പലതും ഉൾക്കൊള്ളാനാകുന്നില്ല. ആനിലയിൽ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സുനാമിയാണ് വരാൻപോകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here