‘അമ്മ’ യോഗം ;സലീംകുമാറിന് ആരോഗ്യപ്രശ്‌നങ്ങൾ ;ജഗദീഷിന്റെ അസാന്നിധ്യത്തിലും അസ്വാഭാവികത ഇല്ല ;സംഘടനയിൽ തർക്കങ്ങളൊന്നുമില്ലെന്നും ഇന്നസെന്റ്

 

 

‘അമ്മ’യിൽ നിലവിൽ തർക്കങ്ങളൊന്നുമില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ്.വാർഷിക പൊതുയോഗത്തിൽ സലീംകുമാർ പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ്.ജഗദീഷ് കഴിഞ്ഞ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും ഇത് തർക്കത്തിന്റെ ഭാഗമായി കാണേണ്ടതില്ലെന്നും ഇന്നസെന്റ് അറിയിച്ചു.സലീംകുമാർ രാജിക്കത്ത് നല്കിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംഘടന.യോഗത്തിൽ പങ്കെടുക്കില്ലെന്ന് കാട്ടി സലീംകുമാർ ലീവ് ലെറ്റർ നല്കിയതായി വൈസ് പ്രസിഡന്റ് ഇടവേള ബാബു അറിയിച്ചു. വാർഷിക പൊതുയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

അമ്മയുമായി ഇടഞ്ഞ് നിന്നിരുന്ന സലീംകുമാറിനെ ജനറൽ സെക്രട്ടറി മമ്മൂട്ടിയുടെ നേതൃത്വത്തിൽ അനുനയിപ്പിച്ചതായാണ് വിവരം. പത്തനാപുരത്ത് ഗണേഷ്‌കുമാറിനു വേണ്ടി താരങ്ങൾ പ്രചരണത്തിനു പോയതിൽ പ്രതിഷേധിച്ചായിരുന്നു സലീംകുമാറിന്റെ രാജി. രാജിക്കത്ത് വാട്ട്‌സ് ആപ്പിലൂടെ മമ്മൂട്ടിക്ക് നല്കിയതായും അന്ന് സലീംകുമാർ പറഞ്ഞിരുന്നു.

അർബുദരോഗ നിയന്ത്രണത്തിനായി ഗ്രാമീണമേഖല കേന്ദ്രീകരിച്ച് സേവനപ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി.ഇതിനായി മാമോഗ്രാം ഉൾപ്പടെയുള്ള സംവിധാനങ്ങളോട് കൂടിയ പ്രത്യേക വാഹനം സജ്ജീകരിക്കും.ഡോ.വിപി ഗംഗാധരൻ ഉൾപ്പടെയുള്ള അർബുദരോഗ വിദഗ്ധരുടെ നിർദേശങ്ങൾക്കനുസരിച്ചാവും സംഘടനയുടെ ആതുരസേവനരംഗത്തെ പ്രവർത്തനങ്ങൾ.

NO COMMENTS

LEAVE A REPLY