ഫേസ്ബുക്കിൽ ഇത് ‘കുത്തിപ്പൊക്കൽ’ കാലം!!

 

സോഷ്യൽ മീഡിയ ട്രോളിംഗിന്റെ പുതിയ രൂപമായ ‘കുത്തിപ്പൊക്കൽ’ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ ട്രെൻഡ്.രാഷ്ട്രീയനേതാക്കൾക്കെതിരെ മുമ്പ് പരീക്ഷിച്ച് വിജയിച്ചതാണ് ഈ തന്ത്രം.നിലപാടുകൾ മാറ്റിപ്പറയുന്ന നേതാക്കളുടെ പഴയ പ്രസ്താവനകൾ ഫേസ്ബുക്കിൽ പോസ്റ്റ് രൂപത്തിലുണ്ടെങ്കിൽ അവ കുത്തിപ്പൊക്കി പണി കൊടുക്കുന്ന രീതി.

ഇപ്പോൾ പക്ഷേ കഥ മാറി. ഫേസ്ബുക്കിലെ ഏത് സാധാരണക്കാരനും ഈ കുത്തിപ്പൊക്കൽ ട്രോളിംഗിന് ഇരയാവാം.പഴയ ചിത്രങ്ങളും,പണ്ട് പോസ്റ്റ് ചെയ്ത സ്റ്റാറ്റസുകളും ഇപ്പോഴും ഫീഡിൽ എത്തിച്ച് കളിയാക്കിക്കുക എന്നതാണ് പുതിയ രീതി!! ഏറെ തമാശയും അല്പം ഗൗരവവും ഈ കുത്തിപ്പൊക്കലിനുണ്ടാവും എന്ന് സാരം.

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ കാലത്തെ നിങ്ങളുടെ ഫോട്ടോ ഇപ്പോൾ ന്യൂസ് ഫീഡിലെത്തിയാൽ എങ്ങനെയുണ്ടാവും? സുഹൃത്തുക്കൾ പൊങ്കാലയിടുമെന്ന് ഉറപ്പല്ലേ. ഈ കുത്തിപ്പൊക്കൽ ട്രോളിംഗിന് ഇരകളായി വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത സുന്ദരൻ/സുന്ദരി ഇമേജ് തകർന്നവർ നിരവധിയുണ്ടെന്നാണ് വിവരം.

ഇങ്ങനെ ട്രോളിംഗിന് വിധേയരായവർ തിരിച്ചും അതേ പണി കൊടുത്തുതുടങ്ങുമ്പോൾ ചെയിൻ റിയാക്ഷൻ പോലെയാവും അവസ്ഥ. പഴയ ഫോട്ടോകൾ കുത്തിപ്പൊക്കപ്പെട്ടതു വഴി വീണ്ടും കുഞ്ഞുണ്ടായോ എന്ന ചോദ്യം അഭിമുഖീകരിച്ചവർ വരെയുണ്ട്.പഴയ ഫോട്ടോയാണ് ഫീഡിൽ വന്നതെന്ന് ശ്രദ്ധിക്കാതെ അഭിനന്ദനം അറിയിക്കുന്നവർക്ക് സംശയം തോന്നുക സ്വാഭാവികമല്ലേ. ഇത്തരം കുത്തിപ്പൊക്കലുകൾ കാരണം ലൈക്ക്,കമന്റ് നോട്ടിഫിക്കേഷനുകൾ കുമിഞ്ഞ്കൂടിസ്മാർട്ട് ഫോൺ ഹാങ്ങായി പണികിട്ടുന്നവരുമുണ്ട്.

ഈ കുത്തിപ്പൊക്കലിൽ നിന്ന് രക്ഷപെടാൻ ഒരു വഴിയേ ഉള്ളൂ. ഫോട്ടോകളുടെ പ്രൈവസി സെറ്റിംഗ്‌സ് മാറ്റുക.ഇവ ആർക്കൊക്കെ കാണാം എന്ന ഓപ്ഷൻ ഒൺലി മീ എന്നാക്കുക. ചിലപ്പോൾ,ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ നിങ്ങളോ സുഹൃത്തുക്കളോ ഈ കുത്തിപ്പൊക്കൽ മാഫിയയ്ക്ക് ഇരകളാവുന്നുണ്ടാവും.അതുകൊണ്ട് ജാഗ്രതൈ!!

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews